നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ദുരിതകാലത്ത് ഒന്നിച്ച് നിൽക്കണം; പ്രളയകാലത്ത് കെ.കരുണാകരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സിപിഎം നേതാവ്

    ദുരിതകാലത്ത് ഒന്നിച്ച് നിൽക്കണം; പ്രളയകാലത്ത് കെ.കരുണാകരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സിപിഎം നേതാവ്

    വാക്സിൻ ചലഞ്ചിനോടും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളൊടും ചിലർ സ്വീകരിക്കുന്ന നിലപാട് കണ്ടപ്പോൾ ഇത്രയും പറയാൻ തോന്നിയതാണെന്ന് ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു

    Image: Facebook

    Image: Facebook

    • Share this:
      കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം മുഴുവൻ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഉയർന്ന വില നൽകി വാക്സിൻ വാങ്ങുക എന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് വലിയ ബാധ്യതയാകും ഉണ്ടാക്കുക. ഈ അവസരത്തിലാണ് കോവിഡ് പ്രതിരോധ വാക്സിൻ സ്വന്തമായി വാങ്ങാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്സിൻ ചാലഞ്ച് എന്ന പേരിൽ മലയാളികൾ സംഭാവന തുടങ്ങിയത്.

      സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വാക്സിൻ ചലഞ്ച് ക്യാംപയ്ൻ ജനങ്ങൾ ഏറ്റെടുത്തത്. കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്‌സിന്‍ നയം വന്നതിനു ശേഷമാണ് എന്തു വന്നാലും കേരളത്തില്‍ വാക്സീന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാർത്താസമ്മേളനത്തിൽ ഉണ്ടായത്. ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി ആളുകൾ ചെറുതും വലുതുമായ സംഭാവനകൾ നൽകാൻ തുടങ്ങിയത്.

      ഈ സമയത്താണ് സിപിഎം നേതാവ് സിബി ചന്ദ്രബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. മുൻ മുഖ്യമന്ത്രി കരുണാകരനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചാണ് ചന്ദ്രബാബുവിന്റെ കുറിപ്പ്. 1991 ൽ സംസ്ഥാനത്ത് കനത്ത നാശം വിതച്ച പ്രളയക്കെടുതി കാലത്തെ ചിത്രമാണ് ചന്ദ്രബാബു പങ്കുവെച്ചത്.

      You may also like:ഗുവാഹത്തിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.4 തീവ്രത

      വാക്സിൻ ചലഞ്ചിനോടും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളൊടും ചിലർ സ്വീകരിക്കുന്ന നിലപാട് കണ്ടപ്പോൾ ഇത്രയും പറയാൻ തോന്നിയതാണെന്ന് ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ അദ്ദേഹം പറയുന്നു. 91 ൽ ജനങ്ങളെ സഹായിക്കാൻ ഡിവൈഎഫ്ഐ സംസ്ഥാനത്തു നിന്ന് ഹുണ്ടികപിരിവ് വഴി ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്ന ചടങ്ങിന്റെ ചിത്രമാണിത്.

      കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംഭാവന നൽകാൻ അദ്ദേഹത്തെ കാണാൻ എത്തിയപ്പോഴുള്ള അനുഭവം ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ഡിവൈഎഫ്ഐയുടെ ചരിത്രത്തിൽ ഏറ്റവും ശക്തമായി ഏറ്റുമുട്ടിയ ഭരണാധികാരിയായിരുന്നു കരുണാകരൻ . എന്നാൽ, ദുരിതകാലത്ത് ഒന്നിച്ച് നിൽക്കണമെന്നതാണ് ഡിവൈഎഫ്ഐയുടെ നിലപാടെന്നും ചന്ദ്രബാബു കുറിപ്പിൽ പറയുന്നു.

      ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

      ഒരു പഴയ ചിത്രമാണ്.
      ഇത്തരം ചിത്രങ്ങൾ ഒന്നും എന്റെ പക്കൽ ഇല്ല.DYFI യിൽ പ്രവർത്തിക്കുമ്പോൾ സഹപ്രവർത്തകനായിരുന്ന ഒരു സഖാവ് ഇന്ന് അയച്ചു തന്നതാണ്.1991ൽ സംസ്ഥാനത്ത് വലിയ നാശം വിതച്ച പ്രളയകെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാൻ DYFI സംസ്ഥാനത്തു നിന്ന് ഹുണ്ടികപിരിവ് വഴി ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്ന ചടങ്ങാണിത്.
      സെക്രട്ടറിയറ്റിലെ ഓഫീസിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെയാണ് ഏതാനും ലക്ഷങ്ങൾ വരുന്ന തുക ഏൽപ്പിച്ചത്. എസ്.ശർമ്മ,കടകംപള്ളി സുരേന്ദ്രൻ, മുത്തു എന്നിവരാണ് കൂടെയുള്ളത്.മുഖ്യമന്ത്രിയുടെ മറയിൽ നിൽക്കുന്നത് മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന പന്തളം സുധാകരനാണ്.
      ഈ കൂടിക്കാഴ്ച എന്നും ഓർമ്മയിൽ നിൽക്കാൻ ചില കാരണങ്ങൾ ഉണ്ട്.
      സംഭവദിവസം മുഖ്യമന്ത്രി യെ നേരിൽ കാണുന്നതിന് പേഴ്സണൽ സ്റ്റാഫിലെ ഒരു പ്രമുഖൻ വഴി അനുമതി വാങ്ങിയാണ് ചെന്നത്.ഞങ്ങൾ ചെല്ലുമ്പോൾ അനുമതി തന്നയാൾ സ്ഥലത്തില്ല.

      മറ്റൊരു പ്രമുഖനെ സമീപിച്ച് കാര്യം ധരിപ്പിച്ചു.
      സി.എം.വളരെ തിരക്കിലാണ് ഒരു തരത്തിലും കാണാൻ അനുവദിക്കില്ല എന്നായി അദ്ദേഹം. കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് മടങ്ങി DYFI ഓഫീസിൽ എത്തി.മൊബൈലൊന്നുമില്ലാത്ത കാലമാണ്.എന്നാൽ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു ഹോട്ട്‌ലൈൻ ഫോണുണ്ടെന്ന് എവിടെയോ വായിച്ച ഒരോർമ്മ ശർമ്മയെ ധരിപ്പിച്ചു.നമ്പർ സംഘടിപ്പിച്ച് ലാൻ്റ് ഫോണിൽ കറക്കി.മറുഭാഗത്ത് മുഖ്യമന്ത്രി ഫോണിൽ വന്നു.സെക്രട്ടറിയറ്റിൽ വന്ന് കാണാൻ കഴിയാതെ മടങ്ങിയ കാര്യം പറഞ്ഞു.ഇപ്പോൾ നിങ്ങൾ എവിടെയാണ് മറുഭാഗത്ത് നിന്നാരാഞ്ഞു.DYFI ഓഫീസിലാണെന്ന് ശർമ്മ പറഞ്ഞു. ഒരു വാഹനം അവിടെ വരും അതിൽ കയറി ഓഫീസിലേക്ക് എത്താൻ നിർദേശിച്ചു.
      ഏതാനും മിനിറ്റിനകം സർക്കാർ ബോർഡുള്ള വണ്ടി വന്നു.രാജകീയമായി വീണ്ടും സെക്രട്ടറിയറ്റിലേക്ക്.നോർത്ത് ബ്ലോക്ക് മുതൽ പോലീസ് അകമ്പടിയോടെ സി.എം.ൻ്റെ ഓഫീസിലേക്ക്.
      ആഫീസിലും പരിസരത്തുമുള്ളവർ അത്ഭുതത്തോടെ വഴിതരുന്നു.ലേശം ഗമയിൽ തന്നെ അകത്തു കയറി.ഞങ്ങളെ കണ്ടതും ഉഗ്രപ്രതാപിയായ കെ.കരുണാകരൻ എണീറ്റ് നിന്ന് സ്വീകരിച്ചു. സംഭാവനതുകയുടെ ചെക്കും കൂടെയുള്ള കത്തും വായിച്ചു. തുടർന്ന് പറഞ്ഞു, DYFI ഭാരവാഹികൾക്ക് കേരളത്തിലെ മുഖ്യമന്ത്രിയെ കാണുവാൻ മുൻകൂർ അനുമതിയുടെ ആവശ്യം ഇല്ല. കേരളം ഒരു വലിയ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കുമ്പോൾ ഗവണ്മെൻ്റിനൊപ്പം സേവനസന്നദ്ധരായി അണിനിരന്നവരാണ് നിങ്ങൾ. ആ മഹത്വമുള്ളവർക്ക് ഈ വാതിൽ തുറന്ന് എപ്പോൾ വേണമെങ്കിലും കടന്നുവരാം.കൂടെ ഇതു കണ്ട് പഠിക്കുവാൻ പന്തളംസുധാകരനോട് ഒരുപദേശവും.
      വാക്സിൻ ചലഞ്ചിനോടും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളൊടും ചിലർ സ്വീകരിക്കുന്ന നിലപാട് കണ്ടപ്പോൾ ഇത്രയും പറയാൻ തോന്നിയതാണ്.DYFI അതിൻ്റെ ചരിത്രത്തിൽ ഏറ്റവും ശക്തമായി ഏറ്റുമുട്ടിയ ഭരണാധികാരിയായിരുന്നു കെ.കരുണാകരൻ. എന്നാൽ ദുരിതകാലത്ത് ഒന്നിച്ച് നിൽക്കണമെന്നതാണ് DYFI നിലപാട്

      സി.ബി.ചന്ദ്രബാബു
      Published by:Naseeba TC
      First published:
      )}