നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ്എൻഡിപി ശാഖയുടെ കൊടിമരത്തിൽ സിപിഎം പതാക ഉയർത്തിയ ലോക്കൽ സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി

  എസ്എൻഡിപി ശാഖയുടെ കൊടിമരത്തിൽ സിപിഎം പതാക ഉയർത്തിയ ലോക്കൽ സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി

  ഹൈറേഞ്ച് എസ്എൻഡിപി യൂണിയനു കീഴിലെ പെരുവന്താനം 561ാം നമ്പർ ശാഖയുടെ പ്രാർത്ഥനാമന്ദിരത്തിലെ കൊടിമരത്തിലാണ് സിപിഎം പതാക ഉയർത്തിയത്. പെരുവന്താനം ലോക്കൽ സെക്രട്ടറി എ ബിജുവാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   ഇടുക്കി: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികദിനത്തിൽ എസ്എൻഡിപിയുടെ കൊടിമരത്തിൽ പാർട്ടി പതാക ഉയർത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി. ഇടുക്കി പെരുവന്താനത്താണ് സംഭവം. കൊടി ഉയർത്തൽ വിവാദമായതോടെ ലോക്കൽ സെക്രട്ടറി പരസ്യക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ പാർട്ടി നിർദേശപ്രകാരം ഇയാൾ സെക്രട്ടറി സ്ഥാനം രാജിവെച്ചു. സംഭവത്തിൽ ലോക്കൽ സെക്രട്ടറി എ ബിജുവിനെ പാർട്ടി അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തതായി ഏരിയാ കമ്മിറ്റി അറിയിച്ചു.

   Also Read- ജനഹൃദയങ്ങളിൽ കൊത്തിവെച്ച രണ്ടക്ഷരം 'VS'; സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന് ഇന്ന് പിറന്നാൾ

   ഹൈറേഞ്ച് എസ്എൻഡിപി യൂണിയനു കീഴിലെ പെരുവന്താനം 561ാം നമ്പർ ശാഖയുടെ പ്രാർത്ഥനാമന്ദിരത്തിലെ കൊടിമരത്തിലാണ് സിപിഎം പതാക ഉയർത്തിയത്. പെരുവന്താനം ലോക്കൽ സെക്രട്ടറി എ ബിജുവാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. കൊടി ഉയർത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

   Also Read- 'ഇനി എന്നാണ് അപ്പാ, ഇങ്ങനെയൊക്കെ?'; അച്ഛന്റെ വിയോഗത്തിൽ മനംനൊന്ത് ശാന്തി കൃഷ്ണ

   സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നതോടെ കൊടി മാറ്റുകയും പാർട്ടി നേതാക്കൾ എസ്എൻഡിപി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു. പരസ്യമായി മാപ്പ് പറയണമെന്നും ലോക്കൽ സെക്രട്ടറിയെ നിലവിലുള്ള സ്ഥാനങ്ങളിൽനിന്ന്‌ പുറത്താക്കണമെന്നും എസ്എൻഡിപി നേതൃത്വം നിലപാടെടുത്തു. തുടർന്ന് ലോക്കൽ സെകട്ടറി ബിജു ശാഖാ സെക്രട്ടറി കെ ടി രവിക്ക്‌ മാപ്പപേക്ഷ എഴുതിനൽകി. ഹൈറേഞ്ച് യൂണിയൻ ഓഫീസിൽ നേരിട്ടെത്തി പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് നടന്ന പാർട്ടി ലോക്കൽ കമ്മിറ്റി യോഗത്തിൽ രാജി നൽകുകയും ചെയ്തതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

   നടപടി പ്രാകൃതമെന്ന് എസ്എൻഡിപി യൂണിയൻ

   പെരുവന്താനം എസ്എൻഡിപി യോഗം 561ാം നമ്പർ ശാഖയുടെ പ്രാർത്ഥനാ യൂണിറ്റിന്റെ കൊടിമരത്തിൽ സിപിഎം പതാക ഉയർത്തിയ നടപടി പ്രാകൃതവും സാംസ്കാരിക കേരളത്തിന് തന്നെ അപമാനവുമാണെന്ന് ഹൈറേഞ്ച് എസ്എൻ‍ഡിപി യൂണിയൻ കൗൺസിൽ. സാമൂഹിക സാമുദായിക ഐക്യം തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതിൽ കൗൺസിൽ അതൃപ്തി അറിയിച്ചു. യൂത്ത് കൗൺസിൽ പ്രവർത്തകർ സ്ഥലത്തെത്തി എസ്എൻഡിപിയുടെ കൊടി ഉയർത്തി.   'ശ്രീനാരായണീയരെ സിപിഎം അപമാനിച്ചു': ബിജെപി

   പെരുവന്താനം സംഭവത്തിൽ ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎം നടപടി ശ്രീനാരായണീയരെ അപമാനിക്കലാണെന്നും സിപിഎമ്മിന്റെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിക്കുന്നതായും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സി സന്തോഷ്‌കുമാർ പറഞ്ഞു.

   അച്ചടക്കലംഘനമെന്ന്‌ സിപിഎം

   പെരുവന്താനം സംഭവം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം. എല്ലാ മതവിഭാഗങ്ങളോടും സാമുദായിക സംഘടനകളോടും ആദരവും ബഹുമാനവും പുലർത്തുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്‌. എന്നാൽ ബിജുവിന്റെ പ്രവൃത്തി അച്ചടക്ക ലംഘനമായതിനാൽ പാർട്ടി അംഗത്വത്തിൽനിന്ന്‌ മാറ്റിയതായി സിപിഎം ഏലപ്പാറ ഏരിയാ സെക്രട്ടറി എം ജെ വാവച്ചൻ അറിയിച്ചു.
   Published by:Rajesh V
   First published:
   )}