• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കെ എം മാണി അഴിമതിക്കാരനല്ല, ബാർ കോഴ UDF സർക്കാരിന്റെ അഴിമതി'; കേരളാ കോൺഗ്രസിന്റെ മുറിവുണക്കാൻ സിപിഎമ്മിന്റെ ചടുല നീക്കം

'കെ എം മാണി അഴിമതിക്കാരനല്ല, ബാർ കോഴ UDF സർക്കാരിന്റെ അഴിമതി'; കേരളാ കോൺഗ്രസിന്റെ മുറിവുണക്കാൻ സിപിഎമ്മിന്റെ ചടുല നീക്കം

കേരളാ കോൺഗ്രസിൻ്റെ മുറിവുണക്കാൻ സി പി എമ്മിൻ്റെ ചടുല നീക്കം

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
തിരുവനന്തപുരം: കെ എം മാണി അഴിമതിക്കാരനെന്ന സർക്കാർ അഭിഭാഷകൻ്റെ പരാമർശത്തിൽ കേരളാ കോൺഗ്രസിനുണ്ടാക്കിയ മുറിവുണക്കാൻ സി പി എമ്മിൻ്റെ അതിവേഗ ഇടപെടൽ. മാണി അഴിമതിക്കാരനാണെന്ന് കോടതിയിൽ പറഞ്ഞിട്ടില്ലെന്നും വിവാദം മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും സി പി എം അക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ബാർ കോഴ വ്യക്തിപരമായി കെ.എം. മാണി നടത്തിയ അഴിമതിയല്ലെന്നു പറഞ്ഞ് മാണിക്ക്   സി പി എം ക്ലീൻ ചിറ്റും നൽകി. വിവാദം കേരളാ കോൺഗ്രസിനുണ്ടാക്കിയ പ്രതിസന്ധി തിരിച്ചറിഞ്ഞാണ് സി പി എം ഇടപെടൽ.

വിഷയം പാർട്ടി ചർച്ച ചെയ്ത ശേഷം പിന്നീട് പ്രതികരിക്കാം എന്നായിരുന്നു രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ പറഞ്ഞത്. എന്നാൽ തൊട്ടുപിന്നാലെ  കെ.എം. മാണിയെ അപമാനിച്ചതിലെ വേദന  വ്യക്തമാക്കി കേരളാ കോൺഗ്രസ് നേതാക്കളുടെ വൈകാരിക പ്രതികരണം വന്നു. ഇതിനിടയിൽ ജോസ് കെ മാണി സി പി എം നേതൃത്വവുമായി ബന്ധപ്പെട്ട് പ്രതിഷേധവും വിഷമവും അറിയിച്ചു. പിന്നെ നടന്നത് സി പി എമ്മിൻ്റെ അ സാധാരണ നീക്കങ്ങളായിരുന്നു.  അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ട കേരള കോൺഗ്രസിൻ്റെ രാഷ്ട്രീയ പ്രതിസന്ധിയും കെ.എം.മാണിയെ അപമാനിച്ചെന്ന വികാരവും അതേ അർഥത്തിൽ സി പി എം മനസ്സിലാക്കി.

അജൻഡയിൽ ഇല്ലാത്ത വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ്  ആദ്യം ചർച്ചയ്ക്കെടുത്തു. നിലപാട് പറയാൻ എ.വിജയരാഘവനെ ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റ് യോഗത്തിനിടെ പുറത്തു വന്ന് വിജയരാഘവൻ കെ.എം.മാണിയെ വാഴ്ത്തിയും മാധ്യമങ്ങളെ പഴിച്ചുമാണ് വിജയരാഘവൻ നിലപാടറിയിച്ചത്.

സുപ്രീംകോടതിയിൽ എവിടെയും കെ.എം. മാണി എന്ന പേര് പരാമർശിച്ചിട്ടില്ല. കോടതിയിൽ വന്ന കാര്യങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് വാർത്ത നൽകുകയായിരുന്നു. അതിൽ ദുരുദ്ദേശ്യം ഉണ്ടെന്ന്   എ.വിജയരാഘവൻ ആരോപിച്ചു. എൽ ഡിഎഫിലെ പ്രധാന ഘടക കക്ഷിയാണ് കേരള കോൺഗ്രസ് എം. മുന്നണിയിൽ നല്ല നിലയിൽ കാര്യങ്ങൾ നീങ്ങുന്നുമുണ്ട്. പരസ്പര ബഹുമാനത്തോടെയാണ് ഇടതുമുന്നണിയിലെ ഘടക കക്ഷികൾ പ്രവർത്തിക്കുന്നത്. സ്വാഭാവികമായി ആശയക്കുഴപ്പമുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നെന്നും അവർ വാർത്ത സൃഷ്ടിച്ച് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി ആരോപിച്ചു.

Also Read- പി എസ് ശ്രീധരൻപിള്ള മിസോറാമിൽ നിന്ന് ഗോവയിലേക്ക്; എട്ടു സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ

യുഡിഎഫിൻ്റെ അഴിമതിക്കെതിരെ ആയിരുന്നു ഇടതുമുന്നണിയുടെ സമരം യു ഡി എഫ് സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരായിരുന്നു. ഭരണത്തെയും അവർ അഴിമതിക്കായി ഉപയോഗിച്ചു. അതിനെതിരായ സമരമാണ് സഭയിൽ നടന്നത്. അല്ലാതെ കെ.എം.മാണിക്കെതിരായ സമരമായിരുന്നില്ല എന്നാണ് സിപിഎമ്മിൻ്റെ പുതിയ വ്യാഖ്യാനം.
കെഎം മാണിയെ വെള്ളപൂശിയായിരുന്നു സിപിഎം നേതാവിൻ്റെ പ്രതികരണം.

കെ.എം.മാണി ദീർഘകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവാണ്. അദ്ദേഹം അനുഭവസമ്പത്തുള്ള പൊതുപ്രവർത്തകനുമാണ്. ബാർ കോഴ അന്വേഷിച്ച വിജിലൻസ് തന്നെ കെ.എം. മാണിക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ യുഡിഎഫിൻ്റെ അഴിമതിക്കെതിരെ മാത്രമായിരുന്നു സമരം.  എല്ലാക്കാലത്തും ഭരണം ഉപയോഗിച്ച് വ്യാപകമായ അഴിമതി നടത്തിയ പാർട്ടിയാണ് കോൺഗ്രസ്. കേരള കോൺഗ്രസിന് ഈ വിഷയത്തിൽ അവരുടെ അഭിപ്രായം പറയാം.  മാധ്യമങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വാർത്തകൾ നൽകിയത്. വാർത്തകൾ നിർമ്മിക്കാൻ വിദഗ്ധരായവർ മാധ്യമങ്ങളുടെ കൂട്ടത്തിലുണ്ട് അത്തരക്കാരാണ് ഈ വാർത്തയും നിർമ്മിച്ചത്. യുഡിഎഫിൻ്റെ ഭാഗമായിരുന്ന കേരള കോൺഗ്രസ് അവരെ തള്ളിപ്പറഞ്ഞതാണ് ഇടതു മുന്നണിയിലേക്ക് വന്നത്.  ബാർ കോഴ അഴിമതി യുഡിഎഫ് സർക്കാരിൻ്റെ അഴിമതിയാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.

വിവാദം പ്രതിപക്ഷം ആയുധമാക്കുന്നതിലെ അപകടവും സി പി എം തിരിച്ചറിയുന്നുണ്ട്. കേരള കോൺഗ്രസ് എം ഇടതുമുന്നണിക്ക് ഏറെ പ്രിയപ്പെട്ട പാർട്ടിയാണെന്നും അവരെ പിണക്കാൻ ആഗ്രഹിക്കുല്ലെന്നുമുള്ള സന്ദേശം കൂടിയാണ് സി പി എം നൽകുന്നത്.
Published by:Rajesh V
First published: