• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൗരത്വ നിയമഭേദഗതി: ചങ്ങലയിൽ കണ്ണികളാകാൻ യുഡിഎഫിനെ ക്ഷണിച്ച് സിപിഎം

പൗരത്വ നിയമഭേദഗതി: ചങ്ങലയിൽ കണ്ണികളാകാൻ യുഡിഎഫിനെ ക്ഷണിച്ച് സിപിഎം

ഇതിന്‌ സഹായകരമായ പ്രതിപക്ഷ നേതാവിന്‍റെ സമീപനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുസ്ലീംലീഗ്‌ നേതൃത്വത്തിന്‍റെയും നിലപാടും ശ്രദ്ധേയവും ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതുമാണ്‌.

cpm

cpm

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് വീണ്ടും ആഹ്വാനം ചെയ്ത് സിപിഎം. ജനുവരി 26ന്റെ മനുഷ്യ ചങ്ങലയിൽ അണിചേരാൻ യുഡിഎഫിനെയും ക്ഷണിക്കുകയാണ് സിപിഎം. കഴിഞ്ഞ 16ന് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നടന്ന സമരത്തിന്‍റെ തുടർച്ചയാണ് മനുഷ്യച്ചങ്ങല എന്നും സിപിഎം സംസ്ഥാന സമിതി പുറത്തിറക്കിയ വാർത്താക്കുറുപ്പിൽ പറയുന്നു.

    യോജിച്ച പ്രക്ഷോഭത്തെ തള്ളിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമർശനമാണ് സിപിഎം സംസ്ഥാനസമിതിയിൽ ഉണ്ടായത്. ഗൗരവമായ സാഹചര്യത്തിലും സങ്കുചിതമായ സിപിഎം വിരുദ്ധ നിലപാട്‌ മാത്രം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള്‍ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത്‌ ഖേദകരമാണ്‌. ശബരിമല പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധിക്കെതിരേ  ആര്‍.എസ്‌.എസുമായി യോജിച്ച്‌ കർമസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‌ ഇന്ത്യയെ നിലനിര്‍ത്താനുള്ള വിശാല പോരാട്ടത്തിന്‌ സിപിഎമ്മുമായി യോജിക്കാൻ കഴിയില്ലെന്ന്‌ പറയുന്നത്‌ എത്രമാത്രം സങ്കുചിതമാണെന്ന് സിപിഎം ചോദിക്കുന്നു.

    സാഹചര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കി യോജിച്ച പ്രക്ഷോഭങ്ങളില്‍ എല്ലാവരും ഇനിയും ഒരുമിച്ച്‌ നില്‍ക്കണമെന്നു തന്നെയാണ്‌ പാർട്ടി നിലപാടെന്നും സിപിഎം വിശദീകരിക്കുന്നു.
    യോജിച്ച പ്രക്ഷോഭത്തെ പിന്തുണച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുസ്ലീം ലീഗിന്‍റെയും നിലപാടുകളെ പ്രതീക്ഷാ നിർഭരമെന്നാണ് സിപിഎം വിശേഷിപ്പിക്കുന്നത്. ഡിസംബര്‍ 16ലെ സത്യാഗ്രഹം കേരളീയസമൂഹത്തിന്‌ മാത്രമല്ല ഇന്ത്യന്‍ ജനതയ്‌ക്കും വലിയ പ്രതീക്ഷയാണ്‌ നല്‍കിയത്‌.

    Citizenship Act Protests | പൗരത്വ നിയമത്തിന്‍റെ പേരിൽ പലരും മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് പ്രധാനമന്ത്രി

    ഇതിന്‌ സഹായകരമായ പ്രതിപക്ഷ നേതാവിന്‍റെ സമീപനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുസ്ലീംലീഗ്‌ നേതൃത്വത്തിന്‍റെയും നിലപാടും ശ്രദ്ധേയവും ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതുമാണ്‌. മറ്റ്‌ പല കാര്യങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടെങ്കിലും  രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനായുള്ള അടിയന്തര ചുമതല നിര്‍വ്വഹിക്കുന്നതില്‍ എല്ലാവരും കൈകോര്‍ക്കുകയാണ്‌ വേണ്ടത്‌.

    മാറിയ രാഷ്‌ട്രീയസാഹചര്യം തിരിച്ചറിഞ്ഞ്‌ നിലപാട്‌ സ്വീകരിക്കേണ്ടി വരുമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണെന്നും സിപിഎം വ്യക്തമാക്കുന്നു. കോൺഗ്രസിനും മുല്ലപ്പള്ളിക്കും നിലപാട് തിരുത്തേണ്ടി വരുമെന്നും യോജിച്ച പ്രക്ഷോഭമാണ് നാട് ആവശ്യപ്പെടുന്നതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പിജയരാജൻ പറഞ്ഞു. മനുഷ്യച്ചങ്ങലയിൽ എല്ലാവരും പങ്കെടുക്കണമെന്നും എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും ഇടതുമുന്നണി കൺവീനർ എ.വിജയരാഘവനും അഭിപ്രായപ്പെട്ടു.

    ദേശീയപൗരത്വഭേദഗതി നിയമത്തിനെതിരെ അതിവിശാലമായ യോജിപ്പോടെയുള്ള ജനകീയപ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കേരള സമൂഹത്തോട്‌ സിപിഎം സംസ്ഥാനകമ്മിറ്റി അഭ്യർഥിച്ചു. വർഗീയധ്രുവീകരണം നടത്താനും പ്രകോപനം സൃഷ്ടിച്ച്‌ കലാപഅന്തരീക്ഷം രൂപപ്പെടുത്താനുമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. മതപരമായ സംഘാടനത്തിലൂടെയും മതചിഹ്നങ്ങള്‍ ഉപയോഗിച്ചും പ്രതിഷേധം സംഘടിപ്പിക്കുന്നത് വിശാലമായ ഐക്യത്തെ ദുര്‍ബലപ്പെടുത്താനും സംഘപരിവാരത്തിന്‍റെ ഉദ്ദേശ്യം നടപ്പിലാക്കാനും മാത്രമേ ഉതകൂ.

    മതനിരപേക്ഷമായ ഉള്ളടക്കത്തോടെ വിപുലമായ ജനകീയ പ്രക്ഷോഭത്തിന്‍റെ ഭാഗമാവുകയാണ്‌ വേണ്ടതെന്ന യാഥാർഥ്യം എല്ലാവരും തിരിച്ചറിയണമെന്നും സിപിഎം. മനുഷ്യച്ചങ്ങല വിജയിപ്പിക്കാൻ ഇടതുമുന്നണി ജാഥകൾ നടത്തും. പാർട്ടി നേതാക്കളുടെ ഗൃഹസന്ദർശനങ്ങളും കുടുംബയോഗങ്ങളും പ്രചരണപരിപാടികളുടെ ഭാഗമായി നടക്കും.
    Published by:Joys Joy
    First published: