തിരുവനന്തപുരം: കോർപറേഷനിലെ കത്ത് വിവാദത്തിൽ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സി ജയൻ ബാബു ഡി കെ മുരളി ആർ രാമു എന്നിവർ അടങ്ങിയ കമ്മീഷൻ വിവാദത്തെക്കുറിച്ച് അന്വേഷിക്കും. ഇന്നു ചേർന്ന സിപിഎം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തിരുമാനിച്ചത്. കത്തിന്റെ ഉറവിടം, പുറത്ത് വന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും കമ്മീഷൻ അന്വേഷിക്കുക. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് പാർട്ടി അന്വേഷണകമ്മീഷനെ വെച്ചത്.
കോർപറേഷനിലെ കരാര്‍ നിയമനങ്ങൾക്ക് മുൻഗണന പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസിൽ നിന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നൽകിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്.
കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിലുള്ള കത്ത് ഒരു ഡിവിഷനിലെ വാട്സാപ്പ് ഗ്രൂപ്പിൽനിന്നാണ് പുറത്തായത്. കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. സഖാവേ എന്ന അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു മേയറുടെ ലെറ്റർപാഡിലുള്ള കത്ത്.
എന്നാൽ കത്ത് വ്യാജമാണെന്നും, ഒപ്പ് സ്കാൻ ചെയ്ത് കയറ്റിതയാണെന്നുമാണ് മേയർ പൊലീസ് അന്വേഷണസംഘത്തിന് നൽകിയ മൊഴി. തനിക്ക് കത്ത് ലഭിച്ചിട്ടില്ലെന്ന നിലപാടാണ് ആനാവൂർ നാഗപ്പൻ എടുത്തത്. സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തുമെന്ന് ആനാവൂർ ആദ്യം പറഞ്ഞെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടലിലാണ് ഇപ്പോൾ കത്ത് വിവാദം അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ വെച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.