തിരുവനന്തപുരം: കേരളാ കോൺഗ്രസ് എമ്മിന്റെ ഇടതു മുന്നണി പ്രവേശത്തിലെ അതൃപ്തി മാറാതെ സിപിഐ. ജോസിന്റെ പാർട്ടിയുടെ വരവ് മുന്നണിയെ ശക്തിപ്പെടുത്തിയെന്നും മധ്യകേരളത്തിൽ വലിയ നേട്ടമായെന്നുമാണ് സിപിഎം വിലയിരുത്തിയത്. എന്നാൽ കേരളാ കോൺഗ്രസ് എം വന്നതു കൊണ്ട് മുന്നണിക്കുണ്ടായതിനെക്കാൾ നേട്ടം അവർക്കുണ്ടായി എന്നായിരുന്നു സിപിഐയുടെ വിലയിരുത്തൽ. ഇപ്പോൾ തെരഞ്ഞെടുപ്പ് അവലോക റിപ്പോർട്ടിൽ ജോസ് കെ.മാണിയുടെ ജനകീയതയിലാണ് സിപിഐ സംശയം പ്രകടിപ്പിക്കുന്നത്.
പാലായെ കുറിച്ചുള്ള സിപിഐ അവലോകന റിപ്പോർട്ടിലെ വിലയിരുത്തൽ ഇങ്ങനെ.പാലായിൽ ജോസ് കെ.മാണി ആയിരുന്നു ഇടതു മുന്നണി സ്ഥാനാർഥി. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ച പാലാ മണ്ഡലം ഇത്തവണ യുഡിഎഫ് പിടിച്ചു. യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസിനെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തെ ഒരു വിഭാഗം തയാറായില്ല. കേരളാ കോൺഗ്രസ് പ്രവർത്തകരിലും ഒരു നിസ്സംഗത ഉണ്ടായിരുന്നു. ഒരു പഞ്ചായത്ത് ഒഴികെ ബാക്കി എല്ലായിടവും യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയുടെ ജനകീയത എൽഡിഎഫ് സ്ഥാനാർഥിക്ക് ഇല്ലാതെ പോയതും പരാജയ കാരണമായി കോട്ടയം ജില്ലാ കമ്മിറ്റി വിലയിരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട്.
കേരളാ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ പാലായിലും കടുത്തുരുത്തിയിലും പരാജയപ്പെട്ടതും എൽഡിഎഫ് സ്വാധീന മേഖലകളിൽ കേരളാ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചതുമാണ് മുന്നണി പ്രവേശം കൊണ്ട് ഇടതു മുന്നണിക്ക് ഉണ്ടായതിനെക്കാൾ നേട്ടം കേരളാ കോൺഗ്രസിന് ഉണ്ടായതെന്ന വിലയിരുത്തലിലേക്ക് സിപിഐയെ എത്തിച്ചത്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ ചർച്ചയ്ക്ക് സംസ്ഥാന കൗൺസിലിൽ മറുപടി പറഞ്ഞപ്പോൾ കാനം രാജേന്ദ്രനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
വിഷ്ണു വിനയശീലൻ; മെഴ്സിക്കുട്ടിയമ്മയ്ക്കെതിരേ മുറുമുറുപ്പ്
കുണ്ടറയിലെ സിപിഎം സ്ഥാനാർഥിയും മുൻ മന്ത്രിയുമായ ജെ.മെഴ്സിക്കുട്ടിയമ്മയേും സിപിഐ റിപ്പോർട്ട് പരോക്ഷമായി വിമർശിക്കുന്നു. അത് ഇപ്രകാരമാണ്. കുണ്ടറ യുഡിഎഫ് തിരിച്ചു പിടിച്ച മണ്ഡലമാണ്. എൽഡിഎഫ് സ്ഥാനാർഥിയുടെ സ്വഭാവ രീതിയെ കുറിച്ച് വോട്ടർമാർക്കിടയിൽ രഹസ്യമായ മുറുമുറുപ്പ് ഉണ്ടായിരുന്നു. വിനയ ശീലനായ യുഡിഎഫ് സ്ഥാനാർഥി ഈ ന്യൂനത മുതലാക്കി വോട്ടർമാർക്കിടയിൽ നല്ല അഭിപ്രായം തുടക്കത്തിലേ സൃഷ്ടിച്ചെടുത്തു. ബിജെപിയേയും എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളേയും വശത്താക്കുകയും ചെയ്തു.
കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാലിനെ സിപിഎം ഒതുക്കാൻ നോക്കിയെന്ന വിമർശനവും സിപിഐ ഉന്നയിക്കുന്നു. നല്ല ഐക്യത്തോടെ ശക്തമായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് കൊട്ടാരക്കരയിൽ നടന്നത്. എന്നിട്ടും ഭൂരിപക്ഷം 32,000 ത്തോളം കുറഞ്ഞു. യുഡിഎഫ് സ്ഥാനാർഥിയുടെ മികവും കുടുംബ ബന്ധങ്ങളും യുഡിഎഫിന്റെ മുഴുവൻ വോട്ടും തിരിച്ചു പിടിക്കാൻ അവരെ സഹായിച്ചു. ഇത് എൽഡിഎഫിന്റെ ഭൂരിപക്ഷം വൻ തോതിൽ കുറയാൻ കാരണമായി.
മണ്ഡലത്തിലെ സ്ഥാനാർഥി മോഹികളായ ചിലർ സീറ്റ് കിട്ടാതെ വന്നപ്പോൾ നിരാശരാകുകയും പ്രവർത്തനത്തിൽ ചവിട്ടിപ്പിടിത്തം നടത്തുകയും ചെയ്തിട്ടുണ്ടെന്നും കൊല്ലം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിലുണ്ട്. യാതൊരു സംഘടനാ സംവിധാനവും ഇല്ലാത്ത ദുർബലമായ ആരു പാർട്ടിയുടെ പ്രതിനിധിയാണ് കുന്നത്തൂരിൽ മത്സരിച്ചത്. പ്രചരണ പ്രവർത്തനങ്ങൾക്ക് സമ്പത്ത് കണ്ടെത്തുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പാർട്ടിക്കോ സ്ഥാനാർഥിക്കോ കഴിയാതെ പോയി. ഈ പിന്നോട്ടടി സിപിഐയും സിപിഎമ്മും ചേർന്ന് വളരെ പെട്ടെന്ന് പരിഹരിച്ച് മുന്നേറുകയാണ് ചെയ്തതെന്ന് കുന്നത്തൂരിലെ പ്രവർത്തനത്തെ സിപിഐ വിലയിരുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.