തിരുവനന്തപുരം: പുള്ളിപ്പുലിയുടെ പുള്ളി മായില്ലെന്ന് പറഞ്ഞതുപോലെയാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരെയൊക്കെ കണ്ടാലും ഹിന്ദുത്വ രാഷ്ട്രീയം തുടരും. ഇക്കാര്യം സഭാധ്യക്ഷന്‍മാര്‍ക്കും നാട്ടുകാര്‍ക്കും അറിയെമെന്ന് കാനം പറഞ്ഞു.
തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുന്നതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അവകാശമുണ്ട്. അതിനെയൊന്നും നമ്മൾ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് ഏഴിന് എറണാകുളത്ത് ടാജ് മലബാറിലാണ് ക്രൈസ്തവ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. എട്ട് സഭാ മേലധ്യക്ഷന്മാരും പാർട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാൻ പിടിച്ച ഡോ. കെ. എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
മാർ ജോർജ്ജ് ആലഞ്ചേരി (സിറോ മലബാർ സഭ), ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ( ഓർത്തഡോക്സ് സഭ), ജോസഫ് മാർ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്ക സഭ, കോട്ടയം), മാർ ഔജിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കർദ്ദിനാൾ മാർ ക്ലീമിസ് (സിറോ മലങ്കര സഭ), ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ, കുര്യാക്കോസ് മാർ സേവേറിയൂസ് (ക്നാനായ സിറിയൻ സഭ, ചിങ്ങവനം) എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Cpi, Kanam rajendran, PM Modi Kerala Visit