ശബരിമല; തിടുക്കമില്ല; സിപിഎമ്മും' റെഡി ടു വെയിറ്റ്': ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചില്ല

കഴിഞ്ഞ വർഷം വിധി വന്നയുടൻ അതിനെ സ്വാഗതം ചെയ്ത സിപിഎം ഇത്തവണ ഒരു ദിവസം കഴിഞ്ഞിട്ടും ഔദ്യോഗിക നിലപാട് പ്രഖ്യാപനത്തിന് തയാറായിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്ത ശേഷവും വാർത്താക്കുറിപ്പ് പോലും പുറത്തിറക്കിയിട്ടില്ല.

news18-malayalam
Updated: November 15, 2019, 4:58 PM IST
ശബരിമല; തിടുക്കമില്ല; സിപിഎമ്മും' റെഡി ടു വെയിറ്റ്': ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചില്ല
News18
  • Share this:
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന പുനഃപരിശോധന ഹർജികളിലെ വിധിയിൽ വ്യക്തത വരുംവരെ സ്ത്രീ പ്രവേശനം വേണ്ടെന്ന് സിപിഎം. സുപ്രിംകോടതി വിധിയിൽ അവ്യക്തതകൾ ഏറെയാണ്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് പോലും ഏകാഭിപ്രായത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. അതിനാൽ വ്യക്തതയ്ക്കു വേണ്ടി നിയമോപദേശം തേടാൻ സർക്കാരിനോട് പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ, തിടുക്കപ്പെട്ട ഒരുനടപടിയും ഈ വിഷയത്തിൽ ഉണ്ടാകരുത്. അവധാനതയോടെ കാര്യങ്ങൾ കാണണമെന്നും നേതാക്കളുടെ പ്രതികരണങ്ങൾ ജാഗ്രതയോടെ വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു.

കോടതി വ്യക്തമാക്കട്ടെ

മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തിലായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നത്. വിധി വന്ന ശേഷം മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തോടു ചേർന്നു നിൽക്കുന്ന ചർച്ചകളാണ് സെക്രട്ടേറിയറ്റിലും ഉണ്ടായത്. വിധിയിൽ വ്യക്തത തേടി സംസ്ഥാന സർ‌ക്കാർ കോടതിയെ സമീപിക്കേണ്ട കാര്യമില്ല. വ്യക്തത വേണമെങ്കിൽ ഹർജിക്കാർ തന്നെ കോടതിയെ സമീപിക്കട്ടെ. അപ്പോൾ ബാക്കി കാര്യങ്ങൾ തീരുമാനിക്കാം. ദർശനത്തിന് യുവതികൾ വന്നാൽ കോടതി ഉത്തരവിലെ ആശയക്കുഴപ്പം അവരെ ബോധ്യപ്പെടുത്താൻ പൊലീസ് ശ്രമിക്കും. എന്നിട്ടും ദർശനം വേണമെന്ന നിലപാട് സ്വീകരിക്കുന്നവരോടു കോടതി ഉത്തരവുമായി വരാൻ ആവശ്യപ്പെടാനണ് ധാരണ.

ഒട്ടും തിടുക്കമില്ല

കഴിഞ്ഞ വർഷം വിധി വന്നയുടൻ അതിനെ സ്വാഗതം ചെയ്ത സിപിഎം ഇത്തവണ ഒരു ദിവസം കഴിഞ്ഞിട്ടും ഔദ്യോഗിക നിലപാട് പ്രഖ്യാപനത്തിന് തയാറായിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്ത ശേഷവും വാർത്താക്കുറിപ്പ് പോലും പുറത്തിറക്കിയിട്ടില്ല. പ്രധാന പ്രശ്നങ്ങളിൽ‌ സിപിഎമ്മിന്റെ ഇത്തരത്തിലുള്ള മൗനം അസാധാരണമാണ്.

കാത്തിരിക്കുന്നത് എന്തുകൊണ്ട് ?

ഇപ്പോഴത്തെ വിധിയിൽ കരുതലോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും ശബരിമലയിൽ യുവതീ പ്രവേശനം ആകാമെന്ന പ്രഖ്യാപിത നിലപാടിൽ നിന്ന് സിപിഎം പിന്നോട്ടു പോകില്ല. 2018 സെപ്തംബർ 28ലെ സുപ്രീംകോടതി വിധിയെ തള്ളിപ്പറയുകയും ചെയ്യില്ല. ലിംഗസമത്വത്തിന്റെ വിഷയത്തിൽ സ്ത്രീകൾക്കൊപ്പം തന്നെ പാർട്ടി നിൽക്കുമെന്നും വ്യക്തതയില്ലാത്ത വിധിയായതിനാലാണ് ഇപ്പോൾ ഇത്തരമൊരു സമീപനമെന്നും നേതൃത്വം വിശദീകരിക്കുന്നു.

ഗുണപാഠം : അതിവേഗം ആപത്ത്

ഒരുതരത്തിലും വിശ്വാസികളെ പോറലേല്പിക്കുന്ന നടപടികൾ പാടില്ലെന്ന കർശന തീരുമാനമാണ് ഈ മൗനത്തിനു പിന്നിൽ‌. കഴിഞ്ഞ തവണയുണ്ടായതുപോലെ വിശ്വാസത്തിന്റെ പേരിലുള്ള മുതലെടുപ്പ് അനുവദിക്കില്ലെന്നും സിപിഎം പറയുന്നു. ശബരിമലയിൽ യുവതീ പ്രവേശന വിധി വന്നപ്പോൾ അതിനെ സിപിഎം സ്വാഗതം ചെയ്യുകയും സർക്കാർ അതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. തിടുക്കപ്പെട്ട ആ നടപടികൾ തിരിച്ചടിയായെന്ന് പിന്നീട് സിപിഎം തുറന്നു പറഞ്ഞു. ശബരിമല തൊട്ടാൽ പൊള്ളുന്ന വിഷയമാണെന്ന് സിപിഎം തിരിച്ചറിഞ്ഞത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ്.

Also Read 'ആക്ടിവിസം പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമല'; സർക്കാർ സംരക്ഷണത്തിൽ സ്ത്രീകളെ കയറ്റില്ലെന്ന് മന്ത്രി കടകംപള്ളി

വിശ്വാസികളുടെ മനസ്സിനേറ്റ മുറിവ് ഉണക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ ആറുമാസമായി പാർട്ടി. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളോടെ വിശ്വാസികളുടെ പിന്തുണ ഒരു പരിധിവരെ തിരിച്ചു പിടിക്കാനായെന്നും സിപിഎം ആശ്വസിക്കുന്നു. ആ അനുകൂല സാഹചര്യം നഷ്ടപ്പെടുത്തുന്ന ഒരു നടപടിയും പാർട്ടിയോ സർക്കാരോ സ്വീകരിക്കരുതെന്നാണ് സിപിഎമ്മിലുണ്ടായിട്ടുള്ള ധാരണ. ​

First published: November 15, 2019, 4:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading