നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും മരംമുറിക്ക് അനുമതി നല്‍കി; സി.പി.ഐ. നേതൃത്വം പ്രതിക്കൂട്ടില്‍

  ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും മരംമുറിക്ക് അനുമതി നല്‍കി; സി.പി.ഐ. നേതൃത്വം പ്രതിക്കൂട്ടില്‍

  മരംകൊള്ളയ്ക്ക് വഴിയൊരുങ്ങുമെന്ന സ്മിതയുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് മുന്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടപെട്ട് വിവാദ ഉത്തരവിറക്കുന്നത്

  മരംമുറി: സി.പി.ഐ പ്രതിക്കൂട്ടിൽ

  മരംമുറി: സി.പി.ഐ പ്രതിക്കൂട്ടിൽ

  • Share this:
  2020 ഒക്ടോബര്‍ 24ന്റെ വിവാദ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് തന്നെ റവന്യു  വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും മരംമുറിക്ക് അനുമതി നല്‍കിയതില്‍ സി.പി.ഐ. നേതൃത്വം പ്രതിക്കൂട്ടില്‍. ഉത്തരവ് മറയാക്കി മരംകൊള്ള നടന്നെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോള്‍ മുന്നറിയിപ്പ് അവഗണിച്ചതിന്റെ അരഡസനിലധികം റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഇതെല്ലാം തന്നെ റവന്യു വകുപ്പ് കയ്യാളുന്ന സിപിഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. വിവാദ ഉത്തരവിറക്കുന്നതിന് മുമ്പ് ജില്ലാ കളക്ടര്‍മാരില്‍ നിന്ന് അഭിപ്രായം തേടിയപ്പോള്‍ വയനാട് ജില്ലാ കളക്ടര്‍ മരംകൊള്ളയ്ക്കുള്ള സാധ്യത ചൂണ്ടിക്കാണിച്ചങ്കിലും അവഗണിച്ചു.

  ഉത്തരവിറക്കുന്നതിന് മുമ്പ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് വേണ്ടി റവന്യു അണ്ടര്‍ സെക്രട്ടറി ഗിരിജ അഡ്വക്കറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടി കത്ത് അയച്ചിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും നിയമോപദേശം നല്‍കാന്‍ എജി തയ്യാറാകാതെ വന്നതോടെ ഉത്തരവ് ഇറക്കി. എന്നാലിപ്പോള്‍ അവസാനമായി വന്നിരിക്കുന്ന റവന്യു അസിസ്റ്റന്റ് സ്മിത കെ.എസിന്റെ റിപ്പോര്‍ട്ട്  സിപിഐയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നതാണ്.

  മരംകൊള്ളയ്ക്ക് വഴിയൊരുങ്ങുമെന്ന സ്മിതയുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് മുന്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടപെട്ട് വിവാദ ഉത്തരവിറക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഉത്തരവ് ദുരൂപയോഗം ചെയ്‌തെന്ന് ഇ. ചന്ദ്രശേഖരന്‍ സമ്മതിക്കുന്നു.

  എ. ജയതിലകിന്റെ വിവാദ ഉത്തരവില്‍ അടിമുടി ദുരൂഹതകള്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഉദ്യോഗസ്ഥരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് തുടക്കം മുതലുണ്ടായത്. എന്നാല്‍ റവന്യുവകുപ്പ് കയ്യാളിയ സിപിഐയുടെ പങ്ക് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്മിതയുടെ റിപ്പോര്‍ട്ടനുസരിച്ചാണെങ്കില്‍ വനം-റവന്യു നിയമങ്ങളെ കാറ്റില്‍ പറത്തിയാണ് റവന്യു മന്ത്രി ഇടപെട്ട് കടുംവെട്ടിന് നേതൃത്വം നല്‍കിയത്. സിപിഐയുടെ നിര്‍ദേശപ്രകാരമാണ് ഇ. ചന്ദ്രശേഖരന്‍ ഇങ്ങനെയൊരു ഉത്തരവുണ്ടാക്കിയതെന്നും കാനം രാജേന്ദ്രന്‍ മറുപടി പറയണമെന്നും കെ. മുരളീധരന്‍ എം.പി. ആവശ്യപ്പെട്ടു.  വൃക്ഷവില അടച്ചാല്‍ എങ്ങനെ റിസര്‍വ് ആകും? 

  റവന്യുവകുപ്പിന്റെ ഉത്തരവിന്റെ മറവില്‍ മരംകൊള്ള നടക്കുമ്പോള്‍  വനംവകുപ്പിന്റെ നീക്കങ്ങളെ തടയിടാനുള്ള സിപിഐയുടെ തന്ത്രങ്ങളും രേഖകളില്‍ വ്യക്തമാണ്. വനംവകുപ്പ് തടഞ്ഞാല്‍ വനപാലകരെ പ്രതിക്കൂട്ടിലാക്കാനും പുറത്തുവന്ന രേഖകളിലുണ്ട്. ഉപാധികളോടെ പട്ടയം ലഭിച്ച ഭൂമിയിലെ രാജകീയ വൃക്ഷങ്ങളായ ചന്ദനം, ഈട്ടി, തേക്ക്, എബണി തുടങ്ങിയവ റിസര്‍വ് ചെയ്തവയാണ്. അതായത് ഈ മരങ്ങളുടെ അവകാശം റവന്യു വകുപ്പില്‍ നിക്ഷിപ്തമാണ്.

  രാജകീയ വൃക്ഷങ്ങളെ വൃക്ഷവിലയടച്ച് റിസര്‍വ് ചെയ്യാവില്ല. എന്നാല്‍ വിവാദ ഉത്തരവിലുള്ളതാകട്ടെ വൃക്ഷവിലയടച്ച് റിസര്‍വ് ചെയ്ത ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്നാണ്. മുകളില്‍ പറഞ്ഞ നാല് മരങ്ങള്‍ക്ക് വൃക്ഷവില അടക്കാനാവാത്ത റവന്യുവകുപ്പ് റിസര്‍വ് ചെയ്ത മരങ്ങളാണ്. 1964ലെ ഭൂപതിവ് ചട്ടം അനുശാസിക്കുന്നതാണിത്. അതായത് റവന്യു വകുപ്പാണ് റിസര്‍വ് ചെയ്ത മരങ്ങളുടെ കസ്റ്റോഡിയന്‍.

  മന്ത്രിമാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വൃക്ഷവിലയടച്ച് റിസര്‍വ് ചെയ്ത മരങ്ങള്‍ എന്നാണ്. അതൊരിക്കലും നടക്കാത്തതും നിലവിലെ ചട്ടങ്ങള്‍ക്ക് പുറത്തുള്ള കാര്യവുമാണ്. ജനപ്രതിനിധികള്‍ക്കൊന്നും ഇതറിയാത്തതാണോ അറിഞ്ഞിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണോയെന്ന സംശയമിവിടെ ബലപ്പെടുന്നു. ഉപാധികളോടെ പട്ടയം ലഭിച്ച ഭൂമിയ്ക്ക് മാത്രമാണിത് ബാധകമെന്നുകൂടി അധികാരികള്‍ മനസ്സിലാക്കുകയും വേണം. വിമുക്ത ഭടന്‍മാരെ പുനഃരധിവസിപ്പിക്കാന്‍ കൈമാറിയ കോളനൈസേഷന്‍ ഭൂമിയിലാണെങ്കില്‍ റവന്യുവകുപ്പ് മുറിക്കുന്ന മരങ്ങളുടെ തുകയുടെ ഒരു പങ്ക് ഭുവുടമകള്‍ക്ക് നല്‍കുന്നുണ്ട്. ജന്മം ഭൂമിയിലും ബ്രിട്ടീഷ് പട്ടയമുള്ള ഭൂമിയിലുമൊക്കെ റവന്യു-വനംവകുപ്പുകളുടെ അനുമതിയും പാസുമെടുത്ത് മരങ്ങള്‍ മുറിയ്ക്കാന്‍ അവകാശമുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളിലാണെങ്കില്‍ നിയന്ത്രണമുണ്ടെന്നേയുള്ളു.

  എന്താണ് ജൈവവൈവിധ്യ നിയമം?

  ഉപാധികളോടെ പട്ടയം നല്‍കിയ ഭൂമിയിലെ മരങ്ങളുടെ കസ്റ്റോഡിയന്‍ വനംവകുപ്പായാല്‍ത്തന്നെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് വനംവകുപ്പിന് തടയാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ വനംവകുപ്പ് പ്രധാനമായും ഉപയോഗിക്കുന്നത് ജൈവവൈവിധ്യ സംരക്ഷണ നിയമമാണ്. നമുക്ക് കൊണ്ടുപോകാന്‍ അവകാശമുള്ള വസ്തുക്കളില്‍ ഈട്ടിയും ചന്ദനവുമൊന്നും കഴിയില്ലന്നിരിക്കെ ഇതിലെ വകുപ്പുകള്‍ ഉപയോഗിക്കാന്‍ വനംവകുപ്പിന് തടസ്സവുമില്ല.

  മുട്ടില്‍ മരംമുറിക്കേസില്‍ മുഖ്യപ്രതികള്‍ക്കെതിരെയെടുത്ത 42 കേസുകളിലും ജൈവവൈവിധ്യ സംരക്ഷണ നിയമം ബാധകമാണ്. അങ്ങനെ വന്നാല്‍ എല്ലാ വകുപ്പുകളിലും ജാമ്യം ലഭിക്കുകയുമില്ലെന്ന് വനപാലകര്‍ ചൂണ്ടിക്കാട്ടുന്നു. ഏത് സ്വഭാവമുള്ള ഭൂമിയില്‍ നിന്ന് രാജകീയ വൃക്ഷങ്ങള്‍ മുറിച്ചാലും ജൈവവൈവിധ്യ സംരക്ഷണ ഉപയോഗിക്കാമെന്ന ദോഷവും ഇതിനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ റവന്യു-വനം വകുപ്പുകള്‍ കയ്യാളിയ സിപിഐയ്ക്ക് ഇക്കാര്യം അറിയാത്ത കാര്യമൊന്നുമാവില്ല.

  എത്ര മരങ്ങള്‍ മുറിച്ചു? 

  ഔദ്യോഗിക കണക്കനുസരിച്ച് 2400 മരങ്ങള്‍ മുറിച്ചു കഴിഞ്ഞിരിക്കുന്നു. വയനാട്ടിലെ മുട്ടിലിലും തൃശൂരിലെ മച്ചാട് റെയ്ഞ്ചിലും ഇടുക്കിയിലെ അടിമാലി റെയ്ഞ്ചിലുമെല്ലാം നടന്നത് ആസൂത്രിത മരംകൊള്ളയാണെന്ന് പ്രത്യേക അന്വേഷണ സംഘം തന്നെ കണ്ടെത്തിയതുമാണ്. ഇടുക്കിയിലെ കാര്‍ഡമം ഹില്‍സ് റിസര്‍വിലുള്‍പ്പെടെ വലിയ തോതില്‍ മരംകൊള്ള നടന്നിട്ടുണ്ട്. വിവാദ ഉത്തരവിന്റെ മറവില്‍ വയനാട്ടിൽ മാത്രം 100 മുതല്‍ 200 വര്‍ഷം വരെ പഴക്കമുള്ള ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തി. നിയമ നിര്‍മ്മാണത്തിലൂടെയല്ലാതെ കേവലമൊരു ഉത്തരവ് മറയാക്കിയായിരുന്നു സംസ്ഥാനത്ത് അങ്ങോളമിങ്ങോളം മരങ്ങള്‍ മുറിച്ചുകടത്തിയത്.  കെ.എല്‍.സി. ആക്ട് പ്രയോഗിക്കാന്‍ റവന്യുവകുപ്പ് തയ്യാറാകുമോ? 

  വനംവകുപ്പിന്റെ കണക്കനുസരിച്ച് 2400 മരങ്ങളാണല്ലൊ മുറിച്ചത്. 14 കോടിയുടെ സീനിയറേജാണ് വനംവകുപ്പ് കണക്കാക്കുന്നത്. നിലവിലെ സീനിയറേജിന്റെ എട്ട് മുതല്‍ പത്ത് വരെ ഇരട്ടിയാവും കമ്പോള വില. അങ്ങനെ വരുമ്പോള്‍ 140 കോടിയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഈ നഷ്ടം റവന്യുവകുപ്പിന്റെ മാത്രമാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളിലൂന്നി നിലവിലെ വൃക്ഷ സംരക്ഷണ നിയമം അനുശാസിച്ച് മാത്രമാണ് വനംവകുപ്പിന് മരങ്ങളില്‍ അവകാശമുള്ളത്. ഈ 140 കോടി രൂപയുടെ മരംകൊള്ളയ്‌ക്കെതിരെ റവന്യു വകുപ്പിന് കെ.എല്‍.സി. (കേരള ലാന്‍ഡ് കണ്‍സര്‍വെന്‍സി) ആക്ട് പ്രകാരം കേസെടുക്കാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ മരമുറിച്ചു കടത്തിയവരില്‍ നിന്ന് തുകയുടെ മൂന്നിരട്ടി വരെ ഈടാക്കാന്‍ കഴിയും. ഉദാഹരണത്തിന് വയനാട്ടിലെ ഒരു പറമ്പില്‍ നിന്ന് 10 കോടിയുടെ ഈട്ടി മുറിച്ചുണ്ടെങ്കില്‍ 30 കോടി രൂപ ഈടാക്കാന്‍ കഴിയും.

  മരംകൊള്ള നടത്തിയവരെ ഒഴിവാക്കി അഞ്ചും പത്തും സെന്റില്‍ കഴിയുന്നവരിലേക്ക് കെ.എല്‍.സി. ആക്ട് പ്രയോഗിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഭൂവുടമകളെ ഒഴിവാക്കി മരംകൊള്ള നടത്തിയവരിലേക്ക് കെ.എല്‍.സി. നിയമം ഉപയോഗിക്കുന്നതിലേക്കാവണം കാര്യങ്ങളെത്തേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. വയനാട്ടിലൊക്കെ രണ്ടു മൂന്നും ലക്ഷം രൂപ വില വരുന്ന ഈട്ടിയ്ക്ക് 5000വും 10,000വുമൊക്കെ നല്‍കി ആദിവാസികളില്‍ നിന്നുള്‍പ്പെടെ മരംകൊള്ള സംഘം തട്ടിയെടുത്തിട്ടുണ്ട്.

  അതുകൊണ്ടുതന്നെ മരംകൊള്ള നടത്തിയവരെയാണ് നിയമപരമായി ശിക്ഷിക്കേണ്ടത്. ഇനിയെല്ലാം റവന്യു വകുപ്പിന്റെ കയ്യിലാണ്. സിപിഐയ്ക്ക് കടുംവെട്ടില്‍ നിന്ന് തലയൂരാന്‍ കഴിയില്ലെങ്കിലും വിവാദ ഉത്തരവിന്റെ മറവില്‍ നടന്ന മരംകൊള്ളയില്‍ തുടര്‍നടപടിക്കായെങ്കിലും ഫലപ്രദമായി ഇടപെടാന്‍ കഴിയും, കഴിയണം.

  (ന്യൂസ് 18 കേരളം കോഴിക്കോട് സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റാണ് ലേഖകന്‍)
  Published by:user_57
  First published:
  )}