തിരുവനന്തപുരം: ജോസ് കെ.മാണി ജനകീയനല്ലെന്ന അവലോകന റിപ്പോർട്ടിലെ പരാമർശം ഒഴിവാക്കണമെന്ന കേരളാ കോൺഗ്രസ് ആവശ്യം സി പി ഐ തള്ളി. ആരു പറഞ്ഞാലും അവലോകന റിപ്പോർട്ട് തിരുത്തില്ലെന്നും അതാവശ്യപ്പെടാൻ പോലും ഒരു പാർട്ടിക്കും അധികാരമില്ലെന്നുമാണ് സിപിഐ നിലപാട്. അതേസമയം സിപിഐക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് കേരള കോണ്‍ഗ്രസ് എം.
കേരള കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനം കൊണ്ട് മുന്നണിക്ക് കാര്യമായ നേട്ടമുണ്ടായിട്ടില്ല. ജോസ് കെ മാണി ജനകീയനല്ലാത്തത് കൊണ്ടാണ് പാലായില്‍ പരാജയപ്പെട്ടത് തുടങ്ങിയ കാര്യങ്ങള്‍ അവലോകന റിപ്പോര്‍ട്ടില്‍ സിപിഐ ഉള്‍പ്പെടുത്തിയതോടെയാണ് ഇരു പാര്‍ട്ടികളുടെ തമ്മിലുള്ള പരസ്യം തര്‍ക്കം ആരംഭിച്ചത്. കേരള കോണ്‍ഗ്രസ് എം റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തുമ്പോഴും നിലപാടില്‍ നിന്ന് സിപിഐ പിന്നോട്ടില്ല.
14 ജില്ലാ കമ്മിറ്റികളും തയ്യാറാക്കി നല്കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് അവലോനക റിപ്പോര്‍ട്ട് സംസ്ഥാനനേതൃത്വം അംഗീകരിച്ചത്. തങ്ങളുടെ പാര്‍ട്ടിയുടെ വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. അതിൽ മാറ്റം വരുത്താനാകില്ല. കേരള കോണ്‍ഗ്രസ് എമ്മിന് അവരുടേതായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമുണ്ടാകും. അത് എൽഡിഎഫിൽ ചര്‍ച്ചയ്ക്ക് വരുകയാണെങ്കില്‍ പാര്‍ട്ടി നിലപാട് യോഗത്തില്‍ പറയുമെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി.
Also Read-
ഇടതു മുന്നണിക്ക് തലവേദനയായി CPI- കേരളാ കോൺഗ്രസ് എം പോര്; സിപിഐക്കെതിരെ ജോസ് പക്ഷം മുന്നണി നേതൃത്വത്തെ സമീപിച്ചേക്കും
അതേസമയം സിപിഐയുടെ പരസ്യ വിമര്‍ശനങ്ങള്‍ക്കെതിരെ മുന്നണി നേതൃത്വത്തിന് പരാതി നല്‍കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കം. സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാവും പരാതി. എതിര് ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നതെന്ന പരാതിയാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളത്.
Also Read-
'സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു, ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടു'; മുസ്ലിംലീഗ്, MSF നേതൃത്വത്തിനെതിരെ ഹരിത മുൻ നേതാക്കൾ
കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി പ്രവേശനത്തെ ആദ്യഘട്ടം മുതൽ എതിർത്ത പാർട്ടിയാണ് സിപിഐ. എന്നാൽ പിന്നീട് സിപിഎം നിലപാടിൽ ഉറച്ചു നിന്നതോടെ സി പി ഐ വഴങ്ങി. കേരളാ കോൺഗ്രസ് എം വന്നാൽ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന പദവി നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് സിപിഐ എതിർപ്പിന് കാരണമെന്ന വിമർശനമുയർന്നു. നിയമസഭയിലെ രണ്ടു പാർട്ടികളുടേയും പ്രാതിനിധ്യം താരതമ്യം ചെയ്തായിരുന്നു കാനം രാജേന്ദ്രൻ്റെ മറുപടി. കേരളാ കോൺകോൺഗ്രസിൻ്റെ വരവ് മുന്നണിയെ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷ തെരഞ്ഞെടുപ്പിന് മുമ്പ് കാനം പങ്കുവയ്ക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിൽ സിപിഐക്ക് ഭേദപ്പെട്ട വിജയം ലഭിക്കുകയും പാലാ ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ കേരളകോൺഗ്രസ് തോൽക്കുകയും ചെയ്തതോടെയാണ് കേരളാ കോൺഗ്രസിനെതിരേ സിപിഐ വീണ്ടും രംഗത്തെത്തിയത്. കേരള കോൺഗ്രസിൻ്റെ വരവ് മുന്നണി ഉണ്ടാക്കിയതിനെക്കാൾ ഗുണം ആ പാർട്ടിക്ക് ലഭിച്ചുവെന്നാണ് സിപിഐയുടെ ഇപ്പോഴത്തെ നിലപാട്. പാലായിലെ പരാജയകാരണം ജോസ് കെ മാണി ജനകീയനല്ലെന്നു കൂടി പറഞ്ഞതോടെ തിരിച്ചടിക്കാൻ കേരളാ കോൺഗ്രസും നിർബന്ധിതമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.