തിരുവനന്തപുരം: ദേശീയതലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം എന്ന ചർച്ച വീണ്ടും സജീവമാകുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കേണ്ട കാലമായെന്നും ലയനമല്ല തത്വാധിഷ്ഠിത പുനരേകീകരണമാണ് ആവശ്യമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ന്യൂസ് 18നോടു പറഞ്ഞു.
ഒരുകാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷമായിരുന്നു കമ്യുണിസ്റ്റ് പാര്‍ട്ടി. പിളര്‍പ്പോടെ ക്ഷയിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശബ്ദം എന്നും ഇന്ത്യന്‍ രാഷ്ട്രീയം ശ്രദ്ധിച്ചു. ശക്തി കേന്ദ്രങ്ങളായ ബംഗാളും ത്രിപുരയും കൈവിട്ടതിനു പിന്നാലേ കേരളത്തിലും തിരിച്ചടി. ഈ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ ഒതുങ്ങി രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഇതോടെയാണ് പുനരേകീകരണ ചര്‍ച്ചകള്‍ വീണ്ടുമുയരുന്നത്
ലയനമെന്നു പറയുന്നത് അജന്‍ഡയിലില്ലെന്ന് പറയുന്ന ബിനോയ് വിശ്വം, കമ്യൂണിസറ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള തത്വാധിഷ്ഠിത പുനരേകീകരണമാണ് ആവശ്യമെന്നും പറയുന്നു. ഇത് ഏറെക്കാലമായി സിപിഐ പറയുന്നു. പക്ഷേ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് ആരുടെ പിന്നിലും യാചിക്കാന്‍ സിപിഐ പോകില്ല- ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനിടയാക്കിയ സാഹചര്യങ്ങള്‍ ഇപ്പോഴില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
നേതൃത്വത്തിന് വിനയം നഷ്ടമായോയെന്ന് പരിശോധിക്കണം: ബിനോയ് വിശ്വം
'പിളരാന്‍ കാരണമായി 1964ല്‍ പറഞ്ഞ കാരണങ്ങള്‍ എല്ലാം റദ്ദാക്കപ്പെട്ടു. കാലം അതിനെയെല്ലാം റദ്ദാക്കി. ഞങ്ങള്‍ അന്ന് കലഹിച്ചത്, സോവിയറ്റ് യൂണിയന്റെയും ചൈനയുടേയും പേരുപറഞ്ഞാണ്. ആ രൂപത്തില്‍ ഇന്ന് സോവിയറ്റ് യൂണിയനും ചൈനയുമില്ല. ആ കലഹത്തിന്റെ കാര്യം പറഞ്ഞ് ഞങ്ങളാണ് ശരിയെന്ന് സിപിഐയും സിപിഎമ്മും പറഞ്ഞാല്‍ ഞങ്ങളെ നോക്കി ജനം ചിരിക്കും. ആ ചിരിയുടെ അര്‍ഥം എല്ലാവരും മനസ്സിലാക്കിയാല്‍ നന്ന്'- ബിനോയ് വിശ്വം പറഞ്ഞു. കേമത്തവും വലിപ്പവും അടിച്ചേല്പിച്ചുകൊണ്ടാകരുത് പുനരേകീകരണം. പരസ്പരം യോജിക്കാനുള്ള വഴി തേടണം. ഇതുകാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.