• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM ACTIVISTS PROTEST CONTINUES IN KUTTIYADI UPDATE AS TV

Assembly Election 2021 | കുറ്റ്യാടിയിൽ നേതൃത്വത്തിന്‍റെ അനുനയ ശ്രമങ്ങൾക്ക് വഴങ്ങാതെ സിപിഎം പ്രവര്‍ത്തകർ; പ്രതിഷേധം തുടരുന്നു

കുറ്റ്യാടിയിലെ പ്രതിഷേധത്തില്‍ സിപിഎമ്മിന് മാത്രമല്ല ആശങ്ക. ജയസാധ്യതയുള്ള മണ്ഡലം കൈവിട്ടുപോവുമോയെന്ന ഭയം കേരള കോണ്‍ഗ്രസിനുമുണ്ട്.

കുറ്റ്യാടിയിലെ പ്രതിഷേധത്തില്‍ സിപിഎമ്മിന് മാത്രമല്ല ആശങ്ക. ജയസാധ്യതയുള്ള മണ്ഡലം കൈവിട്ടുപോവുമോയെന്ന ഭയം കേരള കോണ്‍ഗ്രസിനുമുണ്ട്.

കുറ്റ്യാടിയിലെ പ്രതിഷേധത്തില്‍ സിപിഎമ്മിന് മാത്രമല്ല ആശങ്ക. ജയസാധ്യതയുള്ള മണ്ഡലം കൈവിട്ടുപോവുമോയെന്ന ഭയം കേരള കോണ്‍ഗ്രസിനുമുണ്ട്.

  • Share this:
കോഴിക്കോട്:  അനുനയശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോവുകയാണ് കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകരും അനുയായികളും.  പരസ്യപ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് നേരത്തെ  പരിഗണിക്കപ്പെട്ടിരുന്ന കെ പി കുഞ്ഞമ്മദ് കുട്ടി തന്നെ പറഞ്ഞിട്ടും കൂടുതൽ ഇടങ്ങളിലേക്ക് പ്രതിഷേധം പടരുകയാണ്. തീക്കുനിയിലും കുറ്റ്യാടിയിലും ഇന്നും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കുറ്റ്യാടിയിലെ വാഹനങ്ങളില്‍ വരെയുണ്ട് കുഞ്ഞമ്മദ് കുട്ടിക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള സ്റ്റിക്കറുകള്‍.

ഇന്നും ചെറുപ്രകടനങ്ങള്‍ നടത്താന്‍ സിപിഎം പ്രവര്‍ത്തകരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ആഹ്വാനമുണ്ട്. കുറ്റ്യാടി കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനും പദ്ധതിയുണ്ട്. നാളെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായാല്‍ കുറ്റ്യാടി കേന്ദ്രീകരിച്ച് വലിയ പ്രതിഷേധത്തിനുള്ള മുന്നൊരുക്കം നടക്കുന്നു. ഇതെല്ലാം നേതൃത്വത്തെ ആശങ്കയിലാക്കുന്ന കാര്യങ്ങളാണ്.

Also Read-Assembly Election 2021 | പൊന്നാനിയിൽ സിപിഎമ്മിൽ പ്രതിഷേധം പുകയുന്നു; അനുനയ നീക്കവുമായി നേതൃത്വം

നേതൃത്വം ഇടപെട്ടിട്ടും തണുക്കാതെ പ്രവര്‍ത്തകര്‍

പാര്‍ട്ടി അംഗങ്ങളുള്‍പ്പെടെ നടത്തിയ പ്രതിഷേധത്തെ സിപിഎം ഗൌരവമായാണ് കാണുന്നത്. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. കുറ്റ്യാടി മണ്ഡലം കേരളകോണ്‍ഗ്രസ് എം(ജോസ്) വിഭാഗത്തിന് വിട്ട് നല്‍കിയെന്ന പേര് പറഞ്ഞ് തന്റെ പേരും ഫോട്ടോയും വെച്ച് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിലൂടെ അഭ്യർഥിച്ചിരുന്നു.

ഇടതുപക്ഷ സര്‍ക്കാറിന്റെ തുടര്‍ഭരണ സാധ്യതക്ക് മങ്ങലേല്‍പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കള്‍ വീണു പോകരുത്. സി.പി.എം വിരുദ്ധ മാധ്യമ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണെന്നുമായിരുന്നു കെ പി കുഞ്ഞമ്മദ് കുട്ടിയുടെ പോസ്റ്റ്. എന്നാല്‍ പോസ്റ്റിനടിയിലും കുഞ്ഞമ്മദ് കുട്ടി തന്നെയാണ് കുറ്റ്യാടിയിലെ സ്ഥാനാര്‍ഥിയെന്നും കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെ കുറ്റ്യാടിയില്‍ വേണ്ടെന്നുമുള്ള നിരവധി കമന്‍റുകളുണ്ട്. കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിക്കുന്നത്.

മുഖ്യമന്ത്രി ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ്

കുറ്റ്യാടിയിലെ പ്രതിഷേധത്തില്‍ സിപിഎമ്മിന് മാത്രമല്ല ആശങ്ക. ജയസാധ്യതയുള്ള മണ്ഡലം കൈവിട്ടുപോവുമോയെന്ന ഭയം കേരള കോണ്‍ഗ്രസിനുമുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് സിപിഎം പ്രവര്‍‌ത്തകര്‍ വിട്ടുനിന്നാല്‍ ജയസാധ്യത മങ്ങും. പ്രതിഷേധമറിയിക്കാന്‍ വോട്ട് മറിക്കുമോയെന്ന ഭയവും കേരള കോണ്‍ഗ്രസിനുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ടിടപെടണമെന്ന് കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം ജില്ലാ അധ്യക്ഷന്‍ ടി എം ജോസഫ് ന്യൂസ് 18നോട് പറഞ്ഞു.

പ്രതിഷേധം ജില്ലാ നേതൃത്വത്തിനെതിരെ

സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും മുന്‍ എംഎല്‍എ കെ കെ ലതികയ്ക്കും എതിരെയാണ് വാട്ട്സ്അപ്പ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങളധികവും. കെ പി കുഞ്ഞമ്മദ് കുട്ടിയെ ഒതുക്കാനുള്ള ശ്രമമാണെന്ന ആരോപണം ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുന്നു. കുറ്റ്യാടി സീറ്റിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെത്തുടര്‍ന്ന് ഉടലെടുത്ത ആഭ്യന്തര പ്രശ്നങ്ങളും ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

2016ല്‍ അന്നത്തെ സിറ്റിങ് എംഎല്‍എ കെ കെ ലതികയ്ക്ക് പകരം കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ പരിഗണിക്കണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. എന്നാല്‍ നേതൃത്വം ഈ തീരുമാനത്തിന് വഴങ്ങിയില്ല. ഒടുവിൽ ഫലം വന്നപ്പോൾ കെ.കെ ലതിക 1157 വോട്ടിന് പരാജയപ്പെട്ടു. ഇത്തവണയും കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കാതിരിക്കാനാണ് കുറ്റ്യാടി കേരള കോണ്‍ഗ്രസിന് നല്‍കിയതെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

വടകര താലൂക്കില്‍ പാര്‍ട്ടി ചിഹ്നമില്ല

കുറ്റ്യാടി സീറ്റ് വിട്ടു നല്‍കുന്നതിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഉയര്‍ത്തുന്ന മറ്റൊരു പ്രശ്നമാണ് വടകര താലൂക്കിലെ മൂന്ന് മണ്ഡലങ്ങളിലും സിപിഎമ്മിന് സ്ഥാനാര്‍ഥികളുണ്ടാവില്ല എന്നത്. വടകരയില്‍ എല്‍ ജെ ഡിയും നാദാപുരത്ത് സിപിഐയുമാണ് മത്സരിക്കുന്നത്. കുറ്റ്യാടി കേരള കോണ്‍ഗ്രസിന് നല്‍കുന്നതോടെ സിപിഎം ചിത്രത്തില്‍ നിന്ന് ഇല്ലാതാകും.  ഘടക കക്ഷികളുടെ ശക്തി നോക്കാതെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളെല്ലാം തീറെഴുതിക്കൊടുത്തത് എന്ത് തീരുമാനമെന്നാണ് പ്രവര്‍ത്തകരുടെ ചോദ്യം.
Published by:Asha Sulfiker
First published:
)}