കൊച്ചി: സിപിഎമ്മിൽ ഒരു പ്രവർത്തകനെയും ഒതുക്കാൻ സംഘടനാ തത്വമനുസരിച്ചു സാധിക്കില്ലെന്ന് സംസ്ഥാന സമിതി അംഗം പി ജയരാജൻ. സിപിഎമ്മിൽ പണ്ട് എന്തായിരുന്നുവോ അത് തന്നെയാണ് ഇപ്പോഴും താൻ. തന്നെ ഒതുക്കുക വലതുപക്ഷത്തിന്റെ ഉദ്ദേശമാണെന്നും സമകാലിക മലയാളം വാരികക്ക് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറയുന്നു. തന്റെ ജനകീയതയിൽ പാർട്ടിക്കുള്ളിൽ അസംതൃപ്തി ഉണ്ടാകേണ്ട കാര്യമില്ല. പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് പാർട്ടി നടത്തുന്ന പ്രവർത്തനങ്ങളിലാണ് താൻ പങ്കെടുക്കുന്നത്. പാർട്ടിക്ക് അതീതമായല്ല, പാർട്ടിക്ക് വിധേയമായ പ്രവർത്തനങ്ങളാണ് താൻ നടത്തുന്നതെന്നും ജയരാജൻ പറയുന്നു.
അഭിമുഖത്തിൽ ജയരാജൻ പറയുന്നത്- 'ഏതങ്കിലും പാർട്ടി പ്രവർത്തകനെ ഒതുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ തത്വമനുസരിച്ച് കഴിയില്ല. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഞാൻ മാറി. ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഞാനിപ്പോഴും ജില്ലയിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. സി ഒ ടി നസീറിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അകത്ത് വിഭാഗീയതയുണ്ടെന്നും തലശ്ശേരിയിലെ പാർട്ടിയെ കയ്യടക്കാൻ ഷംസീർ ശ്രമിക്കുന്നു, ഒരു ഭാഗത്ത് ഞാൻ ശ്രമിക്കുന്നുവെന്ന എന്നൊക്കെയുള്ള പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. അതിൽ ഇടപെടുന്നതിന്റെ ഭാഗമായി പാർട്ടിയെ പ്രതിരോധിക്കുന്നതിൽ ഞാനുണ്ട്. ആന്തൂർ നഗരസഭിലെ പ്രശ്നത്തിലും കോണ്‍ഗ്രസും ബിജെപിയും മുസ്ലിംലീഗും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന പാർട്ടി വിരുദ്ധ പ്രചാരവേലകൾ ചെറുക്കുന്നതിലും ഞാൻ മുൻപന്തിയിലുണ്ട്. എന്നെ ഒതുക്കുക എന്നത് വലതുപക്ഷത്തിന്റെ ഒരു ഉദ്ദേശ്യമാണ്. സിപിഎമ്മിനകത്ത് പണ്ടെന്തായിരുന്നോ ഞാൻ, അതുതന്നെയാണ് ഇപ്പോഴും ഞാൻ...
തന്റെ ജനകീയതയിൽ പാർട്ടിക്കുള്ളിൽ അസംതൃപ്തി ഉണ്ടാകേണ്ട കാര്യമില്ല. കാരണം പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് പാർട്ടി നടത്തുന്ന പ്രവർത്തനങ്ങളിലാണ് ഞാൻ പങ്കെടുക്കുന്നത്. പാർട്ടിക്ക് അതീതമായല്ല, പാർട്ടിക്ക് വിധേയമായ പ്രവർത്തനങ്ങളാണ് ഞാൻ നടത്തുന്നത്. ശത്രുക്കൾക്കെതിരായ ഉറച്ച നിലപാട് സ്വീകരിച്ചുകൊണ്ട് നടത്തുന്ന പ്രവർത്തനങ്ങൾ പാർട്ടി ബന്ധുക്കൾക്കിടയിൽ നല്ല പിന്തുണ എനിക്ക് ലഭ്യമാകാൻ ഇടയാകുന്നുണ്ട്. ജനങ്ങൾക്കിടയിൽ പാർട്ടി പ്രവർത്തൻ എന്ന നിലയ്ക്കുള്ള അംഗീകാരമാണത്. പാർട്ടിയുമായുള്ള ബന്ധം വിട്ടുകഴിഞ്ഞാൽ എനിക്ക് ഈ അംഗീകാരം കിട്ടുമോ? ...
സാന്ത്വന പരിചരണ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ഏറ്റവും വലിയ ജനകീയ പ്രവർത്തനം നടത്തുന്നത് സിപിഎം നേതൃത്വത്തിലുള്ള സാന്ത്വന പരിചരണ ജീവകാരുണ്യ പ്രസ്ഥാനമാണ്. അതിന്റെ മുൻപന്തിയിൽ ഞാനുണ്ട്. സ്വാഭാവികമായും ഇതിന്റെയെല്ലാം ഫലമായുള്ള അംഗീകാരമാണ് എനിക്ക് കിട്ടുന്നത്. കമ്മ്യൂണിസ്റ്റുകൾ വെള്ളത്തിലെ പരൽമീനിനെ പോലെയായിരിക്കണം. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയ്ക്കാണ് ഇത്തരത്തിൽ അംഗീകാരം കിട്ടുന്നത്. അത് പാർട്ടിയുടെ ഭാഗമായിട്ടാണ്.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.