തിരുവനന്തപുരം: ലഘുലേഖയുടെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ദുരൂഹമാണെന്നും പൊലീസിന് അമിതാധികാരം നൽകിയെന്ന സംശയം സർക്കാരിന് മുന്നിൽ ചുണ്ടുവിരലായി നിന്നകൂടെന്നും സിപിഐ മുഖപത്രമായ ജനയുഗം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ നിശ്ശിതമായാണ് മുഖപ്രസംഗത്തിലൂടെ വിമർശിക്കുന്നത്. കാട്ടിനുള്ളിലെ ക്രൂരതയിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ ശ്രമം. പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢ നീക്കങ്ങളെ ശ്രദ്ധിക്കണമെന്നും മുഖപത്രം പറയുന്നു. പന്തീരാങ്കാവ് പൊലീസിന്റെ നടപടി സംസ്ഥാന സർക്കാരിനെ തന്നെ ആശയക്കുഴപ്പത്തിലെത്തിച്ചിട്ടുണ്ടെന്നും ജനയുഗം പറയുന്നു.
സംസ്ഥാന പൊലീസിന് വിമർശനം പതിവാണ്. പ്രശംസ കിട്ടാക്കനിയുമല്ല. പതിവ് പല്ലവിയായി മറുചെവിയിലൂടെ തള്ളിക്കളയാവുന്ന ഒന്നല്ല ഇന്ന് പൊലീസിനെതിരെ ഉയർന്നിരിക്കുന്നത്. വിഷയം നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം എന്ന അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ആക്ട് (യുഎപിഎ) ആണ്. കേരളം പോലുള്ള ജനാധിപത്യ സംസ്ഥാനത്തെ പൊലീസിന് എളുപ്പത്തിൽ എടുത്തുയർത്താനാവുന്ന ഒന്നല്ല കേന്ദ്ര സർക്കാരിന്റെ ഈ വിവിധോദ്ദേശ്യ കരിനിയമം. എന്നാൽ അതിരുവിട്ട് അതെടുത്തു പ്രയോഗിച്ചതിന്റെ അലയൊലികളാണ് ഇന്ന് കേരളത്തെയാകെ അമ്പരപ്പിച്ചിട്ടുള്ളത്. ദേശ സുരക്ഷയ്ക്ക് അനിവാര്യമായ നിയമമാണിതെങ്കിലും പ്രയോഗിക്കുന്നതിന്റെ കാര്യകാരണവും വ്യക്തതയും സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കപ്പെടണം. പന്തീരാങ്കാവ് പൊലീസിന്റെ നടപടി സംസ്ഥാന സർക്കാരിനെ തന്നെ ആശയക്കുഴപ്പത്തിലെത്തിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് ഭരണകൂടമാണെന്ന ബോധ്യം പൊലീസ് ഉദ്യോഗസ്ഥരിൽ ഇല്ലാതെപോയിരിക്കുന്നു. ഇത് യുഎപിഎയുടെ കാര്യത്തിൽ മാത്രമല്ലെന്നത് സംശയകരവുമാണ്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പന്തീരാങ്കാവിൽ രണ്ട് വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത് തുറുങ്കിലടച്ചത്. ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും പറയുന്നു. നഗരമാവോയിസ്റ്റ് എന്ന വിശേഷണമാണ് ഇവർക്ക് പൊലീസ് മുദ്രകുത്തിയിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ആശയപ്രചാരണം നടത്തിയെന്നതിന്റെ പേരിൽ യുഎപിഎ ചുമത്തിയതെന്ന ചോദ്യത്തിന് പൊലീസ് മറുപടി നൽകുന്നില്ല. കാട്ടിലുള്ളവരുടെ നാട്ടിലെ കണ്ണികളാണിവരെന്ന് അറസ്റ്റിലായവരെക്കുറിച്ച് പൊലീസ് ആരോപിക്കുന്നതിന്റെ പിന്നിലെ തെളിവെന്താണ്. ഒരു ലഘുലേഖയുടെ പശ്ചാത്തലത്തിൽ ഈ വിദ്യാർഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് ആവർത്തിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ദുരൂഹമാണ്. വസ്തുതാപരമായ യാതൊരു അന്വേഷണവും ഇക്കാര്യത്തിൽ നടന്നിട്ടെല്ലെന്നത് പകൽ പോലെ സത്യവുമാണ്. അതുകൊണ്ടുതന്നെയാണ് എന്ത് മാനദണ്ഡമനുസരിച്ചാണ് ഈയൊരു അറസ്റ്റ് എന്ന ചോദ്യത്തിന് വിശദീകരണമില്ലാത്തത്. ലഘുലേഖ പിടിച്ചെടുത്തതിന്റെ പേരിൽ ഒരാളെ മാവോയിസ്റ്റായി മുദ്രകുത്താനാവില്ലെന്ന യുഎപിഎ സമിതി അധ്യക്ഷനായ റിട്ട. ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ പ്രസ്താവന സമൂഹത്തിന്റെ സംശയങ്ങളോട് ചേർത്തുവായിക്കണം. ഇവിടെ അറസ്റ്റിലായവരുടെ മാവോ ബന്ധം പൊലീസ് തെളിയിച്ചിട്ടില്ല. ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തി മൊബൈൽ ഫോണുകളും ലാപ്ടോപ്പും തൊണ്ടിയാക്കിക്കൊണ്ടുപോയതും ലഘുലേഖയുമാണ് തെളിവായി കരുതിയിട്ടുള്ളത്.
ഇവർ നിരോധിത സംഘടനയിൽ അംഗങ്ങളായിരുന്നു എന്നത് തെളിയിക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണെന്ന് നിയമവും യുഎപിഎ അധ്യക്ഷനും വ്യക്തമായി പറയുന്നുണ്ട്. എങ്കിലേ പ്രോസിക്യൂഷന് അനുവാദമുള്ളൂ. എന്നാൽ അറസ്റ്റിലായവർ സിപിഐ(എം) ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണെന്ന വിവരത്തിലാണ് വ്യക്തതയുള്ളത്. സിപിഐ(എം) സംസ്ഥാന നേതൃസമിതിയും നേതാക്കളും യുവജന സംഘടനയുമെല്ലാം ഈ വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ പ്രതികരിച്ചിട്ടുമുണ്ട്. എന്നിരുന്നാലും പന്തീരാങ്കാവ് അറസ്റ്റിന്റെ പിന്നാമ്പുറം അത്യന്തം സംശയകരമായി തുടരുന്ന അട്ടപ്പാടി മഞ്ചിക്കണ്ടി വനാന്തരത്തിലെ വ്യാജ ഏറ്റുമുട്ടലാണ് എന്ന കാര്യത്തിൽ സംശയമില്ല. വിദ്യാർഥികളെ പിടികൂടി കരിനിയമം ചുമത്തിയതോടെ കാടിനുള്ളിലെ കൊടുംക്രൂരതയുടെ വാർത്തകൾ വഴിതിരിഞ്ഞുവെന്നത് ശ്രദ്ധേയം. വനത്തിൽ പൊലീസും തണ്ടർബോൾട്ടും ഇപ്പോഴും കാവലുണ്ട്. സ്ഥിതിഗതികൾ പരിശോധിക്കാനും പഠിക്കാനും എത്തിയ സിപിഐ നേതാക്കളെയും ജനപ്രതിനിധികളെയും ഇവർ തടഞ്ഞ സംഭവം ഉണ്ടായി. അവിടെ അധിവസിക്കുന്നവരെല്ലാം ഭീതിയോടെയാണ് നാളുകൾ തള്ളിനീക്കുന്നത്. വായനയും ചിന്തയും ജീവിതശീലമാക്കിയവർ കേരളത്തിലെ പൊലീസിനെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. വായനാമുറിയിലെ പുസ്തകങ്ങളുടെ പേരിൽ തീവ്രവാദിയും ഭീകരവാദിയുമായി കരിനിയമം ചാർത്തുന്നത് ന്യായീകരിക്കാനാവില്ല. എന്റെ സത്യാന്വേഷണ പരീക്ഷണം വായിക്കുന്ന തീവ്ര മാവോയിസ്റ്റിനെ ഗാന്ധിയനായി കാണുന്നതിലും അർഥമില്ല.
ആരാണ് മനുഷ്യരെ വെടിവച്ചുകൊല്ലാനും ലഘുലേഖയുടെ പേരിൽ അറസ്റ്റിനും കരിനിയമം ചുമത്തി തുറുങ്കിലടപ്പിക്കാനും പൊലീസിന് അധികാരം നൽകിയതെന്ന സംശയം സർക്കാരിന് മുന്നിൽ ചൂണ്ടുവിരലായി നിന്നുകൂടാ. സംഭവത്തിൽ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടിയിട്ടുണ്ട്. കരിനിയമം ചുമത്തപ്പെട്ടതിന്റെ നിയമസാധുത സംസ്ഥാന സർക്കാരും പരിശോധിക്കും. പക്ഷെ വിഷയത്തെ രാഷ്ട്രീയമായി സർക്കാരിനെതിരെ തിരിച്ചുവിടാൻ അവസരമൊരുക്കിക്കൂടാ. അതിന് പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഢമായ നീക്കങ്ങളെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
'ചിന്തിക്കുന്നവന്റെ വായനാമുറി പരിശോധിച്ച് കരിനിയമം ചാർത്തുന്നതിനെ ന്യായീകരിക്കാനാകില്ല'; പൊലീസിനെതിരെ സിപിഐ മുഖപത്രം
ഓപ്പറേഷന് 'അരിക്കൊമ്പന്' വൈകും; 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
'നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി; രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടു'; കെ സുരേന്ദ്രന്
കോഴിക്കോട് മെഡിക്കൽകോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ