• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPI| കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്ത് അട്ടിമറി; ഞെട്ടൽ മാറാതെ കാനം വിഭാഗം; ബിനുവിന് ഇത് മധുര പ്രതികാരം 

CPI| കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്ത് അട്ടിമറി; ഞെട്ടൽ മാറാതെ കാനം വിഭാഗം; ബിനുവിന് ഇത് മധുര പ്രതികാരം 

ആരോഗ്യ പ്രശ്നങ്ങൾ കാരണം സമ്മേളനത്തിൽ പങ്കെടുക്കാൻ കാനം രാജേന്ദ്രന് കഴിഞ്ഞിരുന്നില്ല.  എന്നാൽ പൂർണ്ണമായും സമ്മേളനത്തിൽ പങ്കെടുത്ത് അവസാനം  കോട്ടയത്ത് തന്റെ വേരൂന്നിയാണ് ഇസ്മയിലിന്റെ മടക്കം

  • Last Updated :
  • Share this:
കോട്ടയം:  സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുപ്പിലൂടെ ഇസ്മയിൽ പക്ഷത്തെ അഡ്വക്കേറ്റ്  വി ബി ബിനു (VB Binu) എത്തുമ്പോൾ  സംസ്ഥാന നേതൃനിരയിലെ രാഷ്ട്രീയ സമവാക്യങ്ങൾ കൂടി മാറുമോ എന്ന് ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. സ്വന്തം ജില്ലയിൽ തന്നെ കാനം രാജേന്ദ്രന് തിരിച്ചടിയേറ്റതോടെ ഇസ്മയിൽ പക്ഷത്തിന് അത് കൂടുതൽ ആത്മവിശ്വാസം നൽകുന്നതായി. ആരോഗ്യ പ്രശ്നങ്ങൾ കാരണം സമ്മേളനത്തിൽ പങ്കെടുക്കാൻ കാനം രാജേന്ദ്രന് കഴിഞ്ഞിരുന്നില്ല.  എന്നാൽ പൂർണ്ണമായും സമ്മേളനത്തിൽ പങ്കെടുത്ത് അവസാനം  കോട്ടയത്ത് തന്റെ വേരൂന്നിയാണ് ഇസ്മയിലിന്റെ മടക്കം.

കാനം രാജേന്ദ്രന്റെ അസാന്നിധ്യത്തിൽ പാർട്ടി ദേശീയ കൺട്രോൾ കമ്മീഷൻ കൺവീനർ പന്ന്യന്‍ രവീന്ദ്രനെ കൊണ്ടാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യിപ്പിച്ചത്. ഇസ്മയിലിനെ ഒഴിവാക്കാൻ വേണ്ടിയുള്ള നീക്കമാണ് ഇതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇനി നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിൽ കോട്ടയത്തെ തിരിച്ചടി പ്രതിഫലിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

Also Read- CPI | കോട്ടയത്ത് കേരള കോൺഗ്രസിനെക്കാൾ ശക്തി സിപിഐക്ക് ; ജില്ലാ സെക്രട്ടറി വി ബി ബിനു

വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്താൻ കാത്തിരിക്കുന്ന കാനം രാജേന്ദ്രന് ഇനിയുള്ള സമ്മേളനങ്ങൾ ഇതോടെ നിർണായകമായി. വി ബി ബിനു സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും എന്ന സൂചനകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതോടെയാണ് സംസ്ഥാന എക്സിക്യൂട്ടീവ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കുമാറിന്റെ പേര് നിർദ്ദേശിച്ചത്. എന്നാൽ നീക്കങ്ങൾ മുന്നേ കണ്ടറിഞ്ഞ വി ബി ബിനു ജില്ലാ കൗൺസിൽ അംഗങ്ങളെ പരമാവധി ഒപ്പം നിർത്താനുള്ള ശ്രമം നടത്തിയിരുന്നു. സിപിഐക്ക് ശക്തിയുള്ള  വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികൾ  ഒപ്പം നിന്നതാണ് ബിനുവിന് തുണയായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിന് വിട്ടു നൽകിയത് മുതൽ തർക്കങ്ങൾ തുടങ്ങിയിരുന്നു. വാഴൂർ മണ്ഡലം ആയിരുന്ന കാലത്ത് കാനം രാജേന്ദ്രൻ 1982 ലും 91 ലും ഇവിടെനിന്ന് നിയമസഭയിൽ എത്തിയിരുന്നു. പിന്നീട് മണ്ഡലം കാഞ്ഞിരപ്പള്ളി ആകുമ്പോഴും സിപിഐക്ക് ശക്തിയുള്ള കേന്ദ്രമായിരുന്നു ഇത്. മുൻപ് മത്സരിച്ച വി ബി ബിനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെനിന്ന് സ്ഥാനാർത്ഥിയാകാൻ നീക്കം നടത്തിയിരുന്നു. എന്നാൽ സീറ്റ് സിപിഐക്ക് തന്നെ നേടിയെടുക്കാൻ കാനം ശക്തമായ ഇടപെടൽ നടത്തിയില്ല എന്നതാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പകരം ചങ്ങനാശ്ശേരി സീറ്റ് നേടിയെടുക്കാനുള്ള നീക്കങ്ങളും ഫലം കണ്ടിരുന്നില്ല. ഇതോടെ ഫലത്തിൽ വി ബി ബിനു പുറത്തായി. ഈ തിരിച്ചടിക്കുള്ള മധുര പ്രതികാരം കൂടിയായി ഏറ്റുമാനൂരിൽ സംസ്ഥാന സെക്രട്ടറിയുടെ സ്ഥാനാർത്ഥിയെ തന്നെ അട്ടിമറിച്ച് ബിനു നേടിയ വിജയം.

Also Read- സ്വന്തം ജില്ലയിൽ അടിതെറ്റി കാനം രാജേന്ദ്രൻ, കോട്ടയത്ത് CPI ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇസ്മയിൽ പക്ഷത്തിന് വിജയം

നിലവിൽ 51 ജില്ലാ കൗൺസിൽ 29 പേരുടെ പിന്തുണ നേടിയാണ് ബിനു ജില്ലാ സെക്രട്ടറിയായത്. എഐറ്റിയുസി സംസ്ഥാന സെക്രട്ടറി എന്ന നിലയിലും ജില്ലയിൽ പാർട്ടി പ്രവർത്തകരുമായും പുതുതലമുറയിലെ നേതാക്കളുമായും വലിയ ബന്ധമാണ് ബിനുവിന് ഉള്ളത്. ഫലത്തിൽ കൃത്യമായ മേധാവിത്വത്തോടെ ജില്ലയിലെ അധികാരം പിടിക്കാൻ ഇസ്മയിൽ പക്ഷത്തിന് സാധിച്ചു. കാനത്തിന് ഇനി ഇത് വെല്ലുവിളികളുടെ കാലമാണ്. ജില്ലാ സമ്മേളനങ്ങളിൽ ആകെ കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്ന് വന്നിരുന്നത്. സിപിഎം നടത്തുന്ന തെറ്റുകൾ തിരുത്താൻ പോലും കാനം തയ്യാറാകാത്തത്  ആണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് വീണ്ടും എത്താൻ ആഗ്രഹിക്കുന്ന കാനത്തിന് ഇത് വെല്ലുവിളി ഉയർത്തുന്നു. പുതിയ നേതാക്കളെ അണിനിരത്തി ഇസ്മയിൽ പക്ഷം  സംസ്ഥാന സെക്രട്ടറി പദം പിടിച്ചടക്കുമോ എന്നുള്ളതാണ് കാത്തിരുന്നു കാണേണ്ടത്.
Published by:Rajesh V
First published: