• HOME
 • »
 • NEWS
 • »
 • kerala
 • »
 • Rajya Sabha| യുവാക്കളെ ഇറക്കി ഇടതുമുന്നണിയുടെ ചെക്ക്; കോൺഗ്രസ് ഇനി എന്തു ചെയ്യും?

Rajya Sabha| യുവാക്കളെ ഇറക്കി ഇടതുമുന്നണിയുടെ ചെക്ക്; കോൺഗ്രസ് ഇനി എന്തു ചെയ്യും?

സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചതിലല്ല, പുതുമുഖങ്ങളായ യുവാക്കൾക്ക് സിപിഎമ്മും സിപിഐയും അവസരം നൽകിയത് തന്നെയാണ് കോൺഗ്രസിനെ വെട്ടിലാക്കുന്നത്. മറുവശത്ത് കെ വി തോമസ് അടക്കമുള്ളവർ കോൺഗ്രസിൽ സീറ്റിനായി കാത്തുകിടക്കുമ്പോൾ യുവജനസംഘടനകളുടെ അമരത്തുള്ള രണ്ടുപേർക്കാണ് എൽഡിഎഫ് ഇത്തവണ അവസരം നൽകിയത്.

 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് രാജ്യസഭയിലേക്ക് ആകെയുള്ള മൂന്ന് ഒഴിവിൽ യുഡിഎഫിന് ജയിക്കാവുന്ന ഏക സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് (Congress) ആലോചിച്ച് തുടങ്ങും മുൻപേ തങ്ങൾക്ക് ജയിക്കാവുന്ന രണ്ട് സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി (LDF). സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചതിലല്ല, പുതുമുഖങ്ങളായ യുവാക്കൾക്ക് സിപിഎമ്മും സിപിഐയും അവസരം നൽകിയത് തന്നെയാണ് കോൺഗ്രസിനെ വെട്ടിലാക്കുന്നത്. മറുവശത്ത് കെ വി തോമസ് അടക്കമുള്ളവർ കോൺഗ്രസിൽ സീറ്റിനായി കാത്തുകിടക്കുമ്പോൾ യുവജനസംഘടനകളുടെ അമരത്തുള്ള രണ്ടുപേർക്കാണ് എൽഡിഎഫ് ഇത്തവണ അവസരം നൽകിയത്.

  ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ എ റഹീമിനെ തങ്ങൾക്ക് ലഭിച്ച സീറ്റിൽ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചത്. പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയും എഐവൈഎഫ് നേതാവുമായ പി സന്തോഷ് കുമാറിനെയാണ് സിപിഐ സ്ഥാനാർഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ളവർ ഇത്തവണയെങ്കിലും യുവാക്കൾക്ക് അവസരം നൽകണമെന്ന പതിവു ആവശ്യവുമായി രംഗത്ത് വന്നുകഴിഞ്ഞു. പ്രമുഖരായ പല നേതാക്കളും കാൽനൂറ്റാണ്ടുവരെ രാജ്യസഭാ സീറ്റുകൾ കൈയിൽവെച്ചതോടെ കഴിവുള്ള ഒട്ടേറെ യുവനേതാക്കൾക്കാണ് രാജ്യസഭയിലെത്താനുള്ള അവസരം നഷ്ടമായതെന്ന് ഇവർ പറയുന്നു.

  കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു

  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയതിന് ശേഷമേ രാജ്യസഭാ സ്ഥാനാർഥി ചർച്ചകൾക്ക് കോൺഗ്രസിൽ ഔദ്യോഗികമായി തുടക്കമാകൂ. കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇതിനകം പൊതുവെ ഉയർന്ന പേരുകൾ മാത്രമേ ചർച്ചയായുള്ളൂ. സുധാകരന്‍റെ ഡൽഹി സന്ദർശനത്തിന് ശേഷം എല്ലാവരുമായും കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കാമെന്നാണ് ചർച്ചയിലെ ധാരണ. ഹൈക്കമാൻഡിന് എന്തെങ്കിലും താൽപര്യം ഉണ്ടെങ്കിൽ അതുകൂടി മനസ്സിലാക്കിയായിരിക്കും സുധാകരൻ മടങ്ങുക.

  Also Read- AA Rahim| കേരളത്തിൽ നിന്ന് പാർലമെന്റംഗമാകുന്ന രണ്ടാമത്തെ 'എ എ റഹീം'; കേന്ദ്രമന്ത്രിയായിരുന്ന റഹീമിനെ അറിയാമോ?

  എ കെ ആന്‍റണിയുടെ ഒഴിവിൽ മുതിർന്നവരെയാണോ യുവാക്കളെയാണോ രാജ്യസഭയിലേക്ക് അയക്കേണ്ടതെന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമുണ്ട്. എം എം ഹസനെ രാജ്യസഭയിലേക്കയച്ച് പകരം കെ സി ജോസഫിനെ യുഡിഎഫ് കൺവീനറാക്കുകയെന്ന നിർദേശമാണ് എ ഗ്രൂപ്പ് മുന്നോട്ടുവെച്ചത്. പാർട്ടിയിലും മുന്നണിയിലും തഴയപ്പെടുന്നുവെന്ന ന്യൂനപക്ഷ സമുദായങ്ങളുടെ പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമുദായ സന്തുലിതാവസ്ഥ കൂടി കണക്കിലെടുക്കുന്ന ഈ നിർദേശമെന്നാണ് എ ഗ്രൂപ്പിന്റെ വാദം.

  ഹസന് പുറമെ എറണാകുളത്ത് നിന്ന് ജെയ്സൺ ജോസഫിന്‍റെ പേരും എ ഗ്രൂപ്പിന്റെ പരിഗണനയിലുണ്ട്. എന്നാൽ എം ലിജു, ഷാനിമോൾ ഉസ്മാൻ, ജോസഫ് വാഴയ്ക്കൻ, ടി ശരതചന്ദ്രപ്രസാദ് എന്നിവരിൽ ഒരാളെ പരിഗണിക്കണമെന്ന ആവശ്യമാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്നത്. എന്നാൽ കെ വി തോമസ് മത്സരിക്കാൻ താൽപര്യം പരസ്യമായി വ്യക്തമാക്കിയതിന് പിന്നാലെ ഡൽഹിയിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. സിപിഎം ബന്ധം ഉപേക്ഷിച്ച് തറവാട്ടിലേക്ക് തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.

  ലിജു, സതീശൻ പാച്ചേനി, വി ടി ബൽറാം..

  എം ലിജു, സതീശന്‍ പാച്ചേനി എന്നിവർക്ക് പുറമേ യുവനേതാവായ തൃത്താല മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബല്‍റാമിന്റെ പേരും പരിഗണിക്കുന്നുണ്ട്. ഒരു വനിതയ്ക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയാണെങ്കില്‍ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ലാലി വിന്‍സെന്റ് എന്നീ പേരുകള്‍ ഉയര്‍ന്നുവരാം.

  എല്ലാവരെയും ഞെട്ടിച്ച് ശ്രീനിവാസൻ കൃഷ്ണൻ എത്തുമോ?

  രാജ്യസഭ സീറ്റിൽ സംസ്ഥാന കോൺഗ്രസിനെ ഞെട്ടിച്ച് പുതിയ പേര് ഉയർന്നുകേൾക്കുന്നുണ്ട്. എഐസിസി സെക്രട്ടറിയും മലയാളിയുമായ ശ്രീനിവാസൻ കൃഷ്ണൻ. നിലവിൽ തെലങ്കാന സംസ്ഥാനത്തിന്റെ ചുമതലക്കാരനാണ്. രാഹുൽ, പ്രിയങ്ക, റോബർട്ട് വദ്ര എന്നിവരുമായി ഏറെ അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന നേതാവാണ് കൃഷ്ണൻ ശ്രീനിവാസൻ‌.

  സിപി ജോണിനായി സിഎംപി

  ഘടകകക്ഷിയായ സിഎംപി സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. സിപി ജോണിനെ രാജ്യസഭയിലെത്തിക്കാനാണ് സിഎംപി സീറ്റ് ആവശ്യപ്പെടുന്നത്. എന്നാൽ എ കെ ആന്റണി ഒഴിയുന്ന സ്ഥാനത്തേക്ക് മറ്റൊരു പാർട്ടിയിൽ നിന്ന് ആരെയും പരിഗണിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ സിഎംപി കടുത്ത തീരുമാനത്തിലേക്ക് പോകാനുള്ള സാധ്യതയും തള്ളാനാകില്ല.

  Also Read- AA Rahim| DYFI അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം CPM രാജ്യസഭാ സ്ഥാനാർഥി

  കഞ്ഞുകുളിച്ച അവസരങ്ങൾ

  കാൽ നൂറ്റാണ്ടുകാലമാണ് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണി രാജ്യസഭാംഗമായിരുന്നത്. മറ്റൊരു മുതിർന്ന നേതാവായ വയലാർ രവി നാലു തവണയായി രണ്ട് പതിറ്റാണ്ടുകാലം രാജ്യസഭയിൽ ഇടംപിടിച്ചു. 2005 മുതൽ പി ജെ കുര്യനും രാജ്യസഭയില്‍ അംഗമായിരുന്നു. ചുരുക്കി പറഞ്ഞാൽ ഈ കാൽനൂറ്റാണ്ടുകാലം കോൺഗ്രസിലെ ഒരു യുവ നേതാവിനും രാജ്യസഭയിലേക്ക് പോകാൻ അവസരം ലഭിച്ചില്ല. അതേസമയം മറുവശത്ത് സിപിഎം അംഗങ്ങളായി ഒട്ടേറെ പുതുമുഖങ്ങൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

  തെറ്റായ തീരുമാനങ്ങൾ കൊണ്ട് കോൺഗ്രസ് തന്നെ പല അവസരങ്ങളും കളഞ്ഞുകുളിച്ചകാര്യവും യുവ നേതാക്കൾ നേതൃത്വത്തെ ഓർമിപ്പിക്കുന്നു. പിജെ കുര്യൻ ഒഴിഞ്ഞ സീറ്റിൽ മറ്റൊരു കോൺഗ്രസ് നേതാവിന് രാജ്യസഭയിലെത്താമായിരുന്നെങ്കിലും അന്ന് യുഡിഎഫിന് പുറത്തുപോയ കേരള കോൺഗ്രസ് എമ്മിനെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ജോസ് കെ മാണിക്ക് കൈമാറി. കാലാവധി പൂർത്തിയാക്കുന്നതിന് മുൻപേ ജോസ് കെ മാണി രാജിവെച്ചു. പിന്നീട് സംസ്ഥാനത്തെ അംഗബലം കുറഞ്ഞതോടെ ആ സീറ്റ് കോൺഗ്രസിന് തിരികെ കിട്ടിയതുമില്ല. പാലായിൽ പരാജയപ്പെട്ട ജോസ് കെ മാണി തന്നെ ഇടതുമുന്നണിയിലൂടെ അതേ സീറ്റിൽ രാജ്യസഭാംഗമായി.

  Also Read- Rajyasabha Seat| രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐക്കും; പി. സന്തോഷ് കുമാർ CPI സ്ഥാനാർഥി

  2016ൽ കോൺഗ്രസിന്റെ സീറ്റ് വീരേന്ദ്ര കുമാറിന് നൽകി. മുന്നണി മാറിയപ്പോൾ അദ്ദേഹം രാജിവെച്ചു. ഇടതുമുന്നണിയിലൂടെ വീണ്ടും അംഗമായി. പിന്നീട് മകൻ ശ്രേയാംസ് കുമാർ ആ സീറ്റിലെ കാലാവധി പൂർത്തിയാക്കുന്നതാണ് ഇപ്പോൾ ഒഴിവു വരുന്ന ഒരു സീറ്റ്.
  Published by:Rajesh V
  First published: