നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാർട്ടിയിലും തലമുറ മാറ്റത്തിനൊരുങ്ങി സിപിഎം ;കേന്ദ്ര കമ്മിറ്റിയിൽ 75 വയസ്സു കഴിഞ്ഞവരെ ഒഴിവാക്കും

  പാർട്ടിയിലും തലമുറ മാറ്റത്തിനൊരുങ്ങി സിപിഎം ;കേന്ദ്ര കമ്മിറ്റിയിൽ 75 വയസ്സു കഴിഞ്ഞവരെ ഒഴിവാക്കും

  കേരളത്തില്‍ കാര്യമായ സംഘടനാ പ്രശ്‌നങ്ങളില്ലാത്തതും ശക്തമായ പാര്‍ട്ടി സംവിധാനങ്ങള്‍ ഉള്ളതുമാണ് സിപിഎമ്മിന് ആശ്വാസം.

  • Share this:
  തിരുവനന്തപുരം: ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് വെള്ളിയാഴ്ച കണ്ണൂരില്‍ തുടക്കമാകും. കേരളത്തിലെ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും കരുത്തിലാണ് രാജ്യത്തു തന്നെ സിപിഎമ്മിന്റെ നിലനില്‍പ്. കേരളത്തിലാകട്ടേ പിണറായി വിജയനെന്ന മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുകയാണ് സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയകരമായി നടപ്പാക്കിയ തലമുറമാറ്റം പാര്‍ട്ടിയിലും വരുന്നതോടെ ദേശീയതലത്തിലും സംസ്ഥാനത്തും ഒരുപിടി പ്രധാനികള്‍ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെടും.

  കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങളാരംഭിച്ചപ്പോള്‍ കേരളവും ത്രിപുരയും ഭരിക്കുന്നത് സിപിഎമ്മായിരുന്നു. എന്നാല്‍ 2018 ഏപ്രിലില്‍ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ പതാക ഉയര്‍ന്നപ്പോള്‍ ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറി ഒരു മാസം പിന്നിട്ടിരുന്നു. ഇന്ന് പതിറ്റാണ്ടുകള്‍ ശക്തി ദുര്‍ഗമായിരുന്ന ബംഗാളില്‍ ഒരു എംഎല്‍എ പോലും ഇല്ലാത്ത അവസ്ഥയാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ നാമമാത്ര പ്രാതിനിധ്യം മാത്രമേ ഉള്ളൂ. അധികാരം നിലനിര്‍ത്തിയ കേരളം മാത്രമാണ് സിപിഎമ്മിന്റെ പ്രതീക്ഷയും ആശ്രയവും എന്നു ചുരുക്കം. കേരളത്തില്‍ തുടര്‍ ഭരണത്തിന്റെ തുടര്‍ച്ചയാണ് ലക്ഷ്യം. ഒപ്പം ശക്തി ക്ഷയിച്ച ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവെന്ന സ്വപ്നവും. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി ഒരുതവണ കൂടി തുടര്‍ന്നേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കുമ്പോള്‍ സിസിയിലും നിന്ന് പല പ്രമുഖരും ഒഴിയേണ്ടി വരും.

  കേരളത്തില്‍ കാര്യമായ സംഘടനാ പ്രശ്‌നങ്ങളില്ലാത്തതും ശക്തമായ പാര്‍ട്ടി സംവിധാനങ്ങള്‍ ഉള്ളതുമാണ് സിപിഎമ്മിന് ആശ്വാസം. ഇടതു മുന്നണിയും ശക്തമാണ്. കൂടുതല്‍ പാര്‍ട്ടികള്‍ മുന്നണിയിലേക്കു വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പാര്‍ട്ടിയിലും സര്‍ക്കാരിലും ഒരു പോലെ സ്വീകാര്യനായ പിണറായി വിജയനാണ് ഇന്ന് കേരളത്തില്‍ സിപിഎമ്മിന്റെ അവസാന വാക്ക്. മകനെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ അവധിയില്‍ പോയ കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ് ഈ സമ്മേളന കാലയളവില്‍ ഉണ്ടാകും. പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രധാന ചുമതലകളില്‍ ഇല്ലാത്ത ഇ.പി.ജയരാജന്‍,എ.കെ.ബാലന്‍,തോസ് ഐസക് എന്നിവരുടെ സംഘടനാ ചുമതലകളും തീരുമാനിക്കപ്പെടും. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ വിഭാഗീയ കേരളത്തിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ കേന്ദ്രനേതൃത്വത്തിന് സൃഷ്ടിച്ച തലവേദന ചെറുതല്ല. വിഎസ്-പിണറായി പോരായിരുന്നു വിഭാഗീതയുടെ അടിസ്ഥാനം. എന്നാല്‍ ഇന്ന് രോഗബാധിതനായ വിഎസ് അച്യുതാനന്ദന്‍
  പാര്‍ട്ടിയില്‍ ഏറക്കുറെ അപ്രസക്തനാണ്. എതിരാളികള്‍ ഇല്ലാതെ പിണറായി കൂടുതല്‍ ശക്തനാകുകയും ചെയ്തു. അപ്പോഴും ഏറിയും കുറഞ്ഞും വിഭാഗീയതയും പാര്‍ലമെന്ററി വ്യാമോഹവും പലയിടത്തും നിലനില്‍ക്കുന്നെന്ന് സിപിഎം സമ്മതിക്കുന്നു. ഈ ദൗര്‍ബല്യങ്ങളും ഇല്ലാതാക്കി പാര്‍ട്ടിയേയും അതുവഴി സര്‍ക്കാരിനേയും ശക്തിപ്പെടുത്തുകയെന്ന സമ്മേളനങ്ങളിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.

  പ്രായപരിധി കര്‍ശനമാക്കിയാല്‍ പ്രമുഖര്‍ പുറത്തേക്ക്

  കേന്ദ്രകമ്മിറ്റി മാതൃകയില്‍ പ്രായപരിധി മാനദണ്ഡം ഏര്യാതലം വരെയെങ്കിലും സിപിഎം നടപ്പാക്കും. സ്ഥാനാര്‍ഥി പട്ടികയിലും സര്‍ക്കാരിലും പുതുതലമുറയുടെ ആരോഹണത്തിന് വഴിയൊരുക്കിയ സിപിഎം പാര്‍ട്ടി നേതൃത്വത്തിലും വലിയ മാറ്റങ്ങള്‍ക്കു തയാറാകുമെന്നാണ് പ്രതീക്ഷ. അതു സംഭവിച്ചാല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും യുവ സാനിധ്യം കൂടും. സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സു കഴിഞ്ഞവര്‍ വേണ്ടെന്നു തീരുമാനമുണ്ടായാല്‍ പി.കരുണാകരന്‍,വൈക്കം വിശ്വന്‍,ആനത്തലവട്ടം ആനന്ദന്‍,ബേബി ജോണ്‍,കെജെ തോമസ്,എം.എം.മണി തുടങ്ങി ഒരുപിടി നേതാക്കള്‍ വഴിമാറിക്കൊടുക്കേണ്ടി വരും. സംസ്ഥാന കമ്മിറ്റിയിലും ഈ പ്രായപരിധി നിരവധി പേരുടെ വഴിയടയ്ക്കും.
  പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരില്‍ വെള്ളിയാഴ്ചയും 15 മുതല്‍ മറ്റു ജില്ലകളിലും ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങും. അഞ്ചു ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങളും മുപ്പതിനായിരത്തോളം ബ്രാഞ്ചുകളുമാണ് സിപിഎമ്മിനുള്ളത്. ജനുവരിയില്‍ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി ആദ്യ വാരം എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്തും. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിലാണ് നടക്കുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന കണ്ണൂരില്‍ ഇതാദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നത്.
  Published by:Jayashankar AV
  First published:
  )}