• HOME
 • »
 • NEWS
 • »
 • kerala
 • »
 • പയ്യന്നൂർ ഏരിയ സെക്രട്ടറിയെ മാറ്റിയത് ഐക്യം ഇല്ലായ്മ പരിഹരിക്കാൻ; വിശദീകരണവുമായി സിപിഎം

പയ്യന്നൂർ ഏരിയ സെക്രട്ടറിയെ മാറ്റിയത് ഐക്യം ഇല്ലായ്മ പരിഹരിക്കാൻ; വിശദീകരണവുമായി സിപിഎം

പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ പരാതി ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ ഏരിയാസെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിൽ സിപിഎം പ്രവർത്തകർക്കിടയിൽ തന്നെ അതൃപ്തി രൂക്ഷമായിരുന്നു

 • Share this:
  കണ്ണൂർ: പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് വി കുഞ്ഞികൃഷ്ണൻ മാറ്റിയതിൽ വിശദീകരണവുമായി സിപിഎം(CPM). പയ്യന്നൂരിൽ ഫണ്ട് ക്രമക്കേടിനെ കുറിച്ച് പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറിയെ ചുമതലയിൽ നിന്ന് മാറ്റിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയത്.

  പയ്യന്നൂര്‍ ഏരിയയിലെ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കാന്‍ സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് ഏരിയ സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് കുഞ്ഞികൃഷ്ണനെ മാറ്റിയതെന്നാണ് വിശദീകരണം. മാനസിക ഐക്യമില്ലായ്മ പരിഹരിക്കുന്നതിന് ഉയര്‍ന്ന ഘടകമായ സംസ്ഥാന കമ്മിറ്റിയിലെ അംഗത്തിന് സെക്രട്ടറിയുടെ ചുമതല കൊടുക്കുകയാണുണ്ടായത്.

  ഈ തീരുമാനങ്ങള്‍ ഏരിയാകമ്മിറ്റി അംഗീകരിച്ചതാണ്. തുടര്‍ന്ന് എല്ലാ ലോക്കല്‍കമ്മിറ്റികളിലും, പാര്‍ട്ടി അംഗങ്ങളുടെ ഇടയിലും വിശദീകരിച്ചതുമാണ് എന്ന് ഇന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ആണ് പയ്യന്നൂർ ഏരിയാ സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുള്ളത്.

  Also Read-ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ല; പയ്യന്നൂർ ഏരിയയിലെ കൂട്ട നടപടിയിൽ വിശദീകരണവുമായി സിപിഎം

  പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ പരാതി ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ ഏരിയാസെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിൽ സിപിഎം പ്രവർത്തകർക്കിടയിൽ തന്നെ അതൃപ്തി രൂക്ഷമായിരുന്നു. പാർട്ടി സമ്മേളനങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ നടപടിക്രമം അനുസരിച്ച് അന്വേഷണം നടത്തി മേൽ കമ്മിറ്റി അറിയിച്ചതിന് ഏരിയ സെക്രട്ടറിയെ സ്ഥാനത്തു നിന്നും മാറ്റിയത് അണികളിൽ അമ്പരപ്പാണ് ഉളവാക്കിയിയത്.

  നടപടിയെ തുടർന്ന് കുഞ്ഞികൃഷ്ണൻ ഇനി പൊതുപ്രവർത്തന രംഗത്തേക്ക് ഇല്ലാ എന്ന് പാർട്ടിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനത്തു നിന്ന് സ്വമേധയാ ഒഴിവാക്കുകയും ചെയ്തു.
  Also Read-രഹസ്യമൊഴിയുടെ പകര്‍പ്പ് ഇഡിയ്ക്ക് ലഭിച്ചു; ബുധനാഴ്ച സ്വപ്‌ന സുരേഷിന്റൈ മൊഴിയെടുക്കും

  കുഞ്ഞികൃഷ്ണനെ നീക്കാനുള്ള ജില്ലാ കമ്മിറ്റി തീരുമാനത്തിൽ ഏരിയാ കമ്മിറ്റിയിലെ 21 അംഗങ്ങളിൽ 16 പേർ അതൃപ്തി അറിയിച്ചിരുന്നു. 5 പേരാകട്ടെ അഭിപ്രായം ഒന്നും പറയാതെ മാറിനിൽക്കുകയാണ് ചെയ്തത്.

  ആരോപണവിധേയന് എതിരെയും പരാതിക്കാരന് എതിരെയും ഒരേപോലെ നടപടി സ്വീകരിച്ചത് കൂടുതൽ വിവാദങ്ങൾക്ക് ഇട നൽകാതിരിക്കാൻ ഉള്ള ശ്രമങ്ങൾ പാർട്ടി നേതൃത്വം നടത്തുന്നുണ്ട്. "പാര്‍ട്ടി പ്രവര്‍ത്തകരിലും ബഹുജനങ്ങളിലും തെറ്റിദ്ധാരണ പരത്താനായി ദുഷ്ടലക്ഷ്യത്തോടെയുള്ള പ്രചരണം പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും". എന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

  തിരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവന്‍ നിര്‍മ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ല എന്നും പാര്‍ട്ടിക്ക് പണം നഷ്ടപ്പെട്ടിട്ടുമില്ല എന്നും സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. ധനാപഹരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വലതുപക്ഷ മാധ്യമങ്ങളും, വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തുന്ന ഹീന നീക്കത്തെ തിരിച്ചറിയാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, ജനങ്ങള്‍ക്കും സാധിക്കും എന്നും സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പറയുന്നു.

  കെട്ടിട നിര്‍മ്മാണത്തിന്‍റെയും, ധനരാജ് ഫണ്ടിന്‍റെയും വരവ്-ചെലവ് കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയാകമ്മിറ്റിയില്‍ അവതരിപ്പിക്കുന്നതില്‍ ചുമതലക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. തുടർന്ന് ബന്ധപ്പെട്ടവർക്ക് എതിരെ നടപടി സ്വീകരിച്ചതായും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.

  "ബഹുജനങ്ങളില്‍ നിന്നും ഏത് ആവശ്യത്തിന് വേണ്ടിയാണോ ഫണ്ട് പിരിക്കുന്നത് ആ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുകയും അത് സുതാര്യമായി നിര്‍വ്വഹിക്കുന്ന ഒരു പാര്‍ട്ടിയാണ് സി.പി.ഐ(എം) എന്ന് ബഹുജനങ്ങള്‍ക്കറിയാം. ഗൗരവമായ ജാഗ്രതക്കുറവും യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണ് പയ്യന്നൂരിലുണ്ടായ വീഴ്ച., " ഇന്നത്തെ യോഗത്തിനുശേഷം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
  Published by:Naseeba TC
  First published: