തിരുവനന്തപുരം: വനം കൊള്ള കേസിൽ വിശദമായ ചർച്ചയ്ക്ക് സിപിഐ. വിവാദം ചർച്ചചെയ്യാൻ സിപിഐ നേതൃയോഗം ഉടൻ ചേരും. ലോക്ക് ഡൗൺ അവസാനിച്ചശേഷം അടുത്തയാഴ്ച തന്നെ യോഗം ചേരാനാണ് ആലോചന. വിവാദത്തിൽ ഇതിൽ വ്യക്തത വേണം എന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്.
വനംകൊള്ള നടക്കുമ്പോൾ വനം വകുപ്പ് മന്ത്രി കെ രാജു ആയിരുന്നു. കൊള്ളയ്ക്ക് കാരണമായ ഉത്തരവിറക്കിയത് പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായ ഈ ചന്ദ്രശേഖരൻ നേതൃത്വം നൽകിയ റവന്യൂ വകുപ്പും. ഉത്തരവ് സദുദ്ദേശ്യപരമായിരുന്നെന്നും തെറ്റായി ഉപയോഗിക്കുന്നു എന്നു തിരിച്ചറിഞ്ഞ നിമിഷം പിൻവലിച്ചു എന്നുമാണ് ഇ.ചന്ദ്രശേഖരൻ വിശദീകരിക്കുന്നത്. തൻ്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുൻ വനം മന്ത്രി കെ.രാജുവും വ്യക്തമാക്കുന്നു. രണ്ടു നേതാക്കളും വിവാദത്തിൽ തങ്ങളുടെ നിലപാട് പാർട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
Also Read-
ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഐ; രാജ്യദ്രോഹ കേസിൽ നിയമസഹായം നൽകും
വനം കൊള്ള വിവാദമായ ശേഷം ഇപ്പോഴത്തെ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചിലപരാമർശങ്ങളിലും സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. താൻ വനം മന്ത്രിയായിരുന്ന സമയത്ത് അല്ല കൊള്ള നടന്നതെന്നാണ് ശശീന്ദ്രൻ ആവർത്തിച്ചു പറയുന്നത്. റവന്യൂ വകുപ്പിൻ്റെ ഉത്തരവ് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാൻ കഴിയുന്നത് ആണെന്നുള്ള ശശീന്ദ്രൻ്റെ പരാമർശത്തിലും സി പി ഐ ക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് സി പി ഐ നേതൃയോഗം ചേരുന്നത്.
വീഴ്ച ഉദ്യോഗസ്ഥതലത്തിലെന്നാണ് സി പി ഐ നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. മന്ത്രിമാരുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നിലപാടിലേക്ക് പാർട്ടി നേതൃത്വം എത്തിച്ചേർന്നത്. എങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ വീഴ്ച കൂടി പരിശോധിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. അതും നേതൃയോഗം വിളിക്കാൻ കാരണമായി.
വനം കൊള്ള: എഡിജിപി എസ് ശ്രീജിത്ത് അന്വേഷണ സംഘത്തെ നയിക്കും
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന വനംകൊള്ള സംബന്ധിച്ച് സമഗ്രാന്വേഷണത്തിനുള്ള സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് നയിക്കും. വനം വകുപ്പിലെയും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ ഉടൻ വിപുലീകരിക്കും. വനംകൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നെന്നും സമഗ്രാന്വേഷണം വേണമെന്നും ഉടൻ റിപ്പോർട്ട് കൈമാറണമെന്നും ചീഫ് സെക്രട്ടറി വി പി ജോയി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുന്നതിനെതിരെ ആക്ഷേപം ഉയരുകയാണ്. അനധികൃത മരംമുറി ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് റദ്ദ് ചെയ്തിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കാത്തത് ഉന്നത ബന്ധത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. വയനാട് മേപ്പാടി റേഞ്ച് ഓഫീസർ സമീറിനെതിരെ വ്യാജ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ ടി സാജനെ വകുപ്പ് ഇപ്പോഴും സംരക്ഷിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.