വ്യക്തമായ പദ്ധതികളും ആസൂത്രണവുമാണ് രണ്ട് തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂർക്കാവിൽ അട്ടിമറി വിജയം നൽകിയതെന്ന് സിപിഎം ജില്ലാ കമ്മിറ്റി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിജയത്തിന് ആധാരമായ കാരണങ്ങൾ നേതൃത്വം നിരത്തിയത്.
1. സാമുദായിക പരിഗണന നോക്കാതെ ചെറുപ്പക്കാരനായ സ്ഥാനാർഥിയെ ആദ്യംതന്നെ രംഗത്തിറക്കി. നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന നിലയിലാണ് സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മത്സര രംഗത്തിറക്കിയത്.
2. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നഷ്ടമായ പാർട്ടി വോട്ടുകൾ തിരിച്ചുപിടിക്കുന്നതിന് നടത്തിയ ചിട്ടയായ പ്രവർത്തനം. ഇത് പ്രത്യേക ദൌത്യമായി സ്ക്വാഡിനെ രംഗത്തിറക്കിയപ്പോൾ ബിജെപി, യുഡിഎഫ് വോട്ടുകൾ പിടിച്ചെടുക്കാനും സാധിച്ചു.
3. കാടിളക്കിയുള്ള പ്രചാരണം ഒഴിവാക്കി, പകരം 25 വോട്ടർമാർക്കായി ഒരു സ്ക്വാഡ് എന്ന തരത്തിൽ വീടുവീടാന്തരം കയറി. ഇത് ഇടതുപക്ഷവുമായി അകന്ന വോട്ടുകൾ തിരികെ പിടിക്കാൻ സഹായകരമായി. സ്ക്വാഡ് വർക്കിന് ആദ്യമിറങ്ങിയതും ഗുണകരമായി.
4. എൻഎസ്എസ് പ്രതികൂല നിലപാട് സ്വീകരിച്ചപ്പോൾ, കരയോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാക്കളെ പരമാവധി പ്രവർത്തനത്തിന് ഇറക്കി. ഇത് കൂടുതൽ വോട്ടുകൾ ഇടത് സ്ഥാനാർഥികൾക്ക് നേടിക്കൊടുത്തു.
5. പതിവിൽനിന്ന് വ്യത്യസ്തമായി ലളിതമായ പ്രചാരണ മാർഗമാണ് അവലംബിച്ചത്. അഭ്യർഥന നോട്ടീസ്, വികസനനേട്ടങ്ങൾ എന്നിങ്ങനെ അഞ്ച് തരം പ്രചരണ സാമഗ്രികളാണ് തയ്യാറാക്കിയത്. ഇവ പരമാവധി വോട്ടർമാരിൽ എത്തിക്കുന്നതിലും ഇടതുമുന്നണി വിജയം കണ്ടു.
6. സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾ പരമാവധി പ്രചരിപ്പിച്ചു. കൂടാതെ പ്രാദേശിക വിഷയങ്ങളിലുള്ള പരിഹാരം കുടുംബയോഗങ്ങളിലും ഭവനസന്ദർശനങ്ങളിലും ഉത്തരവാദപ്പെട്ട നേതാക്കൾ തന്നെ ഉറപ്പ് നൽകി.
7. വിദേശ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള വോട്ടർമാരെ വോട്ട് ചെയ്യിപ്പിക്കുന്നതിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഫലപ്രദമായ മുന്നേറ്റമുണ്ടാക്കാനായി. സ്വാധീനമുള്ള നേതാക്കൾ വോട്ടർമാരെ നേരിട്ട് ഫോണിൽ വിളിച്ചതോടെ സ്ഥിരമായി വോട്ട് ചെയ്യാത്തവരിൽ പലരും നാട്ടിലെത്തി വോട്ട് ചെയ്തു.
8. മുന്നണിയിലെ മറ്റ് പാർട്ടികളെല്ലാം ഒറ്റക്കെട്ടായി പ്രചരണത്തിന് ഇറങ്ങി. ഒരു തരത്തിലും എതിരഭിപ്രായങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാകാതിരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി എല്ലായ്പ്പോഴും ജാഗരൂകരായിരുന്നു.
9. നേതാക്കളുടെ പ്രസ്താവന വിവാദമാകാതിരിക്കാൻ പ്രത്യേകം ക്ഷണിച്ചു. പൂതന പ്രയോഗം ഉൾപ്പടെ മറ്റ് മണ്ഡലത്തിൽ തിരിച്ചടികളുണ്ടായപ്പോൾ വട്ടിയൂർക്കാവിൽ അത്തരത്തിൽ ഒരു പ്രശ്നവുമുണ്ടായിട്ടില്ല.
10. പതിവിൽനിന്ന് വിപരീതമായി എൽഡിഎഫ് സ്ഥാനാർഥിക്ക് മാധ്യമങ്ങളിൽനിന്ന് വൻ ജനപിന്തുണയാണ് ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.