തിരുവനന്തപുരം; നെടുമങ്ങാട് നഗരസഭയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഐയ്ക്കെതിരെ സിപിഎം മത്സരിച്ചു. മുന്നണി ധാരണ പൊളിഞ്ഞതോടെയാണ് സിപിഎം സ്ഥാനാർഥി സിപിഐയ്ക്കെതിരെ മത്സരിച്ചത്. ഒടുവിൽ സിപിഎമ്മിലെ പി ഹരികേശൻ നായർ വിജയിക്കുകയും ചെയ്തു.
നേരത്തെയുള്ള ധാരണപ്രകാരം ചെയർപേഴ്സൺ സ്ഥാനം സിപിഎമ്മിനും വൈസ് ചെയർമാൻ സ്ഥാനം സിപിഐയ്ക്കുമായിരുന്നു. ഇതനുസരിച്ച് രാവിലെ നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ സി.എസ് ശ്രീജ വിജയിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ സി രവീന്ദ്രനെ സ്ഥാനാർഥിയാക്കാനായിരുന്നു സിപിഐയുടെ തീരുമാനം. എന്നാൽ നേരത്തെയുള്ള ചില പ്രശ്നങ്ങളുടെ പേരിൽ സി. രവീന്ദ്രനെ മത്സരിപ്പിക്കരുതെന്ന് സിപിഎം, സിപിഐയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ സിപിഐ നേതൃത്വം തയ്യാറായില്ല.
ഇതോടെയാണ് സിപിഎം സ്വന്തം നിലയ്ക്ക് പി. ഹരികേശൻ നായരെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതോടെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിലെ മത്സരം സിപിഎമ്മും സിപിഐ തമ്മിലായി. ഒടുവിൽ വോട്ടെണ്ണി കഴിഞ്ഞപ്പോൾ, സിപിഎം സ്ഥാനാർഥിക്കു 24 വോട്ട് ലഭിച്ചു. സിപിഐ സ്ഥാനാർഥിക്കു ലഭിച്ചതാകട്ടെ മൂന്നു വോട്ടുകൾ മാത്രമായിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.