• HOME
  • »
  • NEWS
  • »
  • kerala
  • »
  • പി. ശശി വീണ്ടും CPM കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ; സെക്രട്ടറിയുടെ ചുമതല എം.വി. ജയരാജന്

പി. ശശി വീണ്ടും CPM കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ; സെക്രട്ടറിയുടെ ചുമതല എം.വി. ജയരാജന്

തെരഞ്ഞെടുപ്പിന് മത്സരിക്കാൻ പി ജയരാജൻ സ്ഥാനം ഒഴിയുമ്പോൾ എം.വി ജയരാജന് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകാനാനും തീരുമാനമായി

News 18

News 18

  • Last Updated :
  • Share this:
    കണ്ണൂർ: പി ശശിയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സിപിഎം തീരുമാനം. സദാചാര ലംഘനത്തെ തുടർന്ന് പുറത്തായ പി ശശിയെ കഴിഞ്ഞ ജൂലൈയിലാണ് പാർട്ടി തിരിച്ചെടുത്തത്. തലശ്ശേരി ഏരിയക്ക് കീഴിൽ ബ്രാഞ്ച് അംഗമായാണ് മടങ്ങി എത്തിയത്. 2011ൽ പി ശശി പുറത്താകുന്നതിനെ തുടർന്നാണ് പി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായത്. തെരഞ്ഞെടുപ്പിന് മത്സരിക്കാൻ പി ജയരാജൻ സ്ഥാനം ഒഴിയുമ്പോൾ എം.വി ജയരാജന് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകാനും തീരുമാനമായിട്ടുണ്ട്. ലൈംഗിക പീഡന കേസിൽ 2016ൽ കോടതി കുറ്റവിമുക്തനാക്കിയ പി ശശി എട്ടു മാസം മുമ്പാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിയത്.

    മടങ്ങിവരുന്നത് കണ്ണൂർ പാർട്ടിയിലെ കരുത്തൻ

    2011 ജൂലൈയിലാണ് പി ശശിയെ സിപിഎമ്മിൽനിന്ന് പുറത്താക്കുന്നത്. സദാചാര ലംഘന ആരോപണത്തെ തുടർന്നാണ് പി ശശിയ്ക്കെതിരെ പാർട്ടി നടപടിയെടുത്തത്. ഡിവൈഎഫ്ഐ ജില്ലാ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നൽകിയത്. എന്നാൽ ശശിക്കെതിരായ നടപടി പാർട്ടിക്കുള്ളിൽ ഒതുങ്ങിയതോടെ ക്രൈം വാരിക എഡിറ്റർ ടി.പി നന്ദകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ തെളിവില്ലെന്ന് കണ്ടാണ് കോടതി പി.ശശിയെ കുറ്റവിമുക്തനാക്കിയത്.

    എല്‍ഡിഎഫില്‍ എട്ട് കക്ഷികള്‍ കാഴ്ച്ചക്കാര്‍; സീറ്റുകളെല്ലാം സിപിഎമ്മിനും സിപിഐക്കും

    പാർട്ടിയിൽനിന്ന് പുറത്തായ ശശി അഭിഭാഷകനെന്ന നിലയിൽ പൊതുരംഗത്ത് സജീവമായിരുന്നു. നിരവധി പൊതുതാൽപര്യ ഹർജികൾ കോടതിയിലെത്തിച്ച് മാധ്യമശ്രദ്ധയിലും നിറഞ്ഞുനിന്നിരുന്നു. കോടതി കുറ്റവിമുക്തനാക്കിയതോടെ പാർട്ടിയിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം അദ്ദേഹം അറിയിക്കുകയായിരുന്നു. ഇതു പരിഗണിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലും പിന്നീട് ഏരിയാ കമ്മിറ്റിയിലും ഉൾപ്പെടുത്തുകയായിരുന്നു. രണ്ടുമാസം മുമ്പ് അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്‍റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുമ്പ് ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള പി ശശി, പാർട്ടിയിലെ കണ്ണൂർ ഘടകത്തിലെ ശക്തനായിരുന്നു. ഇതിനിടെയാണ് ആരോപണത്തിൽപ്പെട്ട് പാർട്ടിക്ക് പുറത്തായത്.

    പി ജയരാജന് പകരം എം.വി ജയരാജൻ

    പി ജയരാജൻ വടകര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെയാണ് സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി ജയരാജന് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി മത്സരത്തിന് ഇറങ്ങുന്നതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുകയെന്ന ഭാരിച്ച ചുമതലയാണ് എം.വി ജയരാജന് ലഭിച്ചിട്ടുള്ളത്. ഇതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം അദ്ദേഹത്തിന് ഒഴിയേണ്ടിവരും. പുതിയ പ്രൈവറ്റ് സെക്രട്ടറിയെ പാർട്ടി നിശ്ചയിച്ചിട്ടില്ല. ഇക്കാര്യത്തിൽ അടുത്ത സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്നാണ് വിവരം.
    First published: