സിപിഎമ്മിൽ പ്രായോഗികതയുടെയും സൈദ്ധാന്തികതയുടെയും മുഖമാണ് എം വി ഗോവിന്ദൻ (M. V. Govindan). കാർക്കശ്യമുള്ള നിലപാടുകൾ സൗമ്യമായി അവതരിപ്പിക്കുന്നതിൽ വിദഗ്ധൻ. എതിരാളികൾ പോലും മാഷെന്നും മാസ്റ്റെറും വിളിക്കുന്ന എംവി ഗോവിന്ദൻ സിപിഎമ്മിനുള്ളിലെ ക്രൈസിസ് മാനേജർ കൂടിയാണ്.
കർഷക സമരഭൂമിയായ മൊറാഴയിൽ നിന്നാണ് എം വി ഗോവിന്ദൻ സിപിഎമ്മിനെ നയിക്കാനെത്തുന്നത്. DYFIയുടെ ആദ്യരൂപമായ KSYFലൂടെയാണ് രാഷ്ട്രീയ പ്രവേശം. പിന്നീട് DYFI രൂപീകരണവേളയിൽ സംസ്ഥാന പ്രസിഡന്റായി. തളിപ്പറമ്പ് ഇരിങ്ങൽ യു പി സ്കൂളിൽ കായികാധ്യാപകനായിരുന്നപ്പോഴും രാഷ്ട്രീയം തന്നെയായിരുന്നു ജീവവായു. ജീവിതമാകെ അടിമുടി രാഷ്ട്രീയമായപ്പോൾ ജോലി ഉപേക്ഷിച്ചു.
Also Read- എംവി ഗോവിന്ദൻ CPM സംസ്ഥാന സെക്രട്ടറി; കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞു
അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസവും പോലീസ് മർദ്ദനവും എംവി ഗോവിന്ദൻ എന്ന രാഷ്ട്രീയ നേതാവിനെ കൂടുതൽ കരുത്തനാക്കി. പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയെന്ന റോളിൽ ഗോവിന്ദൻ മാഷ് തിളങ്ങി. വിഭാഗീതയിൽ തളർന്ന എറണാകുളം ജില്ലാ കമ്മിറ്റിയെ ശക്തിപ്പെടുത്താൻ പാർട്ടി നിയോഗിച്ചത് ഗോവിന്ദൻ മാഷെയായിരുന്നു. 1991 മുതൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. 1996 മുതൽ 2006 വരെ തളിപ്പറമ്പിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീണ്ടും നിയസഭയിലെത്തിയ എംവി ഗോവിന്ദൻ പിണറായി മന്ത്രിസഭയിൽ രണ്ടാമനാണ്. ഹൈദരാബാദിലെ പാർട്ടി കോൺഗ്രസിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗമായി. പഠിച്ചതും പഠിപ്പിച്ചതും കായികമാണെങ്കിലും പാർട്ടി സൈദ്ധാന്തിക സദസുകളിലെ സ്ഥിര സാന്നിധ്യം.
ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്ന എം വി ഗോവിന്ദൻ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kodiyeri balakrishnan, M V Govindan