• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പി.എച്ച് കുര്യൻ മാഫിയക്കാരൻ; പിഴുതെറിഞ്ഞില്ലെങ്കിൽ ദുരന്തമെന്ന് സി.പി.ഐ മുഖപത്രം


Updated: September 10, 2018, 8:53 AM IST
പി.എച്ച് കുര്യൻ മാഫിയക്കാരൻ; പിഴുതെറിഞ്ഞില്ലെങ്കിൽ ദുരന്തമെന്ന് സി.പി.ഐ മുഖപത്രം

Updated: September 10, 2018, 8:53 AM IST
തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ് സുനിൽകുമാറിനെ പരിഹസിച്ച റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ മുഖപത്രം. ഭരണയന്ത്രത്തിൽ പിണഞ്ഞുകയറിയ മൂടില്ലാത്താളിയാണ് കുര്യനെന്നും പിഴുതെറിഞ്ഞില്ലെങ്കിൽ ദുരന്തമായിരിക്കും ഫലമെന്നും ജനയുഗത്തിലെ 'വാതിൽ‌പഴുതിലൂടെ' എന്ന പ്രതിവാര ലേഖനത്തിൽ വിമർശിക്കുന്നു. കുര്യൻ' പരഹൃദയൻ' ആണെന്നും കൂറ് മാഫിയകളോടാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ലേഖനത്തിലെ കുര്യനെ വിമര്‍ശിക്കുന്ന ഭാഗം ഇങ്ങനെ -

മൂടില്ലാത്താളി സസ്യകുലത്തിലെ ഒരത്ഭുതമാണ്. കാസിന ഫിലിഫോളിസ എന്ന ശാസ്ത്രീയ നാമമുള്ള ഈ സസ്യം പടര്‍ന്നുകയറുന്ന വള്ളി രൂപത്തിലുള്ളതാണ്. പടര്‍ന്നുകയറുന്ന ചെടിയെയാകെ മൂടി അതില്‍നിന്നും ആഹാരം വലിച്ചെടുത്ത് ചെടിയെ നശിപ്പിക്കാന്‍ കഴിവുള്ള വള്ളിവീരന്‍. ഒരു അര്‍ധപരാദസസ്യമായ ഈ ചെടിയുടെ ഫ്രഞ്ചുഭാഷയിലെ പേരുതന്നെ ലിയാനേ പാരസൈറ്റ് എന്നാണ്. അമരവള്ളിയെന്നും ആകാശവള്ളിയെന്നും പാപനാശിനിയെന്നും വിളിപ്പേരുള്ള ഇതിന്റെ മഞ്ഞവള്ളികള്‍ക്ക് മൂടുമില്ല തലപ്പുമില്ല. പടര്‍ന്നുകയറുന്ന ചെടിയില്‍ നിന്ന് പകുതി ആഹാരം മറുപകുതി അന്തരീക്ഷത്തില്‍ നിന്ന്. തന്റെ ആതിഥേയനായ ചെടിയേയും കൊണ്ടേ മൂടില്ലാത്താളി പോകാറുള്ളു.

ഇത്തരം പരാദങ്ങള്‍ ‘സംഭവാമി യുഗേ യുഗേ’എന്ന മട്ടില്‍ ഭരണയന്ത്രത്തിലും പടര്‍ന്നുകയറി യന്ത്രം തന്നെ ഊറ്റിക്കുടിച്ച് അതു പ്രവര്‍ത്തനശൂന്യമാക്കാന്‍ പോന്നവയാണ്.

നമ്മുടെ ഉദ്യോഗസ്ഥഭരണയന്ത്രം എക്കാലവും സര്‍വാദൃതമായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍, ലളിതാംബിക, പത്മാരാമചന്ദ്രന്‍, ജി ഭാസ്‌കരന്‍ നായര്‍, തുടങ്ങി സി പി നായരും ബാബുപോളും വരെ എത്തിനില്‍ക്കുന്നവരുടെ അഭിമാനാര്‍ഹമായ നീണ്ട പട്ടിക. സര്‍ക്കാരിന്റെ നയങ്ങള്‍ക്കിണങ്ങിയ ഭരണനയങ്ങള്‍ നടപ്പാക്കിയ ഭരണയന്ത്ര പ്രതിഭകളായിരുന്നു അവര്‍. ഇടയ്ക്കിടെ ചില മൂടില്ലാത്താളികളും ഭരണയന്ത്രത്തില്‍ കയറിച്ചുറ്റാറുണ്ട്. ഭരണകൂടം ഈ മൂടില്ലാത്താളികളെ സമയോചിതമായി വെട്ടിനശിപ്പിച്ചതുകൊണ്ട് കാര്യങ്ങള്‍ അങ്ങനെ ഓടിയോടിപ്പോകുന്നു. പക്ഷേ പിന്നെയും ചില മൂടില്ലാത്താളികള്‍ ഭരണയന്ത്രത്തില്‍ പിണഞ്ഞു കയറുന്നുവെന്ന് റവന്യൂ സെക്രട്ടറി കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ കുറേനാളായുള്ള നിലപാടുകള്‍ കണ്ടാലറിയാം.
ഐഎഎസ് വൃത്തങ്ങളില്‍ പിഎച്ചിന്റെ പൂര്‍ണരൂപമായി ചിലര്‍ വ്യാഖ്യാനിക്കുന്നത് ‘പരഹൃദയന്‍’ എന്നത്രേ. പരഹൃദയന്‍ കുര്യന്റെ പകുതി ആഹാരം ഭരണയന്ത്രത്തില്‍ നിന്നും പകുതി മാഫിയകളിലും നിന്നെന്നു തോന്നുന്ന സംഗതികളിലേക്കാണ് പോക്ക്.

ഈയടുത്ത കാലത്ത് സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി കയ്യേറ്റ മാഫിയയോടൊപ്പം നിന്ന കുര്യന്റെ ഹൃദയം പരഹൃദയമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോഴല്ലേ ബോധ്യമായത്. ബിനോയ് ഭവന നിര്‍മാണ മന്ത്രിയായിരുന്നപ്പോള്‍ മലയോരങ്ങളില്‍ മാഫിയ വെട്ടിപ്പിടിച്ച സര്‍ക്കാര്‍ ഭൂമികള്‍ ഹൗസിങ് ബോര്‍ഡിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഇടനിലക്കാരനായെത്തിയ കുര്യന്റെ കൂറങ്ങും ചോറിങ്ങും എന്ന് പിന്നെയും പൂച്ച പുറത്തുവരുന്നു.
Loading...

നെല്‍കൃഷിയിലൂടെ സമൃദ്ധിയുടെ വീണ്ടെടുപ്പിന് കൃഷിമന്ത്രി സുനില്‍കുമാര്‍ നടത്തുന്ന ശ്ലാഘനീയ യത്‌നങ്ങളെ പരഹൃദയന്‍ കുര്യന്‍ വിമര്‍ശിച്ചിരിക്കുന്നു. കുട്ടനാട്ടെ നെല്‍കൃഷി ഉപേക്ഷിക്കണമെന്നാണ് കുര്യോപദേശം. ആ വാക്കുകള്‍ക്ക് വല്ലാത്ത മാഫിയാ ചുവ. കുട്ടനാട്ടിലെ ബണ്ടുകള്‍ പൊളിച്ചടുക്കി ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ നിര്‍മിക്കണമെന്ന കിനാവള്ളി ഹൃദയത്തില്‍ നിന്നുള്ള ഉപദേശത്തിന് ഒരു തോമസ്ചാണ്ടി ടച്ചുണ്ട്. മാഫിയാഭാഷയുണ്ട്. കുട്ടനാട്ടില്‍ മീന്‍ വളര്‍ത്തലും കുപ്പിവെള്ള പ്ലാന്റുകളും മതിയത്രെ. കുടിവെള്ളത്തിനു കേഴുന്ന കുട്ടനാട്ടില്‍ കുടിവെള്ള പ്ലാന്റ്, നെല്‍കൃഷി വികസന നിരോധനത്തിലൂടെ പുതിയ കാര്‍ഷികവിപ്ലവം. കുര്യന്റെ ഐഡിയകള്‍ കേട്ടപ്പോള്‍ ഇടുക്കിയില്‍ നിന്ന് നേരിട്ട് ഷോക്കടിക്കാന്‍ പാകത്തില്‍ ഈ മാന്യന്‍ നിന്നുതരുന്ന അവസ്ഥ! ഇടതുമുന്നണിയുടെ പ്രഖ്യാപിതനയങ്ങളെ തുരങ്കം വച്ച് മാഫിയാസേവ നടത്തുന്ന കുര്യനെന്ന ഈ മൂടില്ലാത്താളിയെ അടിയന്തിരമായി പിഴുതെറിഞ്ഞില്ലെങ്കില്‍ അതൊരു ദുരന്തം തന്നെയാകുമെന്നതില്‍ ദേവികയ്ക്ക് ദുഃഖമുണ്ട്.കഴിഞ്ഞ ദിവസമാണ് കൃഷി വകുപ്പിനെതിരെ പി.എച്ച് കുര്യന്‍ രൂക്ഷവിമർശനം ഉന്നയിച്ചത്. കൃഷി മന്ത്രിയും വകുപ്പും മോക്ഷം കിട്ടാന്‍വേണ്ടിയാണ് നെല്‍കൃഷി നടത്തുന്നതെന്നും കുട്ടനാട്ടിലെ നെല്‍കൃഷി വലിയ നഷ്ടമാണെന്നും അനാവശ്യമായി നടത്തിയ കൃഷിയാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ ഒരു കാരണമെന്നുമായിരുന്നു കുര്യൻ‌റെ വിമർശനം. ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പ്രളയബാധിതരുടെ പുനരധിവാസവും കുട്ടനാടിന്റെ പുനര്‍നിര്‍മ്മാണവും എന്ന സെമിനാറിലാണ് പിഎച്ച് കുര്യന്‍ നെല്‍കൃഷി വ്യാപിപ്പിക്കാന്‍ കൃഷി വകുപ്പും മന്ത്രിയും നടത്തുന്ന നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. പടശേഖരങ്ങളില്‍ നെല്‍കൃഷി ഒഴിവാക്കി വെള്ളം കയറിക്കിടക്കാനുള്ള അവസരം ഒരുക്കണം. മീന്‍കൃഷി അടക്കം നടപ്പാക്കുകയാണ് നല്ലത്. കുട്ടനാട്ടിലെ കൃഷിയെ കുറിച്ച് വിശദമായ പഠനം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ പ്രളയബാധിതമേഖലകളിലെ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന പേരിൽ പി.എച്ച് കുര്യനെ മുഖ്യമന്ത്രി പിണറായി വിജയൻ ശാസിച്ചതായി വാർത്ത വന്നിരുന്നു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നിരുന്നു.
First published: September 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...