തിരുവനന്തപുരം: റബ്ബർ വില 300 ആയി ഉയർത്തിയാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ് എം എ ബേബി. കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണെന്നും അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ലെന്നും എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു.
നീതിയെ കുറിച്ചാണ് ക്രിസ്ത്യാനികൾ ആലോചിക്കേണ്ടത്. നീതിയുടെ പക്ഷത്ത് നില്ക്കാനാണ് ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളഛായയോ തരുന്നവരുടെ കൂടെ നില്ക്കാൻ അല്ല എന്നും എം എ ബേബി അഭിപ്രായപ്പെട്ടു.
ആർഎസ്എസ് സർക്കാർ റബറിന്റെ വില കൂട്ടാൻ പോകുന്നില്ല എന്നത് എല്ലാവർക്കും അറിയാം. അവർ കർഷകരെ കൂടുതൽ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണെന്ന് എംഎ ബേബി പറഞ്ഞു.
എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് “റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും,” എന്നു പറയുന്ന സീറോ മലബാർ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, MA Baby, Rubber Price, Thalassery