ഇടുക്കി: ദേവികുളം സബ്കളക്ടര്‍ രേണു രാജിന് എതിരായ എസ് രാജേന്ദ്രന് എം.എല്‍.എയുടെ പരാമര്‍ശം തള്ളി സി.പി.എം ജില്ലാ കമ്മിറ്റി. സ്ത്രീ സമത്വവും ശാക്തീകരണവും നയമാക്കിയ പാര്‍ട്ടി എം.എല്‍.എയുടെ പ്രസ്താവന തള്ളിക്കളയുന്നെന്നും ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
എസ് രാജേന്ദ്രന്റെ പ്രസ്താവന പാര്‍ട്ടി കാഴ്ചപ്പാടിന് വിരുദ്ധമാണ്. മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളോടും പാര്‍ട്ടി യോജിക്കുന്നില്ല. ജനപ്രതിനിധി എന്ന നിലയില്‍ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണ് എം.എല്‍.എ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സബ് കളക്ടര്‍ക്കെതിരെ അദ്ദേഹത്തില്‍നിന്ന് മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇതിനിടെ സബ്കളക്ടര്‍ക്കെതിരായ പരമാര്‍ശത്തില്‍ എം.എല്‍.എ കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിയിരുന്നു. വിവാദത്തില്‍ പാര്‍ട്ടിയും കൈയ്യൊഴിഞ്ഞെന്നു വ്യക്തമായതോടെയായിരുന്നു രാജേന്ദ്രന്റെ ഖേദപ്രകടനം. ഇതിനു പിന്നാലെയാണ് എസ് രാജേന്ദ്രനെ തള്ളി പാര്‍ട്ടി ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയത്.
പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം തയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് സബ് കളക്ടര്‍ക്കെതിരെ എസ് രാജേന്ദ്രന് മോശം പരാമര്‍ശം നടത്തിയത്. സബ്കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്ന തരത്തിലായിരുന്നു എം.എല്‍.എയുടെ പ്രതികരണം. എം.എല്‍.എയ്ക്കെതിരെ സിപി.ഐ ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.