• HOME
 • »
 • NEWS
 • »
 • kerala
 • »
 • Sitaram Yechury| 'ചുവന്ന പതാകയെ മോദിയും ബിജെപിയും ഭയപ്പെടുന്നു; ഇതാണോ കോൺഗ്രസിന്റെ മതനിരപേക്ഷത': സീതാറാം യെച്ചൂരി

Sitaram Yechury| 'ചുവന്ന പതാകയെ മോദിയും ബിജെപിയും ഭയപ്പെടുന്നു; ഇതാണോ കോൺഗ്രസിന്റെ മതനിരപേക്ഷത': സീതാറാം യെച്ചൂരി

''ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബിജെപിക്കുമറിയാം. ഈ ശക്തിയാണ് അവർ ഭയക്കുന്നത്. ''

 • Share this:
  കണ്ണൂർ: നരേന്ദ്ര മോദിയും (Narendra Modi) ബിജെപിയും (BJP) ചുവന്ന പതാകയെ (Red Flag) ഭയക്കുന്നുണ്ടെന്ന് സിപിഎം (CPM) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബിജെപിക്കുമറിയാം. ഈ ശക്തിയാണ് അവർ ഭയക്കുന്നത്. ഈ ചരിത്രം അവർ മനസ്സിലാക്കണമെന്നും 23-ാമത് സിപിഎം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു. കേരളത്തിന്റെ വികസനം ചൂണ്ടിക്കാട്ടി അഭിനന്ദിച്ച യെച്ചൂരി പാർട്ടി സെമിനാറിൽ പങ്കെടുക്കാൻ നേതാക്കൾക്ക് അനുമതി നൽകാത്ത കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കോൺഗ്രസ് മതനിരപേക്ഷതയോടൊപ്പമാണോ അല്ലയോ എന്ന് തുറന്നുപറയണമെന്നും അദ്ദേഹം പറഞ്ഞു.

  ഇടതുപക്ഷം കേരളമെന്ന ഒരു ചെറിയ മൂലയിലേക്ക് ഒതുങ്ങിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിക്കുകയുണ്ടായി. എന്നാൽ ഇത് പറഞ്ഞ പ്രധാനമന്ത്രി മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു. ചെറുതാണെങ്കിൽ പോലും ഈ പ്രത്യയശാസ്ത്രം ഏറെ ഭയപ്പെടേണ്ടതും പരാജയപ്പെടുത്തേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രമാത്രം ചെറുതായ സ്ഥലത്ത് ഒതുങ്ങി നിൽക്കുന്നു എന്ന് പറയുമ്പോഴും ഇത്തരത്തിൽ പറയാൻ ഒരു കാരണമുണ്ട്. ഈ പ്രത്യയശാസ്ത്രം ചരിത്രപരമായ മുന്നേറ്റത്തിന്‍റേതാണ്. ചൂഷണ ആധിപത്യം ഇല്ലാതാക്കുന്നതിന് കരുത്തു പകരുന്നതാണ്. എല്ലാ വെല്ലുവിളികളേയും മറികടക്കുന്നതാണ് ഈ പ്രത്യയശാസ്ത്രം.- യെച്ചൂരി പറഞ്ഞു.

  ഫാസിസം റഷ്യയിലേക്ക് കുതിച്ചു കയറിയ സമയത്ത് മോസ്കോയുടെ ഒരു മൂലയിലേക്ക് കമ്മ്യൂണിസ്റ്റുകാർ ഒതുക്കപ്പെട്ടു. എന്നാൽ അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ് ഹിറ്റ്ലറുടെ പട്ടാളത്തെ ആട്ടിപ്പായിച്ചു. അവിടെയും നിന്നില്ല, അവർ ബെർലിനിലേക്ക് കുതിച്ചു. അവിടെ ചെമ്പതാക ഉയർത്തിക്കൊണ്ട് ലോകത്തോട് വിളിച്ചു പറഞ്ഞു, ഫാസിസം അവസാനിച്ചിരിക്കുന്നു എന്ന്. ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കറിയാം, ബിജെപിക്കറിയാം. ഈ ശക്തിയാണ് അവർ ഭയക്കുന്നത്- യെച്ചൂരി പറഞ്ഞു.  ബിജെപി - ആർ എസ് എസ് സംവിധാനം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനം സംസ്ഥാനങ്ങളുടെ ഭാഷാപരമയ അവകാശങ്ങളെ പൂർണമായും കവർന്നെടുക്കുന്നതും ഫെഡറൽ ഘടനയെ തകർക്കുന്നതുമാണ്. ഇത് ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഈ സമയത്ത് മതനിരപേക്ഷ ശക്തികൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

  രാജ്യത്തിന്റെ ഭരണഘടന നേരിടുന്ന വെല്ലുവിളികളേയും മതനിരപേക്ഷതയേയും ഫെഡറിലസത്തേയും കുറിച്ച് ചർച്ചചെയ്യുന്ന സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്ന് മാത്രമല്ല, അതിൽ പങ്കെടുത്ത നേതാക്കൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. മതനിരപേക്ഷ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അതിനൊപ്പമാണ് നിങ്ങളുടെ പ്രയോഗം എന്ന് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  Also Read- CPM Party Congress| ചെങ്കടലായി കണ്ണൂർ‌; നഗരത്തിലേക്കൊഴുകിയെത്തിയത് പതിനായിരങ്ങൾ

  കേരളത്തിന്റെ വികസനങ്ങളെ യെച്ചൂരി അഭിനന്ദിക്കുകയും ചെയ്തു. മാനവവികാസ സൂചകങ്ങളുടെ കാര്യത്തിൽ രാജ്യത്തിന് മാത്രമല്ല ലോകത്തിന്റെ മറ്റു പല പ്രദേശങ്ങൾക്കും കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രത്യേകത മതത്തിന്റെ അതിരുകൾക്കതീതമായി മനുഷ്യരെ സമീപിക്കുന്നു എന്നതാണ്. എല്ലാവരേയും മനുഷ്യൻ എന്ന നിലയിലാണ് പരിഗണിക്കുന്നത്. എന്തുകൊണ്ട് ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ഇത് സാധ്യമാകുന്നില്ല എന്നും യെച്ച‍ൂരി ചോദിച്ചു.

  രാജ്യത്ത് ഇന്ന് അധികാരത്തിലിരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരായ ശക്തവും സുവ്യക്തവുമായ പ്രഖ്യാപനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയിട്ടുള്ളത്. രാജ്യത്ത് ഹിന്ദുത്വ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഈ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം മറുവശത്ത് നവഉദാരവത്കരണ നയങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കാനും ശ്രമിക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നു. പൊതുമേഖലയെ നിര്‍വീര്യമാക്കുന്നു സ്വകാര്യവത്കരണത്തിന് പാകമാകുന്ന വിധത്തില്‍ മാറ്റിത്തീര്‍ത്ത് കൊടുക്കുന്നു-യെച്ചൂരി പറഞ്ഞു

  കോര്‍പറേറ്റ് ശക്തികളും വര്‍ഗീയ ശക്തികളും തമ്മിലുള്ള അവിശുദ്ധ സഖ്യം രാജ്യത്തിന്റെ എല്ലാ മണ്ഡലങ്ങളേയും നിയന്ത്രിക്കുകയാണ്. രാഷ്ട്രീയമായ അഴിമതി വ്യാപകമാകുന്നു. ഭരണകൂടം ഏകാധിപത്യ പ്രവണതകളുടെ പ്രതിഫലനമായി മാറി. അത് ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കുന്നു. പൗരാവകാശത്തെ അടിച്ചമര്‍ത്തുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന ഈ അവസ്ഥയെ 23 -ാം പാര്‍ട്ടി കോണ്‍ഗ്രസ് കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു, ഈ വെല്ലുവിളികളെ ഞങ്ങള്‍ നേരിടുക തന്നെ ചെയ്യും- യെച്ചൂരി വ്യക്തമാക്കി. ഫാസിസ്റ്റ് പ്രവണതയുള്ള വര്‍ഗീയ ആധിപത്യത്തെ ചെങ്കൊടി ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
  Published by:Rajesh V
  First published: