ആലപ്പുഴ ലഹരിക്കടത്ത് കേസിൽ സി പി എം കൂടുതൽ സംഘടനാ നടപടികളിലേക്ക്. ലഹരി കടത്തിയവരും സഹായിച്ചവരുമായ മൂന്ന് സിപിഎം പ്രവർത്തകരെ പാർട്ടി പുറത്താക്കി. വലിയമരം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ വിജയ കൃഷ്ണൻ, സിനാഫ്, റഫ്സൽ എന്നിവർക്കെതിരെയാണ് സംഘടനാ നടപടി.
സിപിഎം കൗൺസിലർ ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുകയും, അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന മൂന്ന് സിപിഎം പ്രവർത്തകരെയാണ് ആലപ്പുഴ ടൗണിലെ വലിയ മരം ബ്രാഞ്ച് കമ്മറ്റിയിൽ നിന്ന് പുറത്താക്കിയത്. ഓഗസ്റ്റ് 24 ന് അരക്കോടിയുടെ ലഹരി കടത്തിയ കേസിൽ പാർട്ടി അംഗങ്ങളായ വിജയകൃഷ്ണൻ, റഫ്സൽ ,കരുനാഗപ്പള്ളി കേസിലെ പ്രതി ഇജാസ് എന്നിവരുൾപ്പടെയുള്ളവരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡി വൈ എഫ് ഐ മേഖലാ ട്രഷറർ കൂടിയായ വിജയകൃഷ്ണൻ, റഫ്സൽ എന്നിവരെ ജാമ്യത്തിൽ ഇറക്കാനായി സ്റ്റേഷനിൽ ഹാജരായത് ഡിവൈഎഫ്ഐ ആലിശ്ശേരി മേഖലാ സെക്രട്ടറിയും പാർട്ടി അംഗവുമായ സിനാഫ് ആയിരുന്നു. വിവാദമായ പിറന്നാൾ ആഘോഷം നടന്ന ടർഫിന്റെ ഉടമകളാണ് പുറത്താക്കപ്പെട്ട മൂന്ന് പേരും. ആലിശ്ശേരി ലോക്കൽ കമ്മറ്റി ചേർന്ന് പുറത്താക്കൽ തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Also Read- ‘ഞാൻ അഞ്ചുനേരം നിസ്‌കരിക്കുന്ന വിശ്വാസി; തെറ്റ് ചെയ്തിട്ടില്ല’: ലഹരിക്കടത്തിൽ ആലപ്പുഴ സിപിഎം കൗൺസിലർ ഷാനവാസ്
ഇജാസിനെ നേരത്തെ കൂടിയ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തന്നെ പുറത്താക്കിയിരുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണ കമ്മീഷന്റെ നടപടികൾ മുന്നോട്ട് പോകുന്നതിനിടയിലാണ് പുറത്താക്കൽ. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടശേഷമാണ് ‘സംഘടനാ നടപടി എന്നതും ശ്രദ്ധേയമാണ്. കാര്യങ്ങൾ വിശദീകരിക്കാൻ ആലിശ്ശേരി ലോക്കൽ കമ്മറ്റി സെക്രട്ടറിയും കമ്മീഷന് മുന്നിൽ ഹാജരാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.