തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ്റെ പരുക്കൻ പെരുമാറ്റത്തിനെതിരേ സിപിഎമ്മിന് ലഭിച്ചത് നിരവധി പരാതികൾ. അദാലത്തിന് സമാനമായ പരിപാടിയിൽ പങ്കെടുത്തതിലും പരാതിക്കാരുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിലും ഗുരുതര ചട്ടലംഘനമുണ്ടായെന്നും സിപിഎം നേതൃത്വം വിലയിരുത്തി. ജോസഫൈൻ്റെ പകരക്കാരി ആരെന്ന ചർച്ചകളും സജീവമാണ്.
ചാനൽ പരിപാടിക്കിടെ ഭർതൃവീട്ടിലെ പീഡനത്തെ കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവം മാത്രമല്ല എം സി ജോസഫൈന് തിരിച്ചടിയായത്. വനിതാ കമ്മീഷൻ അധ്യക്ഷയുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി പരാതികളാണ് സിപിഎം നേതൃത്വത്തിന് ലഭിച്ചത്. സഹായം തേടിയെത്തുന്ന സ്ത്രീകളോട് മുരടൻ പെരുമാറ്റമാണ് കമ്മീഷൻ്റെതെന്നാണ് പരാതികളിൽ ഏറെയും. തലക്കനത്തോടെയുള്ള പെരുമാറ്റമാണ് ജോസഫൈൻ്റതെന് സിപിഎം നേതാക്കളും അഭിപ്രായപ്പെട്ടു.
Also Read-
'വാ വിട്ട വാക്കിന് അനുഭവിച്ചു' സിപിഎം നേതാക്കളാരും പിന്തുണച്ചില്ല; ജോസഫൈൻ പുറത്തേക്കു പോയതെങ്ങിനെചാനൽ പരിപാടിക്കിടെ പരാതിക്കാരുടെ പേരുവിവരം അടക്കമുള്ളവ ചോദിച്ചറിഞ്ഞതും ചട്ടലംഘനമാണ്. അർധ ജുഡീഷ്യൽ പദവിയിലുള്ള വനിതാ കമ്മീഷൻ അധ്യക്ഷ ഇത്തരത്തിൽ ചാനലിലൂടെ അദാലത്തിൻ്റെ സ്വഭാവത്തിലുള്ള പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. ഇത്രയുംനാൾ അധ്യക്ഷസ്ഥാനത്തിരുന്നിട്ടും പ്രാഥമികമായ ഇത്തരം കാര്യങ്ങളിൽ പോലും ജോസഫൈന് ധാരണയില്ലേ എന്ന വിമർശനവും ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ജോസഫൈനെ മാറ്റാനുള്ള തീരുമാനത്തിലേക്ക് സിപിഎം എത്തിയത്.
ജോസഫൈനു പകരം അധ്യക്ഷയെ കണ്ടെത്തണോ കമ്മിഷൻ അംഗങ്ങളിൽ ആർക്കെങ്കിലും ചുമതല കൈമാറണോയെന്ന കാര്യത്തിലും ചർച്ചകൾ തുടരുകയാണ്. പുതിയ അധ്യക്ഷ വരുന്നതുവരെ കമ്മിഷൻ അംഗങ്ങളായ ഷാഹിദ കമാലിനോ ഷിജി ശിവജിക്കോ ചുമതല നൽകാനും സാധ്യതയുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. പാർട്ടി നേതാവിനു പകരം പൊതു സമ്മതയായ നിയമ വിദഗ്ധയെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നും അഭിപ്രായമുണ്ട്.
Also Read-
'കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് ചെയ്യുന്നവരും, സ്‌നേഹ ആശംസ അര്‍പ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു': DYFIമുൻ ജഡ്ജ് ഡി. ശ്രീദേവിയെ രണ്ടു തവണ അധ്യക്ഷയാക്കിയത് ഇടതു സർക്കാരുകളാണ്. ആ മാതൃക പിന്തുടരണമെന്നാണ് അഭിപ്രായം. എന്നാൽ അന്നുണ്ടായ ചില പ്രശ്നങ്ങൾ മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ജോസഫൈനെതിരേ ആരോപണമുണ്ടായപ്പോൾ അവരെ മാറ്റാൻ കഴിഞ്ഞത് അവർ പാർട്ടി നേതാവായതു കൊണ്ടാണ്. പുറത്തു നിന്നുള്ളയാളെ അധ്യക്ഷയാക്കിയാൽ ഇത്തരം ഇടപെടലുകൾ എളുപ്പമാകില്ലെന്നും വിലയിരുത്തലുണ്ട്.
പാർട്ടി നേതാവിനെ തന്നെ അധ്യക്ഷയാക്കാനും സാധ്യതയുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി, മുൻ എം പിമാരായ പി സതീദേവി, സി എസ്സു ജാത, ടി എൻ സീമ എന്നിവർക്കു പുറമേ സുജ സൂസൻ ജോർജ്, സൂസൻ കോടി തുടങ്ങിയ പേരുകളും ചർച്ചകളിലുണ്ട്. എന്നാൽ ഇതു സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.