തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.  തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചതിനുശേഷം തെരഞ്ഞെടുപ്പ് മരവിപ്പിക്കാന്‍ കമ്മിഷന്‍ എടുത്ത തീരുമാനം നിലവിലുള്ള നിയമസഭാ അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും സി.പി.എം ആരോപിച്ചു.

സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴിപ്പെട്ട് തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. അത് സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ ജനങ്ങള്‍ സംശയത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കും. 2016-ല്‍ അസംബ്ലി തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതിന് ശേഷമാണ് മൂന്ന് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്.

Also Read ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെ; തെളിവുകൾ പുറത്ത്

ഇത്തവണയും മാര്‍ച്ച് 24-ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറക്കി. മാര്‍ച്ച് 31-ാം തീയതി മൂന്ന് മണി വരെ നോമിനേഷന്‍ സമര്‍പ്പിക്കാമെന്ന് റിട്ടേണിംഗ് ഓഫീസര്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ഏപ്രില്‍ 12-ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടത്തുക എന്ന് റിട്ടേണിംഗ് ഓഫീസര്‍ ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ച നടപടി ദുരൂഹമാണ്.

Also Read സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ അതില്‍ ഇടപെടാന്‍ പാടില്ലെന്ന് നിരവധി സുപ്രീംകോടിതി വിധികള്‍ നിലവിലുണ്ട്. ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റേണ്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ മരവിപ്പിച്ച നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിക്കണമെന്നും നിയമസഭയുടെയും, അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 12 ന് നടത്താനായിരുന്നു തീരമാനം. വയലാർ രവി, കെ. കെ രാഗേഷ്, അബ്ദുൾ വഹാബ് എന്നിവരുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മൂന്ന് എം.പിമാരുടേയും കാലാവധി ഏപ്രിൽ 21 ന് അവസാനിക്കും.

രാജ്യസഭ

കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് എന്ന പേരിൽ ഇന്നത്തെ രാജ്യസഭ നിലവില്‍വന്നത് 1952 ഏപ്രില്‍ മൂന്നിനാണ്. 1952 മെയ് 13ന് പേര് ഹിന്ദിയില്‍ രാജ്യസഭ എന്നാക്കി. ഡോ. എസ് രാധാകൃഷ്ണനായിരുന്നു ആദ്യ അധ്യക്ഷന്‍. എസ് വി കൃഷ്ണമൂര്‍ത്തി റാവു ആദ്യ ഡെപ്യൂട്ടി ചെയര്‍മാനുമായി. ഉപരാഷ്ട്രപതി ചെയര്‍മാനും അംഗങ്ങള്‍ക്കിടയില്‍നിന്ന് തെരഞ്ഞെടുക്കുന്നയാള്‍ വൈസ് ചെയര്‍മാനുമാകുന്നു.

പരമാവധി അംഗസംഖ്യ 250

രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. ഇപ്പോള്‍ 245 അംഗങ്ങളാണുള്ളത്. ഇവരില്‍ 233 പേരെ തെരഞ്ഞെടുക്കുകയും 12 പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുകയുമാണ്. തെരഞ്ഞെടുക്കുന്നവര്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. സംസ്ഥാന നിയമസഭാംഗങ്ങള്‍ ഒറ്റ കൈമാറ്റ വോട്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.

Also Read- കള്ളവോട്ട് ആരോപണം: ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

അംഗങ്ങൾ ഇങ്ങനെ

ജനസംഖ്യാ ആനുപാതികമായി ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഭരണഘടനയുടെ നാലാം ഷെഡ്യൂളില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍- 31. കേരളത്തിന് 9 അംഗങ്ങളുണ്ട്. ഡല്‍ഹി (3), പുതുശേരി (1) എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. ആന്ധ്രപ്രദേശില്‍നിന്ന് തെലങ്കാന വേര്‍പെട്ടപ്പോള്‍ ആന്ധ്രയില്‍നിന്ന് ആകെയുള്ള രാജ്യസഭാംഗങ്ങളടെ എണ്ണവും വിഭജിക്കപ്പെട്ടു.

ആന്ധ്ര- 11, തെലങ്കാന- 7 ,അരുണാചല്‍പ്രദേശ്- 1, അസം- 7, ബിഹാര്‍- 16, ഛത്തീസ്ഗഢ്- 5, ഗോവ- 1, ഗുജറാത്ത്-11, ഹരിയാന- 5, ഹിമാചല്‍പ്രദേശ്- 3, ജമ്മു കശ്മീര്‍- 4, ഝാര്‍ഖണ്ഡ്- 6, കര്‍ണാടകം- 12, മധ്യപ്രദേശ്- 11, മഹാരാഷ്ട്ര- 19, മണിപ്പുര്‍- 1, മേഘാലയ- 1, മിസേറം-1,നാഗാലന്‍ഡ്- 1, ഒറീസ- 10, പഞ്ചാബ്- 7, രാജസ്ഥാന്‍-10, സിക്കിം- 1, തമിഴ്നാട്- 18, ത്രിപുര- 1, ഉത്തരാഞ്ചല്‍-3, പശ്ചിമ ബംഗാള്‍- 16 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങള്‍.

നോമിനേറ്റഡ് അംഗങ്ങള്‍

നോമിനേറ്റഡ് അംഗങ്ങൾ സാഹിത്യം, കല, ശാസ്ത്രം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ മികവു തെളിയിച്ചവരാകും. രാജ്യസഭ സ്ഥിരംസഭയെന്നാണ് അറിയപ്പെടുന്നത്. ഒരിക്കലും പിരിച്ചുവിടില്ല. രണ്ടുവര്‍ഷം കൂടുമ്പോള്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കും.

കാലാവധി ആറുവർഷം

ആറുവര്‍ഷമാണ് ഒരംഗത്തിന്റെ കാലാവധി. എന്നാല്‍ ഒരാള്‍ മരിക്കുകയോ രാജിവയ്ക്കുകയോ മറ്റോ ചെയ്ത് ഉണ്ടാകുന്ന ഒഴിവില്‍ തെരഞ്ഞെടുക്കുന്നയാള്‍ക്ക് നിലവിലുണ്ടായിരുന്ന അംഗത്തിന്റെ ശേഷിച്ച കാലാവധി മാത്രമേ ലഭിക്കൂ.

30 വയസുതികഞ്ഞ ഇന്ത്യൻ പൗരന് മത്സരിക്കാം

മുപ്പതു വയസ്സ് തികഞ്ഞ ഒരു ഇന്ത്യന്‍ പൗരന് രാജ്യസഭയിലേക്ക് മത്സരിക്കാം. ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാന്‍ 25 വയസ്സ് തികഞ്ഞാല്‍മതി.

Also Read- ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോക്കണമെന്ന് ബിജെപി നേതാക്കളോട് ഒ രാജഗോപാല്‍

ഒറ്റ കൈമാറ്റ വോട്ട്

വോട്ടിങ് വേണ്ടിവന്നാല്‍ ഒറ്റ കൈമാറ്റ വോട്ട് (Single Transferable Vote) ആണ് ഉപയോഗിക്കുന്നത്. ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഒരേസമയം വോട്ട്ചെയ്യാന്‍ അവസരം നല്‍കുന്ന തെരഞ്ഞെടുപ്പു രീതിയാണിത്. ഒരാള്‍ക്ക് 1, 2, 3 തുടങ്ങിയ മുന്‍ഗണനാക്രമം നല്‍കി ആകെയുള്ള സ്ഥാനാര്‍ഥികള്‍ക്കെല്ലാം വോട്ട്ചെയ്യാം. ഇങ്ങനെ കിട്ടുന്ന വോട്ടിനെ ഒന്നാം വോട്ട്, രണ്ടാം വോട്ട്, മൂന്നാം വോട്ട് എന്നീ പേരുകളിൽ വിളിക്കുന്നു. ഒരു നിശ്ചിത ഒന്നാം വോട്ട് കിട്ടുന്നവര്‍ ആദ്യറൗണ്ടില്‍ത്തന്നെ വിജയിക്കും. പിന്നീട് രണ്ടാംവോട്ടും മൂന്നാം വോട്ടും മറ്റും പരിഗണിച്ച് വിജയിയെ നിര്‍ണയിക്കും.

പ്രത്യേക സൂത്രവാക്യം

ജയിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ഒന്നാം വേട്ടിന്റെ എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക സൂത്രവാക്യമുണ്ട്. (ആകെ എംഎൽഎമാരുടെ എണ്ണം X 100) ‌/ (ഒഴിവുകൾ + 1) + 1 എന്നതാണ് ഈ കണക്ക്. ഇതിന് ഡ്രൂപ് ക്വാട്ട (Droop quota) എന്നുപറയും. ഉദാഹരണത്തിനായി വിജയിക്കാനായി വേണ്ടത് 35 വോട്ടാണെങ്കിൽ വോട്ടെണ്ണുമ്പോള്‍ 35 വോട്ട് കിട്ടുന്നവരെ ആദ്യം വിജയിയായി പ്രഖ്യാപിക്കും. ഒഴിവ് പിന്നെയും ബാക്കിയാണെങ്കില്‍ വോട്ടെണ്ണല്‍ തുടരും.

വിജയിച്ചയാള്‍ക്ക് 35 വോട്ടില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ആ അധികവോട്ട് അയാള്‍ക്ക് വോട്ട്ചെയ്തവര്‍ രണ്ടാംവോട്ട് ആര്‍ക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ വോട്ടായി മാറും. (ഇതേ രീതിയില്‍ അവരുടെ മൂന്നാം വോട്ട് രണ്ടാംവോട്ടുമാകും). ഈ വോട്ടുകള്‍ ലഭിക്കുമ്പോള്‍ 35 വോട്ട് തികയുന്ന സ്ഥാനാര്‍ഥിയെയും വിജയിയായി പ്രഖ്യാപിക്കും. പിന്നെയും ഒഴിവ് ബാക്കിയുണ്ടെങ്കില്‍ വോട്ടെണ്ണല്‍ തുടരും. ആരും 35 വോട്ട് നേടാത്ത സ്ഥിതിവന്നാല്‍ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയ ആളെ ഒഴിവാക്കും. ഇയാളുടെ രണ്ടാം വോട്ടും അവശേഷിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു മാറ്റും.

CPM, Election Commission, Rajya Sabha Election