• HOME
 • »
 • NEWS
 • »
 • kerala
 • »
 • Gold Smuggling|' അന്വേഷണം വഴിമുട്ടിക്കരുത് ': കേന്ദ്രസർക്കാരും ബിജെപിക്കും താക്കീതുമായി CPM മുഖപത്രം

Gold Smuggling|' അന്വേഷണം വഴിമുട്ടിക്കരുത് ': കേന്ദ്രസർക്കാരും ബിജെപിക്കും താക്കീതുമായി CPM മുഖപത്രം

അന്വേഷണം ആരിലേക്ക്‌ നീങ്ങിയാലും ഭയമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം യുഡിഎഫ്‌- ബിജെപി കേന്ദ്രങ്ങളുടെ ഉത്തരം മുട്ടിച്ചുവെന്നും ദേശാഭിമാനി

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്രസർക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തി സിപിഎം മുഖപത്രമായ ദേശാഭിമാനി. 'അന്വേഷണം വഴിമുട്ടിക്കരുത്' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിക്കുന്നത്. ഇന്ത്യയുമായി നല്ല ബന്ധമുള്ള രാജ്യമാണ്‌ യുഎഇ. എന്നിട്ടും നയതന്ത്ര മാർഗങ്ങളോ അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുടെ സഹായമോ ഉപയോഗിക്കാത്ത കേന്ദ്രനിലപാട്‌ തീർത്തും നിരുത്തരവാദപരമാണെന്നും പത്രം കുറ്റപ്പെടുത്തുന്നു.

  അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ചാനൽ ക്യാമറകൾക്കു മുമ്പിൽവന്ന്‌ താനല്ല പ്രതിയെന്ന്‌ പറഞ്ഞ ഫൈസൽ ഫരീദ്‌ മുങ്ങാനിടയാക്കിയത്‌ വിദേശമന്ത്രാലയം ഇടപെടാഞ്ഞതുകൊണ്ടാണ്‌. ഇയാളെ ഇന്ത്യയിലെത്തിച്ച്‌ ചോദ്യംചെയ്‌താൽമാത്രമേ അന്താരാഷ്ട്ര ബന്ധങ്ങൾ കണ്ടെത്താനാകുകയുള്ളൂ. സ്വർണമടങ്ങിയ നയതന്ത്രബാഗേജ്‌ തടഞ്ഞുവച്ച കസ്റ്റംസ്‌ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി വിവരം പുറത്തുവന്നിരുന്നു. എന്നിട്ടും മൊഴിയെടുപ്പിനുപോലും വഴങ്ങാതെ അറ്റാഷെ ഡൽഹിവഴി യുഎഇയിലേക്ക്‌ കടന്നു. കീഴുദ്യോഗസ്ഥനായ അഡ്‌മിൻ അറ്റാഷെയും കഴിഞ്ഞദിവസം ഇന്ത്യവിട്ടു. അന്വേഷണം യഥാർഥ കുറ്റവാളികളിലേക്ക്‌ എത്തരുതെന്ന്‌ ആഗ്രഹിക്കുന്ന ഒരു അധികാരകേന്ദ്രം ഇതിന്റെ പിന്നിലുണ്ടെന്ന്‌ ന്യായമായും സംശയിക്കാം. ഇവിടെയാണ്‌ സ്വർണം വന്നത്‌ നയതന്ത്രബാഗിലല്ലെന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പ്രസ്‌താവന ചേർത്തുവായിക്കേണ്ടത്‌- മുഖപ്രസംഗത്തിൽ പറയുന്നു.

  ഇരുരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും നയതന്ത്രകാര്യാലയങ്ങളിലും സ്വർണക്കടത്തിന്‌ കണ്ണികളുണ്ടെന്ന്‌ വ്യക്തമായിക്കഴിഞ്ഞു‌. അന്വേഷണം ഇവരിലേക്ക്‌ എത്തിക്കാൻ കസ്റ്റംസോ എൻഐഎയോമാത്രം വിചാരിച്ചാൽ സാധ്യമല്ല. ഇരു ഏജൻസിയും പ്രത്യേകമായി നടത്തുന്ന അന്വേഷണത്തിൽ സ്വർണം ഏറ്റുവാങ്ങലിലും കൈമാറ്റത്തിലും പങ്കാളികളായ പതിനഞ്ചിലേറെ പേർ പിടിയിലായി. യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥർ, മറ്റ്‌ ഇടനിലക്കാർ, ജ്വല്ലറി ഉടമകൾ, തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവർ തുടങ്ങിയവരാണ്‌ ഇക്കൂട്ടത്തിലുള്ളത്‌. ഇവരിൽ ചിലർക്ക്‌ ബിജെപിയുമായും യുഡിഎഫുമായും അടുത്ത ബന്ധമാണുള്ളത്‌. ഇത്തരം കണ്ണികൾ ഇനിയും ബാക്കിയുണ്ടാകും. എന്നാൽ, യുഎഇയിൽനിന്ന്‌ നയതന്ത്രബാഗിൽ സ്വർണം കടത്താൻ ഇവർമാത്രം വിചാരിച്ചാൽ സാധിക്കുകയില്ല. അതിന്‌ സഹായിച്ച വമ്പന്മാരെയാണ്‌ കണ്ടെത്തേണ്ടത്‌.

  TRENDING:Dulquer Salmaan | മികച്ച 'ബർഗർ ഷെഫിനൊപ്പം' പൃഥ്വിരാജ്; ദുൽഖറിന് പിറന്നാൾ ആശംസയുമായി താരങ്ങൾ[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]'ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണം; 55 വയസാക്കണം പ്രായപരിധി'; സജി ചെറിയാൻ എം.എൽ.എ[NEWS]

  ഇക്കാര്യം അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിനെ അറിയിക്കുകയും തുടർനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിട്ട്‌ രണ്ടാഴ്‌ച കഴിഞ്ഞു. വിദേശമന്ത്രാലയം ഇതുവരെയും ഇടപെട്ടതായി അറിവില്ല. എന്തിനേറെ, ദുബായ്‌ എയർപോർട്ടിൽനിന്ന്‌ സ്വർണം ഒളിപ്പിച്ച നയതന്ത്രബാഗ്‌ എമിറേറ്റ്‌സ്‌ വിമാനത്തിൽ കയറ്റിവിട്ട ഫൈസൽ ഫരീദ്‌ എവിടെയെന്നുപോലും എൻഐഎയ്‌ക്ക്‌ അറിയില്ല. ഇയാളുടെ പാസ്‌പോർട്ട്‌ റദ്ദാക്കാനും ലുക്ക്‌ഔട്ട്‌ നോട്ടീസും അറസ്റ്റ്‌വാറന്റും പുറപ്പെടുവിക്കാനും എൻഐഎ നടപടി സ്വീകരിച്ചത്‌ ഒരാഴ്‌ചമുമ്പാണ്‌. എന്നാൽ, ഇതൊക്കെ പ്രാവർത്തികമാക്കേണ്ടത്‌ വിദേശമന്ത്രാലയമാണ്‌.

  സാമ്പത്തിക കുറ്റകൃത്യം എന്നതിനപ്പുറം ഭീകരബന്ധവും രാജ്യദ്രോഹവും സംശയിക്കുന്ന കേസിൽ കേന്ദ്ര സർക്കാരും വിദേശ മന്ത്രാലയവും ഫലപ്രദമായി ഇടപെടേണ്ടതാണ്‌. അതുണ്ടാവുന്നില്ലെന്ന സംശയമാണ്‌ ഉയരുന്നത്‌. ഇവിടെ കേന്ദ്ര ഭരണകക്ഷിയുടെ ദുഷ്ടലാക്ക്‌ വ്യക്തമാണ്‌. സ്വർണക്കടത്തിന്റെ കണ്ണികളിൽ ചിലർക്കുള്ള ബിജെപി ബന്ധം രഹസ്യമല്ല. ബാഗേജ്‌ വിട്ടുകിട്ടാൻ കാവിബന്ധമുള്ള ട്രേഡ്‌ യൂണിയൻ നേതാവ്‌ കസ്റ്റംസിൽ ഇടപെട്ടതും പ്രതി സന്ദീപിന്‌ ബിജെപി നേതാക്കളുമായുള്ള അടുപ്പവും പുറത്തുവന്നിട്ടുണ്ട്‌. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോയാൽ കേന്ദ്ര ഭരണകക്ഷിയുടെ മുഖം കൂടുതൽ വികൃതമാക്കപ്പെടുമെന്ന്‌ അവർ ഭയക്കുന്നു. അതോടൊപ്പം ഈ കേസിനെ തങ്ങളുടെ ഹുന്ദുത്വ അജൻഡയ്‌ക്കൊത്ത്‌ ഉപയോഗിക്കുക, കേസിനെ എൽഡിഎഫ്‌ സർക്കാരിനെതിരായ ആയുധമാക്കുക ഇതൊക്കെയാണ്‌ ബിജെപിയുടെ മനസ്സിലിരിപ്പെന്നും കുറ്റപ്പെടുത്തുന്നു.

  രാഷ്ട്രീയ വനവാസം ഭയക്കുന്ന യുഡിഎഫിനാകട്ടെ പ്രതിപ്പട്ടികയിൽ കൂടുതൽ പേരുകൾ വരുമ്പോൾ ആധിയാണെന്ന് പറയുന്ന മുഖപ്രസംഗത്തിൽ, സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളും അക്കമിട്ട് നിരത്തുന്നു. സ്വർണക്കടത്ത്‌ കേസിന്‌ ‌മുഖ്യമന്ത്രിയും എൽഡിഎഫ്‌ സർക്കാരും ക്രിയാത്മക പിന്തുണയാണ്‌ തുടക്കംമുതൽ നൽകിവരുന്നത്. പ്രതികളുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയ ഐഎഎസ്‌ ഉദ്യോഗസ്ഥൻ എം ശിവശങ്കറിനെ ചുമതലകളിൽനിന്ന്‌ മാറ്റി സസ്‌പെൻഡ്‌ ചെയ്‌തു. സ്വതന്ത്ര അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസും എൻഐഎയും ആ ഉദ്യോഗസ്ഥനെ നിരവധിതവണ ചോദ്യം ചെയ്‌തുകഴിഞ്ഞു. അന്വേഷണം ആരിലേക്ക്‌ നീങ്ങിയാലും ഭയമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം യുഡിഎഫ്‌- ബിജെപി കേന്ദ്രങ്ങളുടെ ഉത്തരം മുട്ടിച്ചിട്ടുണ്ടെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നു.
  Published by:Rajesh V
  First published: