കൊച്ചി: പാര്‍ട്ടി എംഎല്‍എയ്ക്കും ജില്ലാ സെക്രട്ടറിക്കുമടക്കം പരിക്കേറ്റ എറണാകുളം ലാത്തിചാര്‍ജിനെ കുറിച്ച് അന്വേഷിക്കാന്‍ സിപിഐ മൂന്നംഗ കമ്മിഷനെ നിയോഗിച്ചു. അതേസമയം ലാത്തി ചാര്‍ജ്ജ് അന്വേഷിച്ച ജില്ലാ കളക്ടറുടെ റിപ്പോര്ട്ടിന്മേലുള്ള നടപടി തീരുമാനിക്കാന്‍ സിപിഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്തു.
സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും എല്‍ദോ എബ്രഹാം എംഎല്‍എയും അടക്കമുളള നേതാക്കള്‍ക്ക് പരിക്കേറ്റ ലാത്തി ചാര്‍ജ്ജിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന എക്സിക്യൂട്ടീവാണ് മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. കെപി രാജേന്ദ്രന്, പിപി സുനീര്‍, വി ചാമുണ്ണി എന്നിവരാണ് അംഗങ്ങള്‍. സിഐ ഓഫീസിലേക്ക് നിശ്ചയിച്ച മാര്‍ച്ച് ഐ ജി ഓഫീസിലേക്ക് മാറ്റാനുളള തീരുമാനം, ലാത്തി ചാര്‍ജ്ജിലേക്ക് നയിച്ച സാഹചര്യം എന്നിവ അന്വേഷിക്കും.
Also Read: UDF മന്ത്രിമാരുടെ എണ്ണത്തെ വിമര്‍ശിച്ചു; ഇപ്പോള്‍ അതുക്കും മേലെ LDF സര്ക്കാര്ഇക്കാര്യത്തില് സംസ്ഥാന സെക്രട്ടറി നടത്തിയ പ്രതികരണങ്ങളും കമ്മീഷന് പരിഗണനയില്‍ വരും. കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടി. പ്രധാന നേതാക്കള്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കാനം രാജേന്ദ്രന്റെ പ്രതികരണം പാര്‍ട്ടി സെക്രട്ടറിക്ക് യോജിച്ചതായിരുന്നില്ല എന്ന വിമര്‍ശം യോഗത്തില്‍ ഉയര്‍ന്നു. മാധ്യമ ശ്രദ്ധ നേടാനും അതുവഴി ഹീറോ ആകാനുമുളള പി രാജുവിന്റെ ശ്രമങ്ങളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് കാണിച്ച് സംസ്ഥാന കമ്മിറ്റിക്ക് ഒരു വിഭാഗം നേതാക്കള്‍ കത്ത് നല്‍കിയിട്ടുമുണ്ട്.
സിപിഐ സര്‍ക്കാരിന്റെ ഭാഗമാണെന്ന് പോലും ഓര്‍ക്കാതെയാണ് ഡിഐജി ഓഫീസ് മാര്‍ച്ച് നടത്തിയത്. യുവജന വിഭാഗം നേതാക്കളെ സംഘടിപ്പിച്ച് അകാരണമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്നും പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി സമരത്തില്‍ പങ്കെടുക്കേണ്ടെന്ന് ഏകപക്ഷീയമായി പി രാജു തീരുമാനിച്ചുവെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കൗണ്‍സിലോ എക്സിക്യുട്ടീവോ വിളിച്ചില്ലെന്നും കത്തില്‍ പറയുന്നു.
ഇതിനിടെയാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ആലോചിക്കാന്‍ സിപിഎം- സിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐയില്‍ നിന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി ഇ ചന്ദ്രശേഖരനുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.