നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM  ഈരാറ്റുപേട്ടയിലും കോട്ടയത്തും ഭരണത്തിൽ എത്താനായില്ല; മിച്ചം എസ്ഡിപിഐയുമായും ബിജെപിയുമായും കൂട്ടുകെട്ടുണ്ടാക്കിയെന്ന ആക്ഷേപം

  CPM  ഈരാറ്റുപേട്ടയിലും കോട്ടയത്തും ഭരണത്തിൽ എത്താനായില്ല; മിച്ചം എസ്ഡിപിഐയുമായും ബിജെപിയുമായും കൂട്ടുകെട്ടുണ്ടാക്കിയെന്ന ആക്ഷേപം

  ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ ബന്ധവും കോട്ടയത്ത് ബിജെപി ബന്ധവും ഉണ്ടാക്കി എന്നതാണ് സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം

  • Share this:
  കോട്ടയം:കോട്ടയം നഗരസഭയില്‍(Kottayam Municipality)ഇന്നു നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്(Udf) ഭരണത്തില്‍ തിരിച്ചെത്താന്‍ ആയി. കോണ്‍ഗ്രസിലെ(Congress) ബിന്‍സി സെബാസ്റ്റ്യന്‍ ഒരു വോട്ട് ഭൂരിപക്ഷത്തില്‍ നഗര ഭരണം തിരികെ പിടിക്കുകയായിരുന്നു.

  ഇതോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ചയായ സിപിഎം നീക്കത്തെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നത്. കോട്ടയം നഗരസഭയില്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപിയുടെ എട്ട് അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ ഭരണത്തിലിരുന്ന യുഡിഎഫിന് അധ്യക്ഷ സ്ഥാനം നഷ്ടമായി.

  22 അംഗങ്ങള്‍ വീതമുള്ള ഇടത് മുന്നണിക്കും വലതു മുന്നണിക്കും ഇതോടെ ഭരണം പിടിക്കുക അഭിമാന പ്രശ്‌നമായി. എന്നാല്‍ അവിശ്വാസം പാസായി എങ്കിലും ഭരണത്തില്‍ എത്താന്‍ സിപിഎമ്മിന് ആയില്ല എന്നതാണ് ശ്രദ്ധേയം.

  27 ആം വാര്‍ഡ് കൗണ്‍സിലറും സിപിഎം നേതാവുമായ ടി എന്‍ മനോജ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയതിനാലാണ് ഇടതുമുന്നണിക്ക് ഭരണം കിട്ടാനുള്ള എല്ലാ സാധ്യതയും നഷ്ടമായത്. എന്നാല്‍ ബിജെപിയുമായുള്ള കൂട്ടുകെട്ട് ആക്ഷേപമായി അവിടെ നില്‍ക്കുകയും ചെയ്യുന്നു.

  കോട്ടയത്തിന് മുന്‍പ് അവിശ്വാസപ്രമേയം പാസായ സ്ഥലമാണ് ഈരാറ്റുപേട്ട. അവിടെ 28 അംഗ നഗരസഭയില്‍ ഇടതുമുന്നണിക്ക് ഒന്‍പത് അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എസ്ഡിപിഐയുടെ അഞ്ചംഗങ്ങള്‍ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.

  ഇതോടെ യുഡിഎഫ് ഭരണത്തില്‍ നിന്ന് പുറത്തായി. എന്നാല്‍ പിന്നീട് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണ ഭയന്ന് ഇടതുപക്ഷം വിട്ടു നിന്നു. ഇതോടെ യുഡിഎഫിന് വീണ്ടും അനായാസം ഭരണത്തില്‍ എത്താനായി. അവിശ്വാസ പ്രമേയ സമയത്ത് വിട്ടുനിന്ന യുഡിഎഫ് അംഗമായ അന്‍സല്‍ന പരീക്കുട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതും ഇടതുമുന്നണിക്ക് തിരിച്ചടിയായി.

  അങ്ങനെ അവിശ്വാസപ്രമേയം പാസായി എങ്കിലും ഭരണത്തിന്റെ അടുത്തുപോലും എത്താന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് സിപിഎം കളിച്ച രാഷ്ട്രീയത്തിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ചയാകുന്നത്.

  ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ ബന്ധവും കോട്ടയത്ത് ബിജെപി ബന്ധവും ഉണ്ടാക്കി എന്നതാണ് സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. ഇത് രണ്ടും വലിയ രാഷ്ട്രീയ ചര്‍ച്ച ആക്കിയതോടെ സിപിഎം മറുപടി നല്‍കുകയും ചെയ്തിരുന്നു. അവിശ്വാസപ്രമേയം എന്നത് മോശം ഭരണത്തിനെതിരായ പ്രതിപക്ഷ ദൗത്യമാണ് എന്നാണ് ഇടതുമുന്നണി വിശദീകരിച്ചത്.

  എന്നാല്‍ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ശക്തമാക്കി മുന്നോട്ടു പോയതോടെ സിപിഎം പ്രതിരോധത്തില്‍ ആയിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഈ ബന്ധങ്ങളില്‍ ഉള്ള വിശദീകരണം നല്‍കിയിരുന്നു. ഇതോടെ രണ്ടിടത്തും പേരുദോഷം കേട്ടു എന്നതുമാത്രമാണ് സിപിഎമ്മിന് ആകെ ഉണ്ടായ ഫലം.

  ഏതായാലും രണ്ടിടത്തും ഭരണം നിലനിര്‍ത്താനായി എന്നത് യുഡിഎഫിന് കോട്ടയത്ത് കിട്ടുന്ന ആവേശം ചെറുതല്ല. പുതിയ രാഷ്ട്രീയ വിജയങ്ങള്‍ ജില്ലയിലുടനീളം പ്രചരണ ആയുധമാക്കാന്‍ ആണ് യുഡിഎഫ് തീരുമാനം. ഏതായാലും രണ്ടിടത്തും ഭരണം തുടരാന്‍ യുഡിഎഫിന് ആയത് രാഷ്ട്രീയ കച്ചവടം കൊണ്ടാണ് എന്ന് സിപിഎം ആരോപിക്കുന്നു. ഒപ്പം നിന്ന കൗണ്‍സിലര്‍മാരെ പണം കൊടുത്താണ് യുഡിഎഫ് നിലനിര്‍ത്തിയതെന്നും് എന്ന് സിപിഎം ആരോപിക്കുന്നു.
  Published by:Jayashankar AV
  First published:
  )}