സത്യവാങ്ങ് മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സിതാറാം യെച്ചൂരി പറഞ്ഞു.

ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ''2018ലെ സംഭവം നമ്മെയെല്ലാം വേദനിപ്പിച്ച സംഭവം. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം. എല്ലാവർക്കും വിഷമുണ്ടാക്കി. എനിക്കും വല്ലാതെ വിഷമുണ്ടാക്കി''- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയം അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങൾ നടന്നു. നേരത്തെ ഉള്ളതിനെക്കാൾ മനോഹരമായി തന്നെ ഉത്സവം നടത്തി. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചു കൊണ്ടേ തീരുമാനത്തിലെത്തൂവെന്നും കഴക്കൂട്ടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കൂടിയായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Also Read ശബരിമല വീണ്ടും ബാലറ്റിൽ കയറുമോ? കഴിഞ്ഞ രണ്ട് ദിവസം നേതാക്കൾ പറഞ്ഞത് എന്ത്?

സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശന വിഷയത്തിൽ വിഷമമുണ്ടായെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് നേരത്തെ പാർട്ടി വിലയിരുത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും ശബരിമല ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി മുൻപ് പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നിലപാടിനെ ന്യായീകരിക്കേണ്ടതായും വന്നിരുന്നു.

Also Read- 'സിപിഎം പ്രവർത്തകരുടെ പ്രതിഷേധം ഫലിച്ചു?' കുറ്റ്യാടിയിൽ കേരളാ കോണ്‍ഗ്രസ് കീഴടങ്ങി; സീറ്റ് ഉപേക്ഷിക്കും

ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ എടുത്ത കേസുകളും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസുകളുമാണ് പിൻവലിക്കുക. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം.