• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM State Committee|ശക്തമായ രാഷ്ട്രീയ ബന്ധങ്ങൾ, ഒപ്പം ഊഷ്മളമായ കുടുംബ ബന്ധങ്ങളും; സമ്പന്നമാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി

CPM State Committee|ശക്തമായ രാഷ്ട്രീയ ബന്ധങ്ങൾ, ഒപ്പം ഊഷ്മളമായ കുടുംബ ബന്ധങ്ങളും; സമ്പന്നമാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി

ഭാര്യാ- ഭര്‍ത്താക്കന്മാരായ രണ്ടുപേര്‍. ഭാര്യാ പിതാവിനൊപ്പം രണ്ട് മരുമക്കള്‍. ഇങ്ങനെ നിരവധി സവിശേഷതകളുണ്ട് സിപിഎമ്മിന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയില്‍

  • Share this:
കൊച്ചി: ഭാര്യാ- ഭര്‍ത്താക്കന്മാരായ രണ്ടുപേര്‍. ഭാര്യാ പിതാവിനൊപ്പം രണ്ട് മരുമക്കള്‍. ഇങ്ങനെ നിരവധി സവിശേഷതകളുണ്ട് സിപിഎമ്മിന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയില്‍ (CPM New State Committee). പണ്ട് എ. കെ. ജി യും, സുശീല ഗോപാലനുമായിരുന്നു സി. പി. എം സംസ്ഥാന കമ്മിറ്റിയിലെ നേതൃദമ്പതികള്‍. ഇക്കുറി സമാനമായ  ഭാര്യാ ഭര്‍ത്താക്കന്‍മാരുണ്ട് സംസ്ഥാന കമ്മിറ്റിയില്‍.

കോഴിക്കോട് നിന്നുള്ള പി. മോഹനന്‍ നേരത്തെ തന്നെ സംസ്ഥാന കമ്മറ്റിയിലുണ്ട്. ഭാര്യ കെ. കെ. ലതികയെ പുതിയതായി സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. നിലവിൽ സി. പി. എം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് പി. മോഹനൻ. കെ. കെ. ലതിക ജില്ലാ സെക്രട്ടറിയേറ്റംഗവും.

മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ കൂടിയായ മന്ത്രി മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ട്. ഇതുപോലെ മറ്റൊരു പിതാവും മരുമകനുമുണ്ട് സംസ്ഥാന കമ്മിറ്റിയില്‍. പനോളി വത്സനും മരുമകനും രാജ്യസഭാംഗവുമായ പി ശിവദാസും. കുടുംബന്ധങ്ങളും  പാര്‍ട്ടി ബന്ധങ്ങളും രണ്ടാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കുടുംബ ബന്ധങ്ങൾ ഉണ്ടാകുന്നതിന് മുൻപേ സജീവമായി പാർട്ടി രംഗത്ത് ഉണ്ടായിരുന്നവരാണ് നേതൃനിരയിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read-P Jayarajan| 'എന്ത് പദവി കിട്ടുമെന്നതല്ല; എടുക്കുന്ന നിലപാടാണ് പ്രധാനം': സിപിഎം നേതാവ് പി ജയരാജൻ

പാര്‍ട്ടിയില്‍ ഇനിയുമുണ്ട് ഇങ്ങനെയുള്ള ബന്ധങ്ങള്‍. സംസ്ഥാന കമ്മിറ്റിയിലുള്ള പി. സതിദേവീയും, പി. ജയരാജനും സഹോദരങ്ങളാണ്. ഇ പി ജയരാജനൊപ്പം ഭാര്യാ സഹോദരിയായ പി കെ ശ്രീമതിയും സെക്രട്ടറിയേറ്റിലുണ്ട്. സമ്മേളനം 88 അംഗ സംസ്‌ഥാന കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ഇതിൽ 16 പേർ പുതുമുഖങ്ങളും 13 പേർ വനിതകളുമാണ്‌.

17 അംഗ സെക്രട്ടറിയറ്റിനേയും 5 അംഗ കൺട്രോൾ കമ്മീഷനെയും തെരഞ്ഞെടുത്തു. എം എം വർഗീസ്‌, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, സി വി വർഗീസ്‌, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്‌, കെ എസ്‌സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്‌, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ്‌ പുതുമുഖങ്ങൾ.

നിലവിലുള്ള കമ്മിറ്റിയിൽനിന്ന്‌ 16 പേരെ ഒഴിവാക്കിയിട്ടുണ്ട്‌. പി കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്‌, എം എം മണി, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, ജി സുധാകരൻ, കോലിയക്കോട്‌ കൃഷ്‌ണൻനായർ, സി പി നാരായണൻ, ജെയിംസ്‌ മാത്യൂ. ഗിരിജ സുരേന്ദ്രൻ, കെ വി രാമകൃഷ്‌ണൻ , പി പി വാസുദേവൻ, കെ പി സഹദേവൻ   എന്നിവരാണ്‌ ഒഴിവായത്‌.

പ്രത്യേക ക്ഷണിതാക്കളായി വി എസ്‌ അച്യുതാനന്ദൻ, വൈക്കം വിശ്വൻ, പി കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്‌, എം എം മണി എന്നിവരെയും ക്ഷണിതാക്കളായി ജോൺ ബ്രിട്ടാസ്‌, ബിജു കണ്ടക്കൈ എന്നിവരെയും തെരഞ്ഞെടുത്തു.
Published by:Naseeba TC
First published: