കോഴിക്കോട്: സി.പി.എം. (CPM) കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തില്‍ പന്തീരങ്കാവ് യു.എ.പി.എ. (UAPA) വിഷയത്തില്‍ പൊലീസിനെതിരെ വിമര്‍ശനം. അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടി ശരിയായില്ലെന്ന് രണ്ട് ലോക്കല്‍ കമ്മിറ്റികളാണ് വിമര്‍ശനമുന്നയിച്ചത്. അലനെയും താഹയെയും അറസ്റ്റ് ചെയ്തത്, യുഎപിഎ ചുമത്തിയ നടപടി ശരിയായില്ലെന്നായിരുന്നു വിമർശനം.
പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ച്ച സംഭവിച്ചുവെന്നതിന്റെ തെളിവാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. അലനും താഹയും പാര്‍ട്ടി കുടുംബാംഗങ്ങളാണ്. ആത്യാന്തികമായി പാര്‍ട്ടിക്ക് നഷ്ടമാണുണ്ടായതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. ഇരുവര്‍ക്കുമെതിരെയുള്ള പൊലീസ് നടപടി ശരിയായില്ലെന്നും വിമര്‍ശനമുയര്‍ന്നു. വിഷയം പഠിക്കാതെ ധൃതിപ്പെട്ട് കേസെടുത്തത് പൊലീസിന്റെ വീഴ്ച്ചയെന്ന് സിപിഎം പ്രതിനിധികള്‍ തന്നെ വിമര്‍ശനമുന്നയിച്ചപ്പോള്‍ സര്ക്കാറിനെയാണിത് വിരല്‍ ചൂണ്ടുന്നത്.
ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അലനും താഹയും അറസ്റ്റിലായപ്പോള്‍ പന്തീരങ്കാവ് ലോക്കല്‍ കമ്മിറ്റി തുടക്കത്തില്‍ പൊലീസ് നിലപാടിന് എതിരായിരുന്നു.
ജില്ലാ കമ്മിറ്റി കണ്ണുരുട്ടുകയും മുഖ്യമന്ത്രിയുടെ പരാമര്‍ശം ചര്‍ച്ചയാവുകയും ചെയ്തതോടെ പന്തീരങ്കാവ് ലോക്കല്‍ കമ്മിറ്റി പിന്‍വാങ്ങുകയായിരുന്നു. താഹയുടെ വീട് നില്ക്കുന്ന പന്തീരങ്കാവും അലന്റെ പ്രദേശത്തെ പന്നിയങ്കരയും ലോക്കല്‍ കമ്മിറ്റികള്‍ സമ്മേളന ചര്‍ച്ചകളില്‍ വിഷയമുന്നയിച്ചില്ലയെന്നതാണ് ശ്രദ്ദേയം. പൊലീസിനെതിരെ വിമര്ശനമുന്നയിച്ചതല്ലാതെ വിഷയത്തില്‍ തുടര്ചര്ച്ചകളൊന്നുമുണ്ടായില്ലയെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ മറുപടി പ്രസംഗം തുടരുകയാണ്.
2019 ലാണ് വിദ്യാർത്ഥികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ. ചുമത്തിയ കേസ് ഒരു മാസത്തിനുള്ളിൽ അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേസിൽ ഇരുവർക്കും എൻ.ഐ.എ. കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അറസ്റ്റ് ചെയ്ത് 10 മാസവും ഒമ്പതു ദിവസവും പിന്നിട്ട ശേഷമാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്. ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപെട്ട് ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് സി.പി.എം. പാർട്ടി അംഗങ്ങളായ അലനേയും താഹയേയും യു.എ.പി.എ. ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇരുവർക്കും യു.എ.പി.എ. ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
കേസ് പിന്നീട് എൻ.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. അറസ്റ്റിലായി പത്ത് മാസവും ഒമ്പത് ദിവസവും പിന്നിടുമ്പോഴാണ് ഇരുവർക്കും ജാമ്യം ലഭിക്കുന്നത്.
മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാസ്പോര്‍ട്ട് കെട്ടിവെയ്ക്കണം. ആഴ്ചയില്‍ ഒരു ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും എൻ.ഐ.എ. കോടതി ഉപാധിയിൽ വ്യക്തമാക്കിയിരുന്നു. അലന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻ.ഐ.എ. സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അലനും താഹയ്ക്കുമെതിരെയുള്ള യു.എ.പി.എ. കേസ് നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ എൻ.ഐ.എ.യും കേരളാ പൊലീസും ഒരുപോലെ വെട്ടിലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.