കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് (CPM Party Congress) വേദിയിൽ ചർച്ചയായി റഷ്യയുടെ യുക്രെയ്ൻ അധിനിവേശം. റഷ്യയുടെ (Russia) നടപടിയെ ന്യായീകരിച്ച് സിപിഎം (CPM) രംഗത്തെത്തിയപ്പോൾ റഷ്യയ്ക്കെതിരെ വിമർശനവുമായാണ് സിപിഎം(എംഎൽ) CPI(ML) എത്തിയത്.
അമേരിക്കയുടെ സാമ്രാജ്യത്വ താത്പര്യങ്ങളുടെ ഭാഗമായി യുക്രെയ്നിനെ ഉൾപ്പെടുത്തി നാറ്റോ സഖ്യം വിപുലീകരിക്കാനുള്ള ശ്രമവും അത് മുന്നോട്ടുവെക്കുന്ന ഭീഷണിയുമാണ് നിലവിൽ നടക്കുന്ന യുദ്ധത്തിന്റെ കാരണമെന്നാണ് ഉദ്ഘാടന സമ്മേളനത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. യുദ്ധത്തിന് ഉടൻ തന്നെ അവസാനിക്കണമെന്ന് പറഞ്ഞ യെച്ചൂരി യുദ്ധവും റഷ്യയ്ക്കെതിരായ പ്രമേയങ്ങളിൽ നിന്ന് സ്ഥിരമായി വിട്ടുനിൽക്കുകയെന്ന ഇന്ത്യൻ നിലപാടും അമേരിക്കയുടെ സൈനിക സഖ്യത്തിന്റെ ഭാഗമായിരിക്കുകയെന്ന മോദി സർക്കാരിന്റെ താത്പര്യത്തിലെ വ്യർഥതയാണ് വ്യക്തമാക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യ സ്വതന്ത്ര വിദേശ നയം ഉയർത്തിപ്പിടിക്കുകയാണ് വേണ്ടതെന്നും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും കൂടി ഉൾപ്പെടുന്ന ചതുർരാഷ്ട്ര കൂട്ടായ്മയായ ക്വാഡിൽ നിന്ന് പിന്മാറണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
സിപിഎം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വായിക്കുവാനായി നൽകിയിരുന്ന പ്രസംഗത്തിലാണ് സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ റഷ്യയെ രൂക്ഷമായി വിമർശിച്ചത്. 'സ്വതന്ത്ര യുക്രെയ്ൻ എന്നത് ലെനിന്റെ പിഴവാണെന്നും യുക്രെയ്നിൽ ബോംബിട്ട് ആ പിഴവ് തിരുത്തുകയാണെന്നുമാണ് പുടിൻ പറയുന്നത്. നിലവിൽ യുക്രെയ്നിൽ നടക്കുന്ന യുദ്ധം ലെനിന്റെ പൈതൃകം നശിപ്പിക്കാനുള്ള ശ്രമമാണെന്നും ഇന്ത്യൻ കമ്യൂണിസ്റ്റുകൾ പുടിന്റെ യുദ്ധത്തെയും അമേരിക്ക – നാറ്റോ വിപുലീകരിക്കൽ തന്ത്രത്തെയും തള്ളിക്കളഞ്ഞ് ലെനിന്റെ വിപ്ലവകരമായ പൈതൃകത്തെ പരിലാളിക്കുന്നവരും നീതിക്കും സമാധാനത്തിനുമായി ശബ്ദമുയർത്തുന്നവരുമാണ്.' – ദീപാങ്കറിന്റെ പ്രസംഗത്തിൽ പറയുന്നു. പാർട്ടി കോൺഗ്രസിൽ ദീപാങ്കർ പങ്കെടുത്തിരുന്നില്ല. പാർട്ടി കോൺഗ്രസിൽ പറയാനായി അദ്ദേഹം അയച്ച് നൽകിയ പ്രസംഗം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എം ബേബി വായിക്കുകയായിരുന്നു.
ദീപാങ്കറിന് പുറമേ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തില്ല. ഇവർ അയച്ച് നൽകിയ പ്രസംഗങ്ങളും ബേബി തന്നെയാണ് വായിച്ചത്. പാർട്ടി കോൺഗ്രസിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ചൈനയിൽ നിന്നുൾപ്പെടെ 37 കമ്യൂണിസ്റ്റ് പാർട്ടികൾ അയച്ച സന്ദേശങ്ങളും ബേബി വായിച്ചു.
Summary: CPM Justifies Russia's invasion on Ukraine while CPI(ML) slams Russia's act at the CPM Party Congress in Kannur
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.