നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വ്യക്തിപൂജ: പി ജയരാജന് ക്ലീൻ ചിറ്റ് നൽകി സിപിഎം; വിവാദത്തിന് പിന്നിൽ 'അമ്പാടിമുക്ക് സഖാക്കൾ'

  വ്യക്തിപൂജ: പി ജയരാജന് ക്ലീൻ ചിറ്റ് നൽകി സിപിഎം; വിവാദത്തിന് പിന്നിൽ 'അമ്പാടിമുക്ക് സഖാക്കൾ'

  പി ജയരാജനെ ഉയർത്തിക്കാട്ടുന്ന പാട്ടുകളും, ബോർഡുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമൊക്കെയാണ് പാർട്ടിക്കകത്ത് വലിയ ചർച്ചയായത്

  പി ജയരാജൻ

  പി ജയരാജൻ

  • Share this:
   കണ്ണൂർ: വ്യക്തിപ്രഭാവം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ പി ജയരാജന് പങ്കില്ലെന്ന് സിപിഎം അന്വേഷണ കമ്മീഷൻ. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചു. പി ജയരാജനെ ഉയർത്തിക്കാട്ടുന്ന പാട്ടുകളും, ബോർഡുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമൊക്കെയാണ് പാർട്ടിക്കകത്ത് വലിയ ചർച്ചയായത്. എന്നാൽ ഇതിന് പിന്നിൽ പി ജയരാജൻ മുൻകൈയെടുത്ത് പാർട്ടിയിലേക്ക് എത്തിച്ച അമ്പാടിമുക്ക് സഖാക്കളാണെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ബിജെപി വിട്ട് വന്ന അമ്പാടിമുക്കിലെ സഖാക്കൾ പി ജയരാജൻ സ്തുതിക്ക് പിന്നിൽ പ്രവർത്തിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് പി ജയരാജന്‍റെ അറിവോടെയല്ല എന്നും വ്യക്തമായിട്ടുണ്ട്. ഈ വിഷയത്തിൽ തുടർ നടപടി ആവശ്യമില്ലെന്ന കമ്മീഷൻ നിലപാട് പാർട്ടി നേതൃത്വം അംഗീകരിച്ചു.

   എ എൻ ഷംസീർ, ടി ഐ മധുസൂദനൻ, എൻ ചന്ദ്രൻ എന്നിവരടങ്ങിയ കമ്മീഷൻ ആണ് ഈ വിവാദത്തെ കുറിച്ച് പരിശോധിച്ചത്. വ്യക്തിപ്രഭാവം വളർത്താൻ പി ജയരാജൻ മനപൂർവ്വം ശ്രമിച്ചതായുള്ള ആരോപണം പാർട്ടിക്കകത്ത് ഉയർന്നിരുന്നു. ഇക്കാര്യങ്ങളിൽ പി ജയരാജൻ ജാഗ്രത കാട്ടിയില്ലെന്ന വിമർശനം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു. വിഷയം ജില്ലാ കമ്മിറ്റിക്ക് വിട്ടതോടെയാണ് ഇക്കാര്യം പരിശോധിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

   സംഘ് പരിവാർ സംഘടനകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കണ്ണൂർ തളാപ്പിലുള്ള ഒരു കൂട്ടം ആളുകൾ സിപിഎമ്മിലേക്ക് വന്നിരുന്നു. അമ്പാടിമുക്ക് സഖാക്കൾ എന്നാണ് ഇവർ അറിയിപ്പെട്ടിരുന്നത്. സോഷ്യൽ മീഡിയയിലും അമ്പാടിമുക്ക് സഖാക്കൾ വളരെ വേഗം പ്രശസ്തരായി. അതിനിടെയാണ് പിണറായി വിജയനെ അർജുനനായും പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിക്കുന്ന വലിയ ബോർഡുകൾ അമ്പാടിമുക്ക് സഖാക്കളുടേതായി ഉയർന്നത്. പിജെ ആർമി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പി ജയരാജനെ ഉയർത്തിക്കാട്ടുന്ന നിരവധി പോസ്റ്റുകളും നിരന്തരം വന്നു തുടങ്ങി. പി ജയരാജനെ പുകഴ്ത്തുന്ന പാട്ടുകളും വന്നു. എന്നാൽ ഇതിനെയൊക്കെ പി ജയരാജൻ തള്ളിപ്പറയുകയും ചെയ്തു.

   Also Read- പി. ജയരാജൻ ബി.ജെ.പിയിൽ ചേരുമെന്ന പ്രചരണം കല്ലുവച്ച നുണ: സി.പി.എം

   പി ജയരാജൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നൽകാത്തതിലും, നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിലും സമൂഹമാധ്യമങ്ങളിൽ പരസ്യമായ പ്രതികരണങ്ങൾ ഉയർന്നതും പാർട്ടിക്കുള്ളിൽ ചർച്ചയായി. പരസ്യമായി പാർട്ടി നേതൃത്വത്തെ വിമർശിച്ച അമ്പാടിമുക്ക് സഖാക്കളിലെ പ്രമുഖനായ ധീരജ് കുമാറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

   തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചില അഭിപ്രായ പ്രകടനങ്ങളുമായി ബന്ധമില്ല എന്ന് സി.പി.എം. നേതാവ് പി. ജയരാജൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പി. ജെ. ആർമി എന്ന പേരിൽ ഇറങ്ങിയിട്ടുള്ള ഗ്രൂപ്പുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല എന്ന് ജയരാജൻ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
   Published by:Anuraj GR
   First published:
   )}