HOME » NEWS » Kerala » CPM IN PALAKKAD SLAMS THE STRIKE IN WALAYAR RAPE CASE

വാളയാർ സംഭവം: പെൺമക്കളെ നഷ്ടപ്പെട്ട അമ്മയെ മുൻനിർത്തിയുള്ള സമരത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം

'ഒരു കാര്യത്തിലും സത്യസന്ധതയോ, ആത്മാർത്ഥതയോ ഇല്ലാത്ത വലത് പക്ഷത്തിന്റെ ഈ സമരാഭാസം അവജ്ഞ ഉണ്ടാക്കുന്നതാണ്. മക്കൾ നഷ്ട്ടപ്പെട്ട ഒരമ്മയുടെ വേദന രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് വലിച്ചിഴക്കുന്നത് സംസ്കാര രാഹിത്യമാണ്'

News18 Malayalam | news18-malayalam
Updated: October 26, 2020, 5:25 PM IST
വാളയാർ സംഭവം: പെൺമക്കളെ നഷ്ടപ്പെട്ട അമ്മയെ മുൻനിർത്തിയുള്ള സമരത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം
പ്രതീകാത്മക ചിത്രം
  • Share this:
വാളയാറിലെ സഹോദരിമാരായ രണ്ട് പെൺകുട്ടികളുടെ അതിദാരുണമായ ദുരൂഹ മരണത്തിൽ അവരുടെ അമ്മയെ മുന്നിൽ നിർത്തിയുള്ള ഇപ്പോഴത്തെ സമരത്തിന് പിന്നിൽ രാഷ്ട്രീയ ലക്‌ഷ്യം മാത്രമാണ്. മക്കൾ ദാരുണമായി നഷ്ട്ടപ്പെട്ട അമ്മയുടെ സങ്കടം സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തിനു ദുരുപയോഗം ചെയ്യുന്നത് അങ്ങേ അറ്റത്തെ അധമ പ്രവർത്തിയാണ്. ആത്മവിശ്വാസം നഷ്ട്ടപ്പെട്ട സംസ്ഥാനത്തെ വലത്പക്ഷ ശക്തികളാണ് ഇതിനു പിന്നിൽ. സംസ്ഥാന സർക്കാരിന്റെ അഭൂതപൂർവ്വമായ ജനപിന്തുണയിൽ അസ്വസ്ഥരായ വലത്പക്ഷ ശക്തികൾ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആസൂത്രിതമായി കെട്ടിപ്പൊക്കിയെടുക്കാൻ ശ്രമിച്ച ദുരാരോപണങ്ങൾ ദയനീയമായി പൊളിഞ്ഞടുങ്ങുകയും, പ്രതിപക്ഷ പ്രധാനികൾ പലരും പല സംഭവങ്ങളിലായി പ്രതിസ്ഥാനത്ത് വന്നു ജന സമക്ഷം അവഹേളിതരാവുകയും ചെയ്യുമ്പോൾ അവസാനത്തെ പരിശ്രമമാണ് "വാളയാർ സമരം". ആ അമ്മയുടെ "ദയനീയത" നീചമായ വിധം വലത് പക്ഷം ദുരുപയോഗിക്കുകയാണ്.

അതിദാരുണമായിട്ടാണ്, ദുരൂഹ സാഹചര്യത്തിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ അടുത്തടുത്ത ദിവസങ്ങളിലായി സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ വീഴ്ച്ച കണ്ടെത്തിയതിനെ തുടർന്ന് ഉത്തരവാദിയായ ഉദ്യാഗസ്ഥരുടെ പേരിൽ സർക്കാർ നടപടി എടുത്തിരുന്നു. തുടർന്ന് അന്നത്തെ പാലക്കാട് ASP ആയിരുന്ന പൂങ്കുഴലീ IPS നെ അന്വേഷണം ഏൽപ്പിച്ചു. അവർക്ക് ക്രമസമാധാന ചുമതല കൂടി ഉണ്ടായിരുന്നതിനാൽ ഈ കേസിൽ പൂർണ്ണമായി കേന്ദ്രീകരിക്കാൻ പ്രയാസം വന്നപ്പോൾ അന്വേഷണം അനന്തമായി നീണ്ടുപോകാതിരിക്കാൻ ഡിപ്പാർട്ട്മെന്റിൽ "പ്രഗൽഭ"നെന്നു പേരെടുത്ത DYSP യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ ഉദ്യോഗസ്ഥനെ സംബന്ധിച്ച് ആരും സംശയം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ കേസിലെ പ്രതികളെ മുഴുവൻ POCSO കോടതി വെറുതെ വിടുകയായിരുന്നു. കുറ്റം സംശയ രഹിതമായി തെളിയിക്കുന്നതിനുള്ള തെളിവുകൾ കോടതിക്ക് മുന്നിൽ എത്തിക്കുന്നതിലും, ശിക്ഷവാങ്ങി കൊടുക്കും വിധം കോടതിയിൽ കേസ് നടത്തുന്നതിലും വീഴ്ചയുണ്ടായി എന്ന് ശക്തമായ വിമർശനം ഉണ്ടായി. അപ്പോൾ തന്നെ പ്രോസിക്യൂട്ടറെ തൽസ്ഥാനത്ത് നിന്ന് സർക്കാർ നീക്കം ചെയ്തു. അന്വേഷണത്തിലും, കേസ് നടത്തിപ്പിലും ഉണ്ടായിട്ടുള്ള വീഴ്ചകൾ കണ്ടെത്തുന്നതിനായി റിട്ടയേഡ് ജസ്റ്റിസ്.ഹനീഫയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു.

അതിനിടയിൽ പെൺകുട്ടികളുടെ 'അമ്മ മുഖ്യമന്ത്രിയെ സന്ദർശിച്ചു നീതി കിട്ടണം എന്ന് അഭ്യർത്ഥിച്ചിരുന്നു. സർക്കാർ അവരുടെ വികാരത്തോടൊപ്പം ശക്തമായി നിന്നു. നീതികിട്ടാൻ ഏതറ്റം വരെയും പോകും എന്ന് ഉറപ്പ് നൽകി. എന്നാൽ വിധി പ്രഖ്യാപിച്ച കേസ് സംബന്ധിച്ചു നിയമപ്രശ്നങ്ങളും, നടപടി ക്രമങ്ങളും ഉണ്ട്. വിധിക്കെതിരെ ഉപരിക്കോടതിയിൽ അപ്പീൽ നൽകി മുഖം രക്ഷിക്കാനല്ല സർക്കാർ ശ്രമിച്ചത്. പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ കേസ് തുടർ അന്വേഷണം നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കണം. മാത്രമല്ല, ഉയർന്ന കോടതിയിൽ പുനർ വിചാരണയും നടക്കണം. അതിനു ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അനുമതി വേണം. ഇക്കാര്യത്തിൽ പെൺകുട്ടികളുടെ അമ്മയുടെ ഹരജിക്കാണ് സ്വാഭാവികമായും കൂടുതൽ പരിഗണന ലഭിക്കുക എന്ന നിയമോപദേശം ലഭിച്ചപ്പോൾ ആ അമ്മ തന്നെയാണ് ഹൈക്കോടതിയിൽ ദയാഹരജി നൽകിയത്. ഇതിൽ സർക്കാരിന് ലഭിച്ച നോട്ടീസിന് മറുപടിയായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ അമ്മയുടെ എല്ലാ ആവശ്യങ്ങളെയും സർക്കാർ പിന്തുണക്കുകയാണ്‌ ചെയ്തിട്ടുള്ളത്. തുടരന്വേഷണത്തിന് സർക്കാർ അനുമതി നൽകിയാൽ അമ്മയുടെ ആഗ്രഹ പ്രകാരം സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസിയെ അന്വേഷണത്തിന് നിയോഗിക്കുന്നതിനും സർക്കാരിന്റെ സന്നദ്ധത ആ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നു എന്ന് തോന്നിയപ്പോൾ പെട്ടെന്നു പരിഗണിച്ചു തീർപ്പാക്കിത്തരണം എന്ന അപേക്ഷയും സർക്കാർ തന്നെയാണ് ഹൈക്കോടതിയിൽ നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ വരുന്ന നവംബർ 9 നു ഹൈക്കോടതി കേസ് അന്തിമ വാദത്തിനു വച്ചിരിക്കയാണ്.

ഇതിനിടയിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന്റെ മുന്നിൽ എത്തിയിട്ടുണ്ട്. അതിൽ നിയമാനുസൃത നടപടി എടുക്കും എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അക്കാര്യത്തിൽ നടപടി എടുക്കുന്നതിനും ഹൈക്കോടതി വിധി വരേണ്ടതുണ്ട്. വീഴ്ച വരുത്തിയ ഒരാളെയും വെറുതെ വിടാതിരിക്കാനും, കുറ്റം ചെയ്ത ഒരു പ്രതിയും രക്ഷപ്പെടാതിരിക്കാനുമുള്ള പഴുതടച്ച നിയമ നീക്കങ്ങളാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. സർക്കാരിനും പാർട്ടിക്കും ഒന്നും മറച്ചു വെക്കാനോ, ആരെയെങ്കിലും സംരക്ഷിക്കാനോ ഇല്ല. അതിദാരുണമായ ഈ സംഭവം നമ്മുടെ നാട്ടിൽ ഇനി ഉണ്ടാവാതിരിക്കാനുള്ള വിധം ശക്തമായ നടപടികളാണ് സർക്കാർ എടുക്കുന്നത്. എന്നാൽ ഒരു കാര്യത്തിലും സത്യസന്ധതയോ, ആത്മാർത്ഥതയോ ഇല്ലാത്ത വലത് പക്ഷത്തിന്റെ ഈ സമരാഭാസം അവജ്ഞ ഉണ്ടാക്കുന്നതാണ്. മക്കൾ നഷ്ട്ടപ്പെട്ട ഒരമ്മയുടെ വേദന രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് വലിച്ചിഴക്കുന്നത് സംസ്കാര രാഹിത്യമാണ്.
Published by: Anuraj GR
First published: October 26, 2020, 5:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories