‘മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നതിൽ സന്തോഷം, വകുപ്പുകൾ അറിയില്ല’: സജി ചെറിയാൻതിരുവനന്തപുരം: വീണ്ടും മന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെന്ന് സജി ചെറിയാന്. വകുപ്പുകൾ ഏതാണെന്ന് അറിയില്ലെന്നും അദേഹം പ്രതികരിച്ചു. മാറിനിന്ന കാലത്തും പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം നിർവ്വഹിച്ചിരുന്നതായും സജി ചെറിയാൻ പറഞ്ഞു.
സത്യപ്രതിജ്ഞ സംബന്ധിച്ച ഗവർണറുടെ തീരുമാനത്തിൽ ആശങ്ക ഉണ്ടോയെന്ന ചോദ്യത്തിന് തനിക്ക് ജീവിതത്തിൽ ആശങ്കയില്ലെന്നായിരുന്നു സജി ചെറിയാൻ പ്രതികരിച്ചത്. ഗവര്‍ണറുടെ വിയോജിപ്പിന് രാഷ്ട്രീയ നേതൃത്വം മറുപടി പറയുമെന്നും സജി ചെറിയാന് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് നാലു മണിക്കാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. രാജ്ഭവനിലെ പ്രത്യേക ഓഡിറ്റോറിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്. സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ഗവര്‍ണര്‍ വീണ്ടും നിയമോപദേശം തേടിയിരുന്നു. അറ്റോര്‍ണി ജനറല്‍ വെങ്കടരമണിയോടാണ് നിയമോപദേശം തേടിയത്. മന്ത്രിസ്ഥാനത്തേയ്ക്കു തിരിച്ചെത്തുമ്പോൾ സജി ചെറിയാൻ മുൻപ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം, എന്നീ വകുപ്പുകൾ തന്നെ അദ്ദേഹത്തിനു ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ധാർമികത മുൻനിർത്തിയാണ് മന്ത്രിസ്ഥാനം രാജി വച്ചതെന്ന് സജി ചെറിയാൻ നേരത്തെ പ്രതികരിച്ചിരുന്നു. താൻ കടിച്ചുതൂങ്ങി കിടന്നില്ലല്ലോയെന്ന് ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. താൻ നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. തന്റെ പേരിൽ കേസില്ലെന്നും സജി ചെറിയാൻ പറഞ്ഞു. പരാതികൾ നിലനിൽക്കുന്നതല്ലെന്നാണ് പോലീസ് കണ്ടെത്തിയത്. തടസ ഹർജിയിൽ കോടതി തുടർ നടപടി സ്വീകരിക്കും. സത്യപ്രതിജ്ജയെ കുറിച്ച് മുഖ്യമന്ത്രി പറയുമെന്നും ഇതുസംബന്ധിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
തനിക്കെതിരെ കേസില്ലെന്ന കാര്യം പഠിച്ചും മനസ്സിലാക്കിയുമാണ് പാര്‍ട്ടി മന്ത്രിസഭയില്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചതെന്നും സജി ചെറിയാന് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു സജി ചെറിയാൻ മാധ്യമപ്രവർത്തകരെ കണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.