തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി സിപിഎം ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണം നടന്നു. സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിൽ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ ദേശീയ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തുന്നത് ആദ്യമല്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. 1947 ൽ പി കൃഷ്ണപിള്ള പതാക ഉയർത്തിയിട്ടുണ്ട്. ത്യാഗനിർഭര പ്രവർത്തനം കാഴ്ചവച്ചവരായിരുന്നു ഇടതുപക്ഷം. കാർഷിക പരിഷ്കരണമായിരുന്നു സ്വതന്ത്ര്യ സമര കാലത്ത് ഇടതുപക്ഷം ഉയർത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.
പതാക ഉയർത്തലിൽ സ്വാതന്ത്ര്യദിന ആഘോഷം അവസാനിപ്പിക്കില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളിൽ ഇടതുപക്ഷം പങ്കെടുത്തിട്ടുണ്ടെന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുരേന്ദ്രന് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മറ്റി അഗങ്ങളായ എ. കെ ബാലന്. പി കെ ശ്രീമതി, എം. സി ജോസഫൈന് സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ എന്നിവരും സന്നിഹിതരായിരുന്നു.
കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങളെക്കുറിച്ച് സിപിഎമ്മിൻ്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഓഗസ്റ്റ് 15ന് രാത്രി 7 മണിക്ക് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.
വിവിധ ജില്ലാ കമ്മിറ്റി ഓഫീസുകളിൽ ജില്ലാ സെക്രട്ടറിമാർ പതാക ഉയർത്തി. പാര്ട്ടിരൂപീകരണത്തിനു ശേഷം ആദ്യമായാണ് സിപിഎം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തലും മറ്റു വിപുലമായ പരിപാടികളും നടത്തുന്നത്.
Also Read-
സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത്; പൊതുയോഗങ്ങള്‍ ഒഴിവാക്കും; ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍
1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് ലഭിച്ചത് പൂര്‍ണ സ്വാതന്ത്ര്യമല്ല എന്ന നിലപാടിലായിരുന്നു ഇത്രയും കാലം ദിനാചരണത്തിൽ നിന്ന് സിപിഎം വിട്ടുനിന്നത്. എന്നാൽ ഈ വിഷയത്തിൽ ബംഗാളിൽ ഉൾപ്പടെ എതിരാളികളിൽനിന്ന് വലിയ വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്.
ചരിത്രത്തിലാദ്യമായി ഔദ്യോഗികമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിഞ്ഞ ആഴ്ച സമാപിച്ച കേന്ദ്ര കമ്മിറ്റിയിലാണ് സിപിഎം തീരുമാനിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയ പതാക ഉയർത്താനാണ് തീരുമാനിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടാകുമ്പോഴാണ് സിപിഎം കേന്ദ്ര കമ്മിറ്റി ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. പശ്ചിമ ബംഗാൾ ഘടകമാണ് ഈ തീരുമാനത്തിന് മുൻകൈ എടുത്തത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സിപിഎമ്മിന്റെ പോഷക സംഘടനകൾ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സ്വതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യമാണ് ഈ സംഘടനകൾ സ്വാതന്ത്ര്യദിനത്തിൽ ഉയർത്തുന്നത്. എന്നാൽ പാർട്ടി എന്ന നിലയ്ക്ക് സിപിഎം ഇതുവരെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചിട്ടില്ല. ബിജെപിയും സംഘപരിവാറും ഇക്കാര്യം ഉന്നയിച്ച് നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സുപ്രധാന പങ്കും ചരിത്രവും പ്രത്യേകമായി പ്രചരിപ്പിക്കാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മുമ്പ് ,പശ്ചിമ ബംഗാളിൽ ഇടതുമുന്നണി സർക്കാർ 1977 ൽ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രി ജ്യോതിബസു സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ തയ്യാറാകാതിരുന്നത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ അദ്ദേഹം 1989 മുതൽ ബംഗാൾ നിയമസഭയായ റൈറ്റേഴ്സ് ബിൽഡിംഗിന് മുന്നിൽ ദേശീയ പതാക ഉയർത്താൻ തുടങ്ങി.
യാദൃച്ഛികമാകാം, സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സിപിഎം തീരുമാനിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ബംഗാൾ ഘടകമാണ്.
ദീർഘകാലമായുള്ള "തെറ്റിദ്ധാരണകൾ" ഇല്ലാതാക്കാൻ പാർട്ടി സ്വാതന്ത്ര്യദിനാഘോഷം നടത്തണമെന്ന് സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും മുൻ പാർലമെന്ററി നേതാവുമായ സുജൻ ചക്രവർത്തി ബംഗാൾ സംസ്ഥാന കമ്മിറ്റിയിൽ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 15 ന് വിദ്യാർത്ഥികളുടെ പരിപാടി സംഘടിപ്പിക്കുന്നതിലും രാജ്യത്തിന്റെ ചരിത്രം പ്രചരിപ്പിക്കുന്നതിനും അദ്ദേഹം മുൻകൈ എടുത്തു. സംസ്ഥാനത്തെ ചർച്ചകൾക്ക് ശേഷം അദ്ദേഹം ഇക്കാര്യം നിർദ്ദേശമായി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ഇത്തവണത്തെ കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചയിൽ സുജൻ ചക്രവർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനെക്കുറിച്ചും ആവശ്യം ഉന്നയിച്ചു. ഏതായാലും അദ്ദേഹത്തിന്റെ ആവശ്യം ഒടുവിൽ പാർട്ടി അംഗീകരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പോളിറ്റ് ബ്യൂറോയിൽ നടന്ന ചർച്ചയ്ക്ക് ശേഷം, സ്വാതന്ത്ര്യദിനം വിപുലമായി ആചരിക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന 75 ആം സ്വാതന്ത്ര്യദിന ആഘോഷത്തിന് ഇന്ന് തുടക്കം കുറിച്ചതായാണ് സിപിഎം നേതാക്കൾ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.