കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോർപറേഷൻ മേയർ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ മേയര്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത് സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവില്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയാന്‍ പാര്‍ട്ടി തീരുമാനിച്ചതായി പി മോഹനന്‍ പ്രസ്താവനയില്‍ പറയുന്നു.
സംഘപരിവാർ പരിപാടിയിൽ ഉദ്ഘാടകയായാണ് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തത്. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃ സമ്മേളനത്തിലാണ് സിപിഎം മേയർ ഉദ്ഘടകയായെത്തിയത്. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ സ്നേഹിക്കുന്നതെന്നും ബീന ഫിലിപ്പ് വേദിയിൽ പറഞ്ഞു.
ശ്രീകൃഷ്ണ പ്രതിമയിൽ തുളസി മാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. ‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണമെന്ന് മേയർ പറഞ്ഞു.
Also Read-'കേരള കോൺഗ്രസിനെ ഉപയോഗിച്ച് ഒതുക്കാൻ ശ്രമം നടത്തി'; CPMനെതിരെ ഗുരുതര ആരോപണങ്ങളുമായി CPI
പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നു എന്നതിലാണ് പ്രധാനം. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം.
അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവും ഉണ്ടാകുമെന്നും മേയർ പ്രസംഗിച്ചു. അതേസമയം ആർഎസ്എസ് ആശയത്തിലേക്ക് കുട്ടികളെ ആകർഷിക്കാനാണ് ബാലഗോകുലം ശോഭയാത്രകൾ നടത്തുന്നതെന്നായിരുന്നു സിപിഎം നിലപാട്.
2010 ഫെബ്രുവരിയിൽ മുതിർന്ന നേതാവും കൊല്ലം കോർപറേഷൻ മേയറുമായിരുന്ന എൻ പത്മലോചനനെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിന് സിപിഎം സസ്പെൻഡ് ചെയ്തതിരുന്നു. കൂടാതെ മേയർ സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തു. ഇപ്പോൾ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് കോഴിക്കോട് മേയർ ബീന ഫിലിപ്പ് വിവാദത്തിലായതോടെയാണ് പത്മലോചനനെതിരായ നടപടി വീണ്ടും ചർച്ചയാകുന്നത്.
ആർഎസ്എസിന്‍റെ സാംഘിക്കിന്‍റെ സ്വാഗതസംഘം ഓഫീസ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതോടെയാണ് പത്മലോചനൻ വിവാദത്തിൽ അകപ്പെട്ടത്. പാർട്ടിയിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് പത്മലോചനനെ സസ്പെൻഡ് ചെയ്യുകയും മേയർ സ്ഥാനത്തുനിന്ന് രാജി ആവശ്യപ്പെടുകയുമായിരുന്നു. അന്ന് പാർട്ടിയിൽ തരംതാഴ്ത്തൽ നടപടിയും പത്മലോചനൻ നേരിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.