• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ജന്മിത്വ ഭൂതകാലം അയവിറക്കി മാരാർജി മന്ദിരത്തിൽ ഇരിക്കുകയേ സംഘപരിവാറിന് നിർവ്വാഹമുള്ളൂ'; മുല്ലക്കര രത്നാകരൻ

'ജന്മിത്വ ഭൂതകാലം അയവിറക്കി മാരാർജി മന്ദിരത്തിൽ ഇരിക്കുകയേ സംഘപരിവാറിന് നിർവ്വാഹമുള്ളൂ'; മുല്ലക്കര രത്നാകരൻ

സുരേന്ദ്രൻ്റെ പാർട്ടിയ്ക്കും സംഘപരിവാറിനും ഇണ്ടംതുരുത്തിമനയിലെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടാകുമെന്നും മുല്ലക്കര രത്നാകരൻ

 • Last Updated :
 • Share this:
  വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി മന സന്ദര്‍ശിച്ച ഗാന്ധിജി അബ്രാഹ്മണന്‍ ആയതിനാല്‍ പ്രവേശനം നിഷേധിച്ച 'ഇണ്ടംതുരുത്തിമന' ഇന്ന് സി.പി.ഐ പാര്‍ട്ടി ഓഫീസ് ആണെന്നും അത് സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നുമുള്ള തരത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് സിപിഐ നേതവ് മുല്ലക്കര രത്നാകരൻ.

  സുരേന്ദ്രൻ പരാമർശിച്ചതുപോലെ മഹാത്മാ ഗാന്ധിയുടെ സന്ദർശനത്തിൻ്റെ സ്മാരകമല്ല. ഇന്ത്യയുടെ ആത്മാവിനെ തൊട്ടുണർത്തിയ ഗാന്ധിയെപ്പോലും പുറത്തുനിർത്തിയ ജാതീയതയുടെ സ്മാരകമാണെന്ന് മുല്ലക്കര രത്നാകരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  സുരേന്ദ്രന്റെ പ്രസ്താവന സംഘപരിവാറിന്റെ അജണ്ടയുടെ പ്രഖ്യാപനമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെന്ന പോലെ കേരളത്തിന്റെ നവോത്ഥാനത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസിന് പഴയ ജന്മിത്വ-ജാതികേരളത്തെ തിരിച്ചുപിടിക്കാൻ തോന്നുന്നത് സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം കുറിച്ചു. സുരേന്ദ്രൻ്റെ പാർട്ടിയ്ക്കും സംഘപരിവാറിനും ഇണ്ടംതുരുത്തിമനയിലെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടാകുമെന്നും മുല്ലക്കര രത്നാകരൻ പറഞ്ഞു.

  Also Read-'കേരള കോൺഗ്രസിനെ ഉപയോഗിച്ച് ഒതുക്കാൻ ശ്രമം നടത്തി'; CPMനെതിരെ ഗുരുതര ആരോപണങ്ങളുമായി CPI

  മുല്ലക്കര രത്നാകരന്റ ഫേസ്ബുക്ക് പോസ്റ്റ്

  ഇണ്ടംതുരുത്തിമന ഒരു പ്രതീകമാണ്. കേരളത്തിലെ ജന്മിത്വത്തിൻ്റെയും ജാതിവ്യവസ്ഥയുടെയും ഇരുണ്ടകാലത്തുനിന്ന് വർഗസമരത്തിലൂടെ ഇന്നത്തെ കേരളസമൂഹത്തിലേയ്ക്കുള്ള പരിണാമത്തിൻ്റെ പ്രതീകം. ജന്മിത്വം മനുഷ്യമനസുകളിൽ ഉണ്ടാക്കിയ ധാരണകളുടെയും വേദനകളുടെയും തുടർച്ചയായി നവോത്ഥാന നായകർ ജ്വലിപ്പിച്ച ഉണർവ്വിൻ്റെ തീ പ്രതിഷേധത്തിൻ്റെ അഗ്നികുണ്ഡമായി വളർന്നതിൻ്റെ ഫലമാണ് ഇണ്ടംതുരുത്തി മനയിലെ ചെത്തുതൊഴിലാളി യൂണിയൻ്റെ ഓഫീസ്.

  ഇണ്ടംതുരുത്തി മന എന്നത് ശ്രീ സുരേന്ദ്രൻ പരാമർശിച്ചതുപോലെ മഹാത്മാ ഗാന്ധിയുടെ സന്ദർശനത്തിൻ്റെ സ്മാരകമല്ല. ഇന്ത്യയുടെ ആത്മാവിനെ തൊട്ടുണർത്തിയ ഗാന്ധിയെപ്പോലും പുറത്തുനിർത്തിയ ജാതീയതയുടെ ഗർവ്വിൻ്റെ സ്മാരകമാണ്. അത്തരം അധികാരഗർവ്വിൽ പിന്നോക്കജാതിക്കാരുടെ ആരാധനാസ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിച്ചിരുന്നവരുടെ വസതി ചെത്തുതൊഴിലാളികളുടെ ഓഫീസ് ആയിമാറിയതാണ് കേരളത്തിൻ്റെ ചരിത്രത്തിൻ്റെ നേർക്കാഴ്ച. ചരിത്രത്തിലൂടെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കുള്ള മനുഷ്യമനസിൻ്റെ ഒരു തീർത്ഥാടനമാണത്. ആ യാത്രയിൽ ഒപ്പം കൂടാൻ യാഥാസ്ഥിതികർക്ക് എല്ലാക്കാലത്തും പ്രയാസമുണ്ട്. അത്തരം യാഥാസ്ഥിതികവാദികളുടെ അടക്കിപ്പിടിച്ച തേങ്ങലാണ് സുരേന്ദ്രൻ്റെ പ്രസ്താവനയിലൂടെ കേൾക്കാൻ കഴിയുക. ആ തേങ്ങൽ ആധുനിക മനുഷ്യർക്ക് സംഗീതം പോലെ ആസ്വദിക്കാൻ കഴിയും. ആ തേങ്ങൽ പുരോഗതിയിലേയ്ക്കുള്ള യാത്രയിൽ നമുക്കെല്ലാം പ്രചോദനമാണ്.

  ഇന്നുകാണുന്ന ഈ പുരോഗമനകേരളത്തെ ഇവിടുത്തെ നവോത്ഥാന നായകരും കമ്യൂണിസ്റ്റ് പാർട്ടിയും കൂടി ചോരയൊഴുക്കിയും സമരം ചെയ്തും നേടിയെടുത്തതാണ്. ഇണ്ടംതുരുത്തിമനയിലൂടെ യഥാർത്ഥ കേരളത്തെ തിരിച്ചുപിടിക്കും എന്ന സുരേന്ദ്രൻ്റെ പ്രസ്താവന സംഘപരിവാറിൻ്റെ അജണ്ടയുടെ പ്രഖ്യാപനമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെന്ന പോലെ കേരളത്തിൻ്റെ നവോത്ഥാനത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസിന് പഴയ ജന്മിത്വ-ജാതികേരളത്തെ തിരിച്ചുപിടിക്കാൻ തോന്നുന്നത് സ്വാഭാവികം മാത്രം. അത് നാമൊരു വെല്ലുവിളിയായിത്തന്നെ കാണേണ്ടതുണ്ട്. ഊഴിയം വേലയും അയിത്തവുമെല്ലാം സുരേന്ദ്രാദികൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്ന് വേണം കരുതാൻ.

  ഇണ്ടംതുരുത്തി മനയുടെ പൂമുഖത്ത് പിന്നോക്കജാതിക്കാർക്ക് വേണ്ടി ചർച്ചയ്ക്ക് പോയ ഗാന്ധി എക്കാലത്തും ഹിന്ദുത്വത്തിൻ്റെ ശത്രുവായിരുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ തോക്കിലെ വെറുപ്പിൻ്റെ തീയുണ്ടയാണ് ഗാന്ധിയുടെ ജീവനെടുത്തത്. ആ അരുംകൊലയുടെ രാഷ്ട്രീയം ഉള്ളിൽപ്പേറുന്ന ഉത്തരേന്ത്യൻ കാവിരാഷ്ട്രീയത്തിൻ്റെ വക്താക്കൾക്ക് ഗാന്ധിജിയെ അംഗീകരിക്കാൻ കഴിയില്ല. ഇണ്ടംതുരുത്തിയിലെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനെയും അംഗീകരിക്കാൻ കഴിയില്ല.

  സുരേന്ദ്രൻ്റെ പാർട്ടിയ്ക്കും സംഘപരിവാറിനും ഇണ്ടംതുരുത്തിമനയിലെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടാകും. പക്ഷേ പഴയ ജന്മിത്വ ഭൂതകാലം അയവിറക്കി മാരാർജി മന്ദിരത്തിൽ ഇരിക്കുകയേ തൽക്കാലം നിർവ്വാഹമുള്ളൂവെന്ന് സംഘപരിവാറുകാർ ഉൾക്കൊള്ളുക
  Published by:Jayesh Krishnan
  First published: