ഏതൊരു കാര്യവും വൈറലായാൽ സംഗതി സക്സസ് ആയി. ഇതാണ് സോഷ്യൽ മീഡിയയുടെ പൊതുസിദ്ധാന്തം. എങ്ങനെ വൈറൽ ആക്കും? അതാണ് ഏറ്റവും വലിയ ചോദ്യം. അതിനുള്ള ഉത്തരം തേടലിലാണ് കൊല്ലത്ത് സിപിഎം. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ അണികളെ പ്രാപ്തരാക്കാനുള്ള ഉദ്യമത്തിലാണ് പാർട്ടി. പക്ഷേ, എങ്ങനെ പ്രാപ്തരാക്കും? അതിനുമായി പരിഹാരം. പണ്ട് പാർട്ടി വളർത്തിയ ലഘുലേഖയുടെ മാർഗം തന്നെ.
എങ്ങനെ ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങാം, വാട്സാപ് തുടങ്ങുന്നതും ഉപയോഗിക്കുന്നതുമെങ്ങനെ തുടങ്ങിയ മാർഗനിർദ്ദേശങ്ങളാണ് ചെറിയ കൈപ്പുസ്തകത്തിന്റെ രൂപത്തിൽ നൽകുന്നത്. പ്ലേ സ്റ്റോറിൽ കയറി ആപ് ഡൗൺലോഡ് ചെയ്യുന്നതു മുതൽ ചെയ്യേണ്ട കാര്യങ്ങൾ നിഷ്കർഷിക്കുന്നുണ്ട്. ബ്രാഞ്ച് തലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ അവബോധം നൽകാനാണ് തീരുമാനം.
വാർത്തകൾ വിരൽത്തുമ്പിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തകരെ സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സുദേവൻ പറയുന്നു. കേരളം സാക്ഷരത കൈവരിച്ചതുപോലെ സോഷ്യൽ മീഡിയ രംഗത്ത് സാക്ഷരത കൈവരിക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേക സംഘങ്ങളെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് ഉയർന്നുവന്ന നിരവധി വിവാദങ്ങളിൽ സോഷ്യൽ മീഡിയയിൽ സിപിഎം പ്രതിരോധത്തിലാകുന്ന സ്ഥിതി ഉണ്ടായി. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തതോടെ എല്ലാ രാഷ്ട്രീയപാർട്ടികളും സ്വന്തം സൈബർ ഇടങ്ങൾ സജീവമാകുകയാണ്. അവധാനത ഇല്ലാതെ സൈബർ ലോകത്ത് അണികൾ ഇടപെടുന്നത് പാർട്ടികളെ വെട്ടിലാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ രംഗത്ത് പുതുവഴികൾ തേടാൻ സിപിഎം ഒരുങ്ങുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.