പാലക്കാട്: അട്ടപ്പാടിയിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലൂടെയാണെന്ന പ്രചാരണം ശക്തമായിരിക്കെ, സർക്കാരിനെ പ്രതിസന്ധിയിലാക്കി സിപിഐ നേതാക്കൾ ഇന്ന് സ്ഥലം സന്ദർശിയ്ക്കും. വ്യാജ ഏറ്റുമുട്ടലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് നേതാക്കളുടെ സന്ദർശനം. ഇൻക്വസ്റ്റ് ദിവസം നടന്ന വെടിവെപ്പിനിടെ സ്വയരക്ഷയ്ക്കായി പോലീസ് സേനാംഗങ്ങൾ അടക്കമുള്ളവർ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു.
നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട മേലേ മഞ്ചിക്കണ്ടി വനമേഖലയിലാണ് സിപിഐ പ്രതിനിധി സംഘം ഇന്ന് സന്ദർശനം നടത്തുന്നത്. സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പ്രസാദ്, പാലക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, എം എൽ എ മാരായ ഇ കെ വിജയൻ, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് സന്ദർശനം നടത്തുന്നത്. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന പ്രചാരണം ശക്തമാവുന്നതിനിടെ ഭരണകക്ഷിയിലെ രണ്ടാമത്തെ കക്ഷി തന്നെ സന്ദർശിയ്ക്കുന്നതിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് വിവരം ലഭിച്ചതെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കിയ സാഹചര്യത്തിൽ സിപിഐ നേതാക്കളുടെ സന്ദർശനം സർക്കാരിനും നിർണായകമാണ്.
സ്ഥലം സന്ദർശിച്ച ശേഷം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം സി പി ഐ ആവർത്തിച്ചാൽ അത് സിപിഎമ്മിനെയും സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കും. ഇതിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇൻക്വസ്റ്റ് നടക്കുന്നതിനിടെയുണ്ടായ വെടിവെപ്പിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. വെടിവെപ്പിനിടെ സ്ഥത്തെത്തിയവർ സ്വയരക്ഷയ്ക്കായി നിലത്ത് കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. എന്നാൽ ഈ ദൃശ്യങ്ങളിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ശക്തമായി.
വ്യാജ ഏറ്റമുട്ടലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന നിലപാട് പൊലീസ് ഇന്നലെയും ആവർത്തിച്ചു. സ്ഥലം സന്ദർശിച്ച ഉത്തരമേഖലാ ഐജി, പ്രദേശത്ത് ഗുരുതര സ്ഥിതിയാണ് ഉണ്ടായിരുന്നതെന്നും വ്യാജ ഏറ്റുമുട്ടൽ എന്ന ആരോപണം ക്രൈംബ്രാഞ്ച് പരിശോധിയ്ക്കുമെന്നും വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.