HOME » NEWS » Kerala » CPM DISTRICT SECRETARY HINTS THAT KARAT RAZAK WILL BE THE LDF CANDIDATE IN KODUVALLY ASSEMBLY SEAT RV TV SJS

കൊടുവള്ളിയിൽ കാരാട്ട് റസാക്ക് ഇടത് മുന്നണി സ്ഥാനാർത്ഥി? സൂചന നൽകി സിപിഎം ജില്ലാ സെക്രട്ടറി

ലീഗിലേക്ക് മടങ്ങി പോകുന്നതിനെ കുറിച്ച് ലീഗ് നേതാക്കൾ ചർച്ചകൾ നടത്തിയെന്ന കാരാട്ട് റസാക്കിൻ്റെ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ മാനമാണുള്ളത്. കൊടുവള്ളിയിലെ ലീഗ് വോട്ടുകളാണ് ഈ നീക്കത്തിലൂടെ റസാക്ക് ലക്ഷ്യമിടുന്നത്.

News18 Malayalam | news18-malayalam
Updated: February 23, 2021, 7:42 AM IST
കൊടുവള്ളിയിൽ കാരാട്ട് റസാക്ക് ഇടത് മുന്നണി സ്ഥാനാർത്ഥി? സൂചന നൽകി സിപിഎം ജില്ലാ സെക്രട്ടറി
കാരാട്ട് റസാക്ക്
  • Share this:
കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വവുമായി കാരാട്ട് റസാക്ക് ചർച്ച നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെ‍‌ റസാക്ക് തന്നെ കൊടുവള്ളിയിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയാകുമെന്ന വ്യക്തമായ സൂചന നൽകി സി പി എം ജില്ലാ സെക്രട്ടറി
പി മോഹനൻ. റസാക്കിൽ പാർട്ടിക്കും, മുന്നണിക്കും പൂർണ്ണ വിശ്വാസമാണെന്ന് അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിൻ്റെ മുൻനിരയിൽ റസാക്ക് ഇപ്പോഴുമുണ്ട്. കൊടുവള്ളിയെ സംബന്ധിച്ചോ, കാരാട്ട് റസാക്കിനെ സംബന്ധിച്ചോ മുന്നണിക്ക് യാതൊരു ആശങ്കയുമില്ല. കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിൽ മുൻപെങ്ങും ഇല്ലാത്ത വികസന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. അദ്ദേഹം തങ്ങളുടെ അഭിമാനമാണെന്നും, കൊടുവള്ളിയിൽ മുൻനിരയിൽ ഉണ്ടാകുമെന്നും പി. മോഹനൻ വ്യക്തമാക്കി.

Related News- മുസ്ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് കാരാട്ട് റസാക്ക്; പ്രസ്താവനക്ക് പിറകിൽ രാഷ്ട്രീയ ലക്ഷ്യമെന്ന്‌ ലീഗ്

ലീഗിലേക്ക് മടങ്ങി പോകുന്നതിനെ കുറിച്ച് ലീഗ് നേതാക്കൾ ചർച്ചകൾ നടത്തിയെന്ന കാരാട്ട് റസാക്കിൻ്റെ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ മാനമാണുള്ളത്. കൊടുവള്ളിയിലെ ലീഗ് വോട്ടുകളാണ് ഈ നീക്കത്തിലൂടെ റസാക്ക് ലക്ഷ്യമിടുന്നത്. എന്നാൽ പാർട്ടി നേതൃത്വവുമായി ചർച്ച നടത്തിയെന്ന റസാക്കിൻ്റെ വാദത്തെ മുസ്ലിം ലീഗ് സംസ്ഥാന- പ്രാദേശിക നേതൃത്വങ്ങൾ പൂർണ്ണമായും തള്ളിയിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ മാസം ആറാം തീയതി കോഴിക്കോട് വെച്ച് ചര്‍ച്ച നടത്തിയെന്നായിരുന്നു കാരാട്ട് റസാക്കിൻ്റെ വെളിപ്പെടുത്തൽ. സംസ്ഥാന നേത്യത്വവുമായി ചര്‍ച്ച നടത്തുമ്പോഴും ലീഗ് ജില്ലാ-പ്രാദേശിക നേത്യത്വങ്ങള്‍ തനിക്ക് എതിരായതിനാല്‍ ലീഗിലേക്ക് ഒരു മടങ്ങിപോക്ക് ഉണ്ടാവില്ല. തന്നെ ലീഗ് നേതാക്കള്‍ക്ക് കാണണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. ലീഗ് സംസ്ഥാന നേതാക്കളുമായി ഇപ്പോഴും നല്ലബന്ധമാണ്. ഇതു പ്രകാരമായിരുന്നു കൂടിക്കാഴ്ച്ചയെന്ന് കാരാട്ട് റസാക്ക് വ്യക്തമാക്കിയിരുന്നു.

Also Read- 'പാർട്ടിയിലേക്ക് മടങ്ങിയെത്താൻ മുസ്ലിംലീഗ് നേതൃത്വം ചർച്ച നടത്തി'; വെളിപ്പെടുത്തലുമായി ഇടത് സ്വതന്ത്ര എംഎൽഎ കാരാട്ട് റസാക്ക്

എന്നാല്‍ ചര്‍ച്ച നടന്നപ്പോള്‍ മാത്രമാണ് പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടു പോകുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ചയെന്ന് മനസിലാക്കിയത്. ഈ കാര്യങ്ങള്‍ എല്‍ ഡി എഫ് നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും മുഖ്യമന്ത്രിയില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. തന്റെ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസിലും ഇടത് മുന്നണിയുടെ സഹകരണം ഉണ്ട്. ഈ സാഹചര്യത്തില്‍ എല്‍ ഡി എഫ് വിട്ട് പോവേണ്ട സാഹചര്യമില്ലെന്നും കാരാട്ട് റസാക്ക് ന്യൂസ് 18നോട് വ്യക്തമാക്കിയിരുന്നു.

മുസ്‌ലിം ലീഗിന്റെ കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന കാരാട്ട് റസാക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് പാര്‍ട്ടി വിട്ടത്. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ അദ്ദേഹം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ 573 വോട്ടിന് പരാജയപ്പെടുത്തിയാണ് അട്ടിമറി വിജയം നേടിയത്.

പ്രാദേശിക എതിർപ്പ് മൂലമാണ് പാർട്ടിയിലേക്കുള്ള തിരിച്ച് മടക്കം മുടങ്ങുന്നതെന്ന വികാരം ലീഗ് അണികളിൽ സൃഷ്ടിക്കാനാണ് കാരാട്ട് റസാക്കിൻ്റെ നീക്കമെന്നാണ് ലീഗ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. അതിനിടയിൽ കൊടുവള്ളിയിൽ മത്സരിക്കാൻ ലീഗിൻ്റെ നിരവധി പ്രാദേശിക നേതാക്കളാണ് രംഗത്തുള്ളത്. ഈ സാഹചര്യത്തിൽ എം കെ മുനീറിനെയും കൊടുവള്ളി മണ്ഡലത്തിലേക്ക് ലീഗ് നേതൃത്വം പരിഗണിക്കുന്നുണ്ട്. എന്നാൽ കെട്ടി ഇറക്കുന്ന സ്ഥാനാർത്ഥികളെ കൊടുവള്ളിയിൽ വേണ്ടേന്നാണ് ലീഗ് പ്രാദേശിക നേതാക്കളുടെ നിലപാട്.
Published by: Rajesh V
First published: February 23, 2021, 7:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories