• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM ഫണ്ട് വിവാദം: പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി; എംഎൽഎയെ തരംതാഴ്ത്തി

CPM ഫണ്ട് വിവാദം: പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി; എംഎൽഎയെ തരംതാഴ്ത്തി

ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടിനെ സംബന്ധിച്ച് പരാതി ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെ പയ്യന്നൂർ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി ടി.വി. രാജേഷിന് ചുമതല നൽകും. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു...

  • Share this:
കണ്ണൂരിൽ സിപിഎം പയ്യന്നൂർ ഏരിയിൽ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടിനെ സംബന്ധിച്ച് ഉയർന്ന വിവാദത്തിൽ കൂട്ട നടപടി. ടി. ഐ. മധുസൂദനൻ എം.എൽ.എ ഉൾപ്പെടെ ആറുപേർക്കെതിരേയാണ് പാർട്ടി നടപടി. വി. കുഞ്ഞികൃഷ്ണനെ പയ്യന്നൂർ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി.

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ആറു പേർക്കെതിരെയാണ് നടപടി. ടി. ഐ. മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തും. ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടിനെ സംബന്ധിച്ച് പരാതി ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെ പയ്യന്നൂർ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി ടി.വി. രാജേഷിന് ചുമതല നൽകും. ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി. വിശ്വനാഥൻ, കെ. കെ. ഗംഗാധരൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തും. ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, ടി.ഐ. മധുസൂദനൻ എം.എൽ.എ.യുടെ ഓഫീസ് സെക്രട്ടറി സജീഷ് കുമാർ എന്നിവർക്ക് താക്കീത് നൽകാനും തീരുമാനമായി.

തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, പാർട്ടി ഓഫീസിനായുള്ള ഫണ്ട് ശേഖരണം, ധനരാജ് രക്ഷസാക്ഷി ഫണ്ട് വിനിയോഗം തുടങ്ങിയ കാര്യങ്ങളിൽ ഉയർന്ന ആരോപണമാണ് വിഭാഗീയതയായി പയ്യന്നൂരിൽ വിവാദമുണ്ടാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെയും നിയോഗിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് എന്നിവരടങ്ങിയ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെട്ട ഫണ്ട് തിരിമറിയില്‍ സിപിഎം ജില്ലാ കമ്മിറ്റി കൈകൊണ്ട അസാധാരണ നടപടി സ്വന്തം അണികളെയെങ്കിലും ബോധ്യപ്പെടുത്തണമെന്ന്  ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്  ആവശ്യപ്പെട്ടു.

ഗുരുതരമായ വെട്ടിപ്പുകളാണ് പയ്യന്നൂരില്‍ നടന്നതെന്ന് നടപടിയിലൂടെ വ്യക്തമാണ് , മാർട്ടിൻ ജോർജ് പ്രസ്താവനയിൽ പറഞ്ഞു. "പയ്യന്നൂരില്‍ ഫണ്ട് വിവാദമുണ്ടായപ്പോള്‍ അതെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നു പറഞ്ഞ സി.പി.എം നേതാക്കള്‍ ടി ഐ മധുസൂധനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയത് എന്തിനെന്ന് വ്യക്തമാക്കണം.. രണ്ട് ഏരിയ കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ ചുമതലയില്‍ നിന്നും മാറ്റി എന്നതാണ് അതിലും വിചിത്രമായ കാര്യം. പൊതുപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുന്നതായി ഏരിയാ സെക്രട്ടറി പറഞ്ഞിരിക്കുകയാണ്. പാര്‍ട്ടിക്കകത്തെ കൊള്ളരുതായ്മകള്‍ക്കെതിരേ ശബ്ദിച്ചാല്‍ അവര്‍ക്കെതിരേയും നടപടി വരുമെന്ന സന്ദേശമാണ് സി.പി.എം നേതൃത്വം നല്‍കുന്നത്. " മാർട്ടിൻ ജോർജ് ആരോപിച്ചു.

Also Read- കണ്ണൂരിൽ CPM രക്തസാക്ഷി കുടുംബ സഹായ ഫണ്ടിൽ 42 ലക്ഷം രൂപയുടെ തിരിമറി എന്ന് ആക്ഷേപം

സ്ത്രീ വിഷയത്തില്‍ ആരോപണവിധേയനായ കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യത്തിലും ഇതേ രീതിയിലാണ് നടപടിയുണ്ടായത് എന്നും ഡി സി സി അധ്യക്ഷൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിനെതിരേ പരാതി നല്‍കിയവര്‍ക്കെതിരേയും നടപടി വന്നു.

സി.പിഎമ്മിനകത്തു നടക്കുന്ന ഏത് കൊള്ളരുതായ്മയും കണ്ടില്ലെന്ന് നടിക്കണമെന്ന സന്ദേശമാണ് പാര്‍ട്ടി നല്‍കുന്നത്. പയ്യന്നൂരില്‍ രക്തസാക്ഷി ധനരാജിനു വേണ്ടി പിരിച്ചെടുത്ത ഫണ്ടിലടക്കം വെട്ടിപ്പു നടന്നുവെന്നാണ് ആരോപണമുള്ളത്. തെരഞ്ഞെടുപ്പു ഫണ്ടിലും വെട്ടിപ്പു നടന്നു. ഫണ്ട് വെട്ടിച്ചവരേയും അഴിമതി ചൂണ്ടിക്കാണിച്ചവരേയും ഒരു പോലെ ശിക്ഷിക്കുന്ന രീതി സി.പി.എമ്മില്‍ മാത്രമേ കാണാന്‍ പറ്റുള്ളൂ. ജീര്‍ണതയുടെ അങ്ങേയറ്റത്തെ അവസ്ഥയിലാണ് സിപിഎമ്മുള്ളത്. അധികാരത്തിന്റെ ലഹരിയില്‍ ആര്‍ത്തിപ്പണ്ടാരങ്ങളായി നേതാക്കള്‍ മാറിയിരിക്കുകയാണ്. വെട്ടിച്ച പണം വീതംവെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് നേതാക്കള്‍ തമ്മിലടിക്കുന്നത്. പയ്യന്നൂരില്‍ എം.എല്‍.എ അടക്കമുള്ളവരെ തരംതാഴ്ത്തിയതിന്റെ കാരണമെന്തെന്ന് സാധാരണക്കാരായ അണികളോടെങ്കിലും തുറന്നു പറയാന്‍ സി.പി.എം നേതൃത്വം തയ്യാറാകണമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
Published by:Anuraj GR
First published: