തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എയെ പൊലീസ് അടിച്ചതില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എനിക്ക് ഇങ്ങനെയേ പറയാന്‍ കഴിയൂ. എം.എല്‍.എ സമരത്തിന് പോയതുകൊണ്ട് അടിവാങ്ങിയത്. പൊലീസ് വീട്ടില്‍ക്കയറി തല്ലിയിട്ടില്ല. സംഭവത്തില്‍ കളക്ടറോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സി.പി.ഐ നേതാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലേയെന്നു പൊലീസിനോട് ചോദിക്കണമെന്നും കാനം പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുമായി എ.കെ.ജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കാനം. സംഭവത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്ട്ടിന്മേല് നടപടിയുണ്ടാകും. റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കാനം പറഞ്ഞു. അതേസമയം മന്ത്രിസഭാ യോഗത്തില്‍ എ.കെ ബാലന് വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്തയും കാനം നിഷേധിച്ചു. ഇക്കാര്യം മന്ത്രി തന്നെ നിഷേധിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രാഹമിനും സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനും പൊലീസിന്റെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ സി.പി.ഐ മന്ത്രിമാര്‍ രംഗത്തെത്തിയെങ്കിലും കാനം രാജേന്ദ്രന് പ്രതികരിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കാനത്തിന്റെ മൗനത്തിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാനം ഇന്ന് മുഖ്യമന്ത്രിയെ കണ്ടതും മാധ്യമങ്ങളോട് പ്രതകരിച്ചതും.
വൈപ്പിന്‍ സര്‍ക്കാര്‍ കോളജില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി റേഞ്ച് ഐ.ജിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിലാണ് എല്‍ദോ എബ്രാഹാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പൊലീസിന്റെ ലാത്തിയടിയേറ്റത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.