മലപ്പുറം: പൊന്നാനിയിലെ തോല്‍വി ഭയന്നാണ് മുസ്ലീം ലീഗ് നേതാക്കള്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടുമായും ചര്‍ച്ച നടത്തിയതെന്ന് സിപിഎം. ലീഗ് മുന്‍കൈയെടുത്തായിരുന്നു കൂടിക്കാഴ്ച്ചയെന്ന് എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊണ്ടോട്ടിയില്‍ നടന്നത് യാദൃശ്ചിക കൂടിക്കാഴ്ച മാത്രമാണെന്നാണ് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം.
ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച പൊന്നാനിയിലെ തോല്‍വി ഭയന്നാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസാണ് ആരോപിച്ചത്. ലീഗിന്റെ മതേതര മുഖംമൂടി അഴിഞ്ഞുവീണെന്നും ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ 13 ാം തീയതി രാത്രിയായിരുന്നു മുസ്ലീം ലീഗ്- എസ്ഡിപിഐ നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്.
Also Read: SDPI പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി രഹസ്യചർച്ച നടത്തി മുസ്ലിം ലീഗ്
നേതാക്കള്‍ ഒരുമിച്ച് നടന്നു വരികയും, മുറിയിലേക്ക് കയറുകയും പിന്നീട് തിരികെ പോവുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അമ്പത് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
തെരഞ്ഞെടുപ്പില്‍ സഹായം തേടി മുസ്ലീം ലീഗ് മുന്‍കൈ എടുത്താണ് ചര്‍ച്ച നടന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസിയാണ് പറഞ്ഞിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചയെ ചൊല്ലി ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുക എന്നത് ലീഗ് നേതൃത്വത്തിന് വെല്ലുവിളിയായേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.