പത്തനംതിട്ട: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പണം ആവശ്യപ്പെട്ട് മണല്‍കടത്തുകാരന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച ചേർന്ന തോട്ടപ്പുഴശേരി ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അരുണിന് പിഴവുണ്ടായെന്ന പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. യോഗത്തിൽ പങ്കെടുത്ത അരുൺ മാത്യു തനിക്ക് പിശക് സംഭവിച്ചെന്ന് സമ്മതിച്ചതായാണ് അറിയുന്നത്.
ഇത്തരം പിഴവുകൾ ആവർത്തിക്കാൻ പാടില്ലെന്നും ജാഗ്രതയോടെയുളള പ്രവർത്തനം നടത്തണമെന്ന പൊതുനിർദേശവും യോഗത്തിൽ ഉയർന്നു. പാർട്ടി ജില്ലാസെക്രട്ടേറിയറ്റംഗം എ. പത്മകുമാർ, ജില്ലാ കമ്മിറ്റിയംഗം ആർ. അജയകുമാർ, കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ എന്നിവരും പങ്കെടുത്തു. ജനപ്രതിരോധ ജാഥ ജില്ലയിലെത്താനിരിക്കെ, നടപടി വൈകരുതെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വവും.
പണം ആവശ്യപ്പെട്ടുളള വിവാദ ശബ്ദരേഖയിൽ ഉൾപ്പെട്ടത് അരുൺ തന്നെയെന്ന് പാർട്ടിതല അനൗദ്യോഗിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ശബ്ദരേഖ അരുൺ മാത്യുവിന്റെതാണെന്ന് സി.പി.എം. കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിൻ മുൻപ് വ്യക്തമാക്കിയിരുന്നു. പണം നൽകിയില്ലെങ്കിൽ മണൽവാരുന്ന വിവരം പോലീസിൽ അറിയിക്കുമെന്നും. 3,000 രൂപ നല്‍കാമെന്ന് മണല്‍കടത്തുകാരന്‍ പറയുമ്പോള്‍ തന്റെ ദാനം വേണ്ടെന്നും 15,000 രൂപ വേണമെന്നും അരുണ്‍ ആവശ്യപ്പെടുന്നു ശബ്ദരേഖ വ്യാപകമായി പ്രചരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.